എന്തിന് വലിയ കഥകൾ എഴുതാനുള്ള സമയം നഷ്ടപ്പെടുത്തി ഈ കുഞ്ഞു ടിഷ്യുപേപ്പർ കഥകൾ എഴുതുന്നു? കഴിഞ്ഞ നാലഞ്ചുവർഷങ്ങളായി നേരിടുന്ന ചോദ്യമാണിത്. മിനിക്കഥ എന്ന പേര് ഉപയോഗിക്കുന്നവരോട് ‘ഏതു മിനി എന്ത് മിനി’ എന്ന് ഞാൻ കയർക്കാറുമുണ്ട്.
ഞാൻ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിന്‍റെ പ്രതിനിധാനസ്വഭാവത്തെ, ഒരേകദേശ സാംസ്കാരികഭാവത്തെ ഉൾക്കൊണ്ട് അതിനോട് ആഖ്യാനവും രൂപവുംകൊണ്ട് പ്രതികരിക്കാൻ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം സാംസ്കാരികമായും രാഷ്ട്രീയമായും അതിപ്രാദേശികതയെ മുൻനിർത്തിയാണ് കഥകളും നോവലുകളും എഴുതിയിരുന്നത്. അതിനിടയിലും സമാഹാരങ്ങളിലൊന്നും ഉൾപ്പെടുത്താതെ ഒരു സ്വകാര്യ സന്തോഷം പ്രാക്ടീസ്, സ്വാതന്ത്ര്യമെടുക്കൽപോലെ ഷോർട്ട് ഷോർട്ട്, മൈക്രോഫിക്‌ഷൻ, ഫ്ലാഷ് ഫിക്‌ഷൻ, സഡൻ ഫിക്‌ഷൻ, ട്വിറ്ററേച്ചർ, ഒൺലൈൻ ഫിക്‌ഷനുകൾ എഴുതുന്നുണ്ടായിരുന്നു. കൃത്യം പറഞ്ഞാൽ പിരപ്പൻകോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ 2003-2004–ൽ പ്ലസ് ടുവിന് പഠിക്കുന്ന കാലത്ത് ദേശാഭിമാനി ദിനപത്രത്തിലാണ് എന്‍റെ ആദ്യ കഥ അച്ചടിച്ചുവന്നത്. ‘എന്റെ ഗാന്ധി’ എന്നൊരു കുഞ്ഞുകഥ. ആദ്യമായി അച്ചടിച്ചു കണ്ട ആ കുഞ്ഞു കഥാരൂപത്തോട് എപ്പോഴും കടുത്ത ഇഷ്ടമുണ്ട്. കോളജുകാലത്ത് ഒരുപാട് കുഞ്ഞുകഥകൾ അച്ചടിച്ച് വന്നിട്ടുമുണ്ട്. പക്ഷേ, മിനിക്കഥ എന്ന പേരിനോടുള്ള അനിഷ്ടംകൊണ്ടും ഗൗരവമില്ലാത്ത, അനായാസം സാധിക്കുന്ന ഒന്നാണ് ഈ കുഞ്ഞുകഥയെഴുത്ത് എന്ന പൊതുബോധം വളരെ തെറ്റായി എന്നിൽ വന്നതുകൊണ്ടും മാത്രമാണ് അവയൊന്നും ശിരസ്സിൽ അമൂല്യവലയങ്ങളുള്ള ചെറുകഥാസമാഹാരങ്ങളിലേക്ക് ചേർക്കാതിരുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടായ ഡിജിറ്റൽ വിപ്ലവം ലോകത്തെയാകെ മാറ്റിമറിച്ചു. അതിൽത്തന്നെ വിവിധ ഡിജിറ്റൽ ദൃശ്യമാധ്യമങ്ങളുടെ പ്രളയം പുതുതലമുറയുടെയും പഴയ തലമുറയുടെയും ആസ്വാദനശേഷികളെ അടിമുടി ഉടച്ചുവാർത്തിട്ടുണ്ട്. കൈവെള്ളയിലെ ഒരിക്കലും അവസാനിക്കാത്ത ദൃശ്യമഹാപ്രളയത്തിൽ 24x7 മുഴുകിയിരിക്കാൻ കുഞ്ഞുങ്ങൾ മുതൽ നിർബന്ധിതരാകുന്ന ഡിജി സാഹചര്യം ക്ലാസിക്കുകൾ പോലെയുള്ള ദീർഘരചനകളോട്, ഗൗരവഉള്ളടക്കങ്ങൾ ഉള്ള ലേഖനങ്ങളോട് കുറച്ചു സാഹിത്യം കലർത്തിയ മതഗ്രന്ഥങ്ങളോടും നാനാർത്ഥങ്ങൾ തേടി മനസ്സിലാക്കേണ്ട കവിതകളോടും ഉള്ള സ്വാഭാവികമായ അകൽച്ചയായി പരിണമിച്ചിട്ടുണ്ട്. എന്തിനേറെ, പിടിച്ചിരുത്താൻ ശേഷിയില്ലെങ്കിൽ ദീർഘവീഡിയോകൾ കണ്ടിരിക്കാൻപോലുമുള്ള ശേഷി ഏവർക്കും നഷ്ടമായി. സഹനശേഷിയും ക്ഷമയും അപ്രത്യക്ഷമായി. ആബാലവൃദ്ധം ജനങ്ങളുടെയും അറ്റൻഷൻ സ്പാൻ ചുരുങ്ങിച്ചുരുങ്ങി വന്നു. ഒറ്റത്തവണ കാണാനുള്ളതായി എല്ലാം മാറി. ഇത് കൃത്യമായ അറിയാവുന്ന, വിപണി ഭരിക്കുന്ന കോർപ്പറേറ്റുകൾ ട്വിറ്ററും യൂട്യൂബും ഷോർട്ട്സും ടിക്‌ടോക്കും റീലുകളും മിനിവെബ് സീരീസുകളും കൊണ്ട് പ്രേക്ഷകരുടെ അക്ഷമയ്ക്ക് അനുപാതികമായി ദൃശ്യലോകത്തെ വെട്ടിത്തയ്ച്ചു. നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും പോലെ അനേകം പ്ലാറ്റ്ഫോമുകൾ അവരെ തങ്ങളിൽനിന്ന് ഒരു നിമിഷംപോലും അകറ്റാതെ ഒട്ടിച്ചേർത്തുപിടിച്ചു. ഒപ്പം അനിയന്ത്രിതമായി ദൃശ്യങ്ങൾ നിർമ്മിക്കാനും പ്രചരിപ്പിക്കാനും സകല മനുഷ്യർക്കും ആപ്പുകളും സാഹചര്യങ്ങളും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയും അവ നിർലോഭം പ്രദർശിപ്പിക്കാൻ അനേകം സമൂഹമാധ്യമങ്ങളുംകൂടി ഇവർ ലഭ്യമാക്കി. ചാനലുകളും എപ്പോഴും എന്തും ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന കരങ്ങളും ചുറ്റും വ്യാപിച്ചു. കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടം/ലോകം മൊബൈൽ ഫോൺ ആയി. സൈബറിടങ്ങൾക്ക് വിശാലമായ നല്ല വശങ്ങൾ ഉണ്ടെന്നത് സമ്മതിച്ചുകൊണ്ടുതന്നെ പറയട്ടെ, നല്ലതല്ലാത്ത വശങ്ങൾ വളരെയധികം മേൽക്കൈ നേടി സമകാലിക സാമൂഹികജീവിതത്തെ ഛിന്നഭിന്നമാക്കിയിട്ടുണ്ട്. ഈ ഭ്രാന്തൻ രാവണൻകോട്ടയവസ്ഥയ്ക്ക് ബദലായി കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ ആനന്ദിക്കാനും മറ്റും ആഹ്വാനം ചെയ്തുകൊണ്ട് സെൻ, ഹൈക്കു സൗന്ദര്യശാസ്ത്രങ്ങൾ ഉള്ളടങ്ങിയ മിനിമലിസം പുനരവതരിച്ചു. ആപ്പിൾ കമ്പനി അതിനെയും ബ്രാൻഡ്‌വൽക്കരിച്ചു!
