തിരിച്ചുപോകാൻ കഴിയുമെങ്കിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ഒരിടം എല്ലാവരുടെയും ജീവിതത്തിലുണ്ടാകും എന്നാണു പറയപ്പെടുന്നത്. എന്റെ കാര്യത്തിൽ, അതു കുന്നത്തൂർ ആണ്. എന്റെ അച്ഛന്റെ നാട്. കൊപ്പാറ എന്ന അച്ഛന്റെ വീട്. എന്റെ മണ്ണ് എന്നു തോന്നിയിട്ടുള്ള ഒരേ ഒരിടം. എന്റെ എല്ലാ നല്ല ഓർമകളും കുന്നത്തൂരുമായി ബന്ധപ്പെട്ടതാണ്. ജീവികളെ വ്യക്തികളായി കാണാൻ പഠിച്ചത് അവിടെനിന്നാണ്. അവിടെ പട്ടിക്കും പശുവിനും പക്ഷിക്കും പുഴുവിനും ഒക്കെ പറയാൻ കഥകളുണ്ടായിരുന്നു. അവിടുത്തെ ഓരോ മരത്തിനും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടായിരുന്നു. ഭൂമിയുടെ ഓരോ കോണിലും ഓരോരോ മനുഷ്യരുടെ ജീവിതസ്മരണകളുണ്ടായിരുന്നു.
അമ്മ വായിച്ചുതന്ന "കുട്ടിക്കഥകളും ചിത്രങ്ങളും’ എന്ന വി. സുത്യയേവിന്റെ പുസ്തകവും കുന്നത്തൂരിലെ പ്രകൃതിയും പരസ്പരപൂരകങ്ങളും ഒന്നു മറ്റൊന്നിനു തെളിവുമായി. ഭാവനയും ജീവിതവും ഒന്നായി അലിഞ്ഞുചേർന്ന ഇടമായതുകൊണ്ടാകാം, ഓർമയിലുള്ള കുന്നത്തൂർ നേരിലുള്ളതിനെക്കാൾ അലൗകികമാകുന്നത്.
അച്ഛന്റെ അമ്മ ഭവാനിപ്പിള്ളയും അച്ഛന്റെ ഏറ്റവും ഇളയ സഹോദരിമാർ രമ അപ്പച്ചിയും ഗിരിജ അപ്പച്ചിയും വാസുദേവൻ കൊച്ചച്ഛനും ഉണ്ടായിരുന്ന വീട്ടിലായിരുന്നു എന്റെ ശൈശവവും ബാല്യവും കൗമാരവും. ഞാൻ അച്ഛന്റെ അമ്മയെ അമ്മൂമ്മ എന്നല്ല, അമ്മ എന്നാണു വിളിച്ചത്.
