ഞങ്ങളുടെ  നീട്ടിയെഴുത്തുകൾ

World of Letters

ഞങ്ങളുടെ നീട്ടിയെഴുത്തുകൾ


സത്യവും മിഥ്യയും കൂടിക്കുഴഞ്ഞു കിടക്കുന്ന കൊടുങ്ങല്ലൂരിന്റെ ജൈവമണ്ണിൽനിന്ന് ഒരു ജനിതകത്തരി പാറിവീണ് ഉരുവായവളാണ് ഈ ഞാനും. ചരിത്രവും മിത്തുകളും രത്‌നശേഖരങ്ങളായി കുമിഞ്ഞുകിടക്കുന്ന തിരുവഞ്ചിക്കുളമെന്ന കൊടുങ്ങല്ലൂർ. പുഴയും കായലും അതിരിടുന്നയിടം. ചേരൻചെങ്കുട്ടവനും കണ്ണകിയും പെരുമാളും മാത്രമല്ല, സോളമനും ഷേബാരാജ്ഞിയും അതിന്റെ അനഘശേഖരത്തിലുണ്ട്. ബൗദ്ധരും ജൂതരും അറബികളും റോമാക്കാരും പറങ്കികളും ഡച്ചുകാരും ടിപ്പുവും നൂറ്റാണ്ടുകളിലൂടെ, സഹസ്രാബ്ദങ്ങളിലൂടെ നീണ്ടുകിടക്കുന്ന അതിന്റെ കാലക്കടലാസിൽ സൗഹാർദ്ദത്തിന്റെയും പകയുടെയും പടയോട്ടങ്ങളുടെയും മുദ്രകളായി പതിഞ്ഞുകിടപ്പുണ്ട്.

ചരിത്രമെന്നു പറയുന്നവയിലേറെ സങ്കല്പങ്ങളെന്നാകിൽ ഇത്രയേറെ കാല്പനികസാധ്യത ഈ തുറമുഖ പട്ടണത്തിനുണ്ടായതിലെ കൗതുകം എന്നെ കീഴ്‌പ്പെടുത്തുന്നു. അല്ലെങ്കിലും ചരിത്രത്തിന്റെ നിരാർദ്രയുക്തികളെക്കാൾ മഹോദയപുരമെന്ന ചേരതലസ്ഥാനത്തേക്കും മുസ്‌രിസിലേക്കും കാലത്തിന്റെ പുകമഞ്ഞിനെ സൗമ്യമായി തുളച്ചുപോകുന്ന കാഞ്ചനസേതുവിന്റെ ചാരുതയാണെനിക്കേറെയിഷ്ടം. അവിടെയതാ പ്രാചീന പാതകളിലൂടെ രഥങ്ങളുരുളുന്നു. തുറമുഖത്ത് പായക്കപ്പലുകളിൽ കുന്തിരിക്കവും അത്തറും അറബികളും വന്നിറങ്ങുന്നു. കുരുമുളകുഗന്ധമുയരുന്ന ചാക്കുകളും തേക്കിൻതടികളും കപ്പലുകളിലേക്ക് കയറ്റുന്നതിന്റെ ആരവങ്ങളുയരുന്നു. റോമൻ നാണയക്കിഴികൾ കിലുങ്ങുന്നു. മൊരിഞ്ഞ റൊട്ടിക്കവിളുകളുള്ള ജൂതനേതാവ് സമുദായാംഗങ്ങളെ കുടിയിരുത്താനും സിനഗോഗിനുമുള്ള മണ്ണിനനുമതി തേടി രാജാവിനെ കൺപാർക്കാൻ ക്ഷമയോടെ കാത്തുനിൽക്കുന്നു... ഒരു കയ്യിൽ വെട്ടിയരിഞ്ഞ ചോരയൊലിക്കുന്ന മുലയും മറുകയ്യിൽ വാളുമായി കണ്ണുകളിലഗ്നിനിറച്ച് കൂവിയാർത്തു മലയിറങ്ങിവരുന്നവളുടെ ആർത്തനാദം അതിന്റെ സിരകളെ ഒരുവട്ടം കൂടിയതാ വിറപ്പിക്കുന്നു! അവളെ അനുനയിപ്പിച്ച് പൊലക്കാവിൽ കുടിയിരുത്തുന്ന കീഴാളന്റെ പാട്ടിന്റെയീണങ്ങൾ അവിടമെല്ലാം ഒഴുകിപ്പടരുന്നു. രാജശാസനത്തിന്റെ കപടസദാചാരവാദങ്ങളേ, നിങ്ങളെ ഞങ്ങളിതാ തള്ളിപ്പറയുന്നു...

നൂറ്റാണ്ടുകൾക്കിപ്പുറം ഈ ഞാൻ. കുഞ്ഞുടുപ്പിട്ട എന്റെ കൊടുങ്ങല്ലൂരോർമ്മകൾ കായൽപ്പരപ്പും ചങ്ങാടവും ചീനവലകളും എടവിലങ്ങുമുക്കിലെ പായച്ചന്തയും ചകിരിച്ചൂരും പിന്നെ, അഞ്ചങ്ങാടിയിലെ വെള്ളമണൽപ്പരപ്പിൽ വന്നുതൊട്ടു ചിരിച്ചാർത്തു പിൻവാങ്ങുന്ന കടലിന്റെ കുസൃതികളുമാണ്. പടിപ്പുരയും പത്തായപ്പുരയും നടുമുറ്റവും കുളങ്ങളുമുള്ള തറവാടുവീടും പറമ്പും നൽകുന്ന വേനൽക്കാല സ്വാതന്ത്ര്യവും അതിരില്ലാത്ത ഭാവനകളുമാണ്. താലപ്പൊലിച്ചന്തയിൽനിന്ന് മകരത്തണുപ്പുള്ള രാത്രികളിൽ ചില്ലറക്കാശിന് നാഴികളിൽ കോരിനിറച്ചുകിട്ടുന്ന പൊരിയുടെ ധാരാളിത്തവും കനമില്ലായ്മയുമാണ്. തിരുതയുടെയും കണമ്പിന്റെയും രുചിനിറഞ്ഞ ഊണോർമ്മകളുമാണ്. ദശകങ്ങൾക്കു മുമ്പ് അവിടെയൊക്കെ കാൽത്തളയിട്ടു കിലുക്കി നടന്നിരുന്ന 'നീട്ടിയെഴുത്തുകളി'ലെ അയിഷുവിന്റെ മുഖമുള്ള ഉമ്മയുടെ ബാല്യത്തെപ്പറ്റി അന്നു ഞങ്ങൾക്കു പൊട്ടുംപൊടിയും മാത്രമേ കിട്ടിയിരുന്നുള്ളൂ. കിട്ടിയവയൊക്കെ ഞങ്ങൾക്കു കഥകൾ മാത്രമായിരുന്നുതാനും. അവർക്കൊരു ബാല്യമുണ്ടായിരുന്നു എന്നുപോലും യഥാർത്ഥത്തിൽ ഞങ്ങൾ വിശ്വസിച്ചിരുന്നുവോ?


Related Articles