ആദ്യമായി നാടുവിട്ട് തഞ്ചാവൂർ ക്ഷേത്രത്തിലെത്തിയ നാൾ പൂജാരി എന്റെ നെറ്റിയിൽ ചുവന്ന തിലകം ചാർത്തിയിരുന്നു. അത് ഞാൻ ഏറെ നേരം കൊണ്ടുനടക്കുകയും ചെയ്തിരുന്നു. അതിനുശേഷം എത്രയോ നാടകങ്ങളിൽ നായരായും നമ്പൂതിരിയായും ചെറുമനായും കള്ളാടിയായും അഭിനയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കുറിവരയ്ക്കുകയും പൂജ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്തിനേറെ ഒട്ടുമിക്ക സംസ്കൃത ശ്ലോകങ്ങളും കഷ്ടപ്പെട്ട് മനപ്പാഠമാക്കി ചൊല്ലി നടന്ന ഒരു കാലം വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നോ രണ്ടോ സ്തുതികളും മന്ത്രങ്ങളും മാത്രമേ ഹൃദയത്തിൽ ബാക്കിയുള്ളൂ.
കഴുത്തിനു നേരേ കത്തി നീട്ടി അള്ളാഹു അക്ബർ പറയാനോ ജയ് ശ്രീറാം വിളിക്കാനോ പറയുന്നതിന്റെ യുക്തി എന്താണ്? അങ്ങനെ നിർബന്ധിച്ച് ചെയ്യിക്കുന്നതുകൊണ്ട് എന്ത് ആനന്ദമാണ് അവർക്ക് ലഭിക്കുന്നത്? അങ്ങനെ ഭീഷണിപ്പെടുത്തി ഒരാളെക്കൊണ്ട് പറയിക്കുമ്പോൾ അയാൾ ഹൃദയത്തിൽ തട്ടിയാണോ അത് പറയുന്നുണ്ടാവുക? അതൊരുതരം പ്രാക്ക് ആയിരിക്കില്ലേ? എന്റെ നേരേ ഇതുപോലെ ആരെങ്കിലും കത്തി നീട്ടിയാൽ ഞാൻ അപ്പോൾത്തന്നെ അവരാവശ്യപ്പെടുന്നത് വിളിക്കും. ജീവനാണല്ലോ ഏറ്റവും പ്രധാനം. ജീവനുവേണ്ടി നീ നിന്റെ വിശ്വാസത്തെ തള്ളിപ്പറയുമോ എന്നുള്ള ചോദ്യവുംകൊണ്ട് ആരും വരേണ്ടതില്ല. ദൈവം നോക്കുന്നത് നമ്മുടെ ഹൃദയത്തിലേക്കാണ്, നാക്കിലേക്കല്ല. ദൈവം നാക്കിലേക്കാണ് നോക്കുന്നതെങ്കിൽ നമ്മൾ എല്ലാവരും എന്നേ വാഗ്ദത്ത സ്വർഗ്ഗത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ടായിരിക്കും.
കാമാഖ്യദേവീക്ഷേത്രത്തിൽ അംബുബച്ചി മേളയുടെ അവസാനത്തെ പകലറുതിയാണ്. പെരുമ്പറകൾ തോളിലിട്ട് ഒരു പ്രത്യേക താളത്തിൽ മുഴക്കുന്നതനുസരിച്ച് ദേവക്കോലങ്ങൾ ചുവടുവെക്കുന്നു. ദേഹമാകെ സിന്ദൂരം വാരിപ്പൊത്തി കൈയിലും കഴുത്തിലും പൂമാലകൾ ചാർത്തി വില്ലും വാളും കൈയിലേന്തി ഒരുപാട് ഭൂതക്കോലങ്ങൾ. അവരുടെ മുഖഭാവങ്ങൾ കാണുമ്പോൾത്തന്നെ പേടിയാകും. ഇവിടെ നടക്കുന്ന ദിയോദനി മേളയിൽ പ്രധാന വഴിപാട് പ്രാവുകളാണ്. ദേവിക്ക് സമർപ്പിക്കുന്ന പ്രാവുകളുടെ കഴുത്ത് കടിച്ച്, തലതുപ്പി, രക്തം മുഴുവൻ ഊറ്റിക്കുടിക്കും. അവർ അങ്ങനെ രക്തം കുടിക്കുമ്പോൾ കണ്ടുനിൽക്കുന്നവരിൽ പലരും ഉറഞ്ഞു തുള്ളുന്നത് പതിവാണ്. കാമാഖ്യയിലെ പ്രധാന ബലി ആടുകളാണ്. ആണാടുകളെ മാത്രമേ ബലി കൊടുക്കാൻ പാടുള്ളൂ. ക്ഷേത്രത്തോട് ചേർന്ന ബലിപ്പുരയ്ക്ക് ചുറ്റും കഴുത്തിൽ ചുവന്ന ചരട് കെട്ടിയ ആണാടുകൾ മരണം കാത്ത് ചവച്ചരച്ച് നടക്കുന്നത് കാണാം. ഞാൻ പോയപ്പോൾ ബലി നടക്കുന്നില്ലായിരുന്നു. അതുകൊണ്ടുതന്നെ ബലിപ്പുരയിലേക്ക് കയറുന്നതിനും തടസ്സമില്ലായിരുന്നു.
