ഈ വർഷം തണുപ്പുകാലം അല്പം നേരത്തേ എത്തിയതുപോലുണ്ട്. തന്നോടൊപ്പം രാത്രി കഴിച്ചുകൂട്ടി ക്ഷീണിച്ച് മടിയോടെ ചുരുണ്ടുകൂടിയ തളിരിലകളെ മൃദുവായി ഉമ്മവച്ചുകൊണ്ട് ഹേമന്തത്തിലെ മഞ്ഞ് ഉദയസൂര്യനെ വരവേല്ക്കുന്നതായി എനിക്കു തോന്നി. വീണ്ടും തിരിച്ചെത്തുന്നതുവരെ തന്റെ ഓർമ്മയ്ക്കായി സൂക്ഷിക്കാൻ ചില മഞ്ഞുതുള്ളികളെ ആ ഇലകളിൽ ശേഷിപ്പിച്ചു പോയി. ഒരു മഞ്ഞത്താലിപ്പക്ഷി നിശ്ശബ്ദമായി മുല്ലവള്ളിയുടെ ചുവട്ടിൽ ധാന്യമണികൾ തിരയുന്നുണ്ടായിരുന്നു. പൂജയ്ക്കായി ചെമ്പരത്തിപ്പൂക്കൾ പറിക്കാൻ മുറ്റത്തിറങ്ങിയ എനിക്ക് അതിനു മനസ്സുവന്നില്ല. ഉറക്കം വിട്ടുമാറാതെ, അമ്മയുടെ അരികിൽനിന്ന് മാറാൻ മടിച്ചുനിൽക്കുന്ന കൊച്ചുകുട്ടികളെപ്പോലെയായിരുന്നു ആ ചെമ്പരത്തിപ്പൂക്കൾ.
“ഗുഡ് മോണിങ്, സാരിക! രാവിലത്തെ പൂജയൊക്കെ ഇപ്പോഴേ കഴിഞ്ഞോ?”
ഞാൻ വീട്ടിലേക്കു കയറാൻതുടങ്ങിയപ്പോൾ ചോദ്യം വന്നു. ഞങ്ങളുടെ കോളനിയിൽതന്നെ താമസിക്കുന്നവരാണ്. തണുപ്പടിക്കാതിരിക്കാൻ മഫ്ലറും തൊപ്പിയുമൊക്കെ ധരിച്ച് അവർ പാർക്കിലേക്കു നടക്കാനുള്ള പുറപ്പാടിലാണ്. പൂക്കളില്ലാതെ പൂജ പൂർത്തിയാക്കി ഞാൻ അടുക്കളപ്പണിയിലേക്കുകടന്നു. എന്റെ വിദ്യാർത്ഥികൾക്കു പരീക്ഷാക്കാലം തുടങ്ങുകയായിരുന്നു. അവർക്ക് അതിനെക്കുറിച്ച് എന്താണുതോന്നുന്നതെന്ന് എനിക്കറിയില്ല. എന്നാൽ പരീക്ഷയെന്നുകേട്ടാൽ എനിക്ക് എപ്പോഴും സമ്മർദ്ദമാണ്. ക്ലോക്കിലേക്കുനോക്കി. അപ്പോഴേക്കും ആറര കഴിഞ്ഞിരുന്നു. അടുത്തെവിടെനിന്നോ പതുക്കെ സംഗീതം കേൾക്കുന്നുണ്ട്. അതുവരെ ജോലിയിലായിരുന്നതുകൊണ്ട് ഞാനതു ശ്രദ്ധിച്ചതേയില്ല.
