ഒഴുകുന്ന വെള്ളത്തിൽനിന്ന് എടുത്തുവയ്ക്കുന്ന കല്ലുകൾ

World of Letters

ഒഴുകുന്ന വെള്ളത്തിൽനിന്ന് എടുത്തുവയ്ക്കുന്ന കല്ലുകൾ


ഒരു ചെറുകിട പ്രസാധനശാലയിലെ പ്രൂഫ് റീഡറായ കറുപ്പൻ പറയുന്ന കഥയാണ് 'മൂന്ന് കല്ലുകൾ'. നോവലിലെ ‘ഞാൻ’ കറുപ്പൻ ആണെങ്കിലും സാവധാനം അയാൾ തന്റെ മാത്രമല്ല തനിക്കു ചുറ്റുമുള്ളവരുടെയും കഥയെഴുതാൻ നിയുക്തനായ ദൃക്സാക്ഷിയായി മാറുന്നു. കഥ തുടങ്ങുമ്പോൾ അരങ്ങിൽ അയാൾ മാത്രമേ ഉള്ളൂ. നിരുന്മേഷവാനും നിത്യമദ്യപാനിയുമായ അയാൾ ഒരു പഴയകാല നടന്റെ ആത്മകഥ എഴുതിക്കൊടുക്കാൻ ഗോസ്റ്റ് റൈറ്ററായാണു കോഴിക്കോട്ട് എത്തുന്നത്. നടന്റെ ജീവിതമെഴുത്ത് അയാളെ കബീർ എന്ന ചെറുപ്പക്കാരനിലേക്ക് എത്തിക്കുന്നു. കബീറിന്റെ അസാധാരണമായ ഹൃദയസൗന്ദര്യമാണ് കറുപ്പനെ താൻ ആണ്ടുകിടന്ന ശൂന്യതയിൽനിന്ന് വലിച്ചുപുറത്തിടുന്നത്. അനുരാഗത്തിന്റ ഊർജം അയാളെ മനുഷ്യരും കഥകളും നിറഞ്ഞ ലോകത്തേക്ക് കൊണ്ടുപോകുന്നു. അവിടെ മറ്റൊരു കറുപ്പനെ കണ്ടുമുട്ടുന്നു. തന്റെ അതേ പേരുകാരനായ അയാളുടെ മകനായ മാധവനെ അറിയുന്നു. മാധവനിലൂടെയാണ് മിനായുടെയും റഷീദയുടെയും ഏകയുടെയും ലോകത്തേക്കും അമ്പരിപ്പിക്കുന്ന രഹസ്യങ്ങൾ മറഞ്ഞുകിടക്കുന്ന ഇരുട്ടുകാനം, മലമുണ്ട എന്നീ മലയോര ഗ്രാമങ്ങളിലേക്കും എത്തുന്നത്.

ഈ നോവലിൽ ഓരോ കഥാപാത്രവും നടത്തുന്ന കഥപറച്ചിൽ ആണ് നോവലിന്റെ ആത്മരൂപത്തെ കൊത്തിയെടുക്കുന്നത്. അവരെ പരസ്പരം അടുപ്പിക്കുന്നത് ദുഃഖങ്ങളിൽനിന്നും ദൗർഭാഗ്യങ്ങളിൽനിന്നും കരകയറാനുള്ള ജീവദാഹമാണ്. എവിടെയാണു നീ കാത്തിരിക്കുന്നത് എന്ന ചോദ്യത്തോടെയുള്ള അന്വേഷണമാണ് അവരെ പരസ്പരം ബന്ധിപ്പിക്കുന്നത്. നിങ്ങൾക്കൊപ്പം നിങ്ങളുടെ ഭൂതവും സഞ്ചരിക്കുന്നുവെന്നതിനാൽ ഈ യാത്രകൾ സുപ്രധാനമാണ്.

എന്റെ കോളജുകാലത്തു ഞാനും സ്നേഹിതനും ഞങ്ങളുടെ നാട്ടിലെ വാരാന്ത്യങ്ങളിൽ വെയിൽ ചായുമ്പോൾ നടന്നുപോകാറുള്ള ഒരു സ്ഥലമുണ്ട്. ചെങ്കുളം പവർ ഹൗസിലേക്കുളള പെൻസ്റ്റോക് പൈപ്പുകളുടെ വശത്തുകൂടി കുത്തനെ ആയിരത്തിലേറെ അടി ഉയരത്തിലേക്ക് നൂറുകണക്കിന് പടികൾ കയറിയാൽ ചെന്നെത്തുന്നത് കുറ്റിമരങ്ങളുള്ള പാറക്കെട്ടിന്റെ മുകളിലാണ്. അവിടെയാണ് അണക്കെട്ടിൽനിന്ന് പവർഹൗസിലേക്ക് എത്തുന്ന വെള്ളം സംഭരിക്കുന്ന കൂറ്റൻ ടാങ്കുള്ളത്. ഈ ടാങ്കിനു സമീപം കുറ്റിക്കാട് വളർന്ന, ഗർത്തത്തിലേക്കു തള്ളിനിൽക്കുന്ന പാറക്കെട്ടുണ്ട്. അവിടെനിന്നുള്ള നോട്ടം അപാരമായ കാഴ്ചയാണ്. വെയിലിന്റെ പല വേഷങ്ങൾ കാണാം. നേരം വൈകുന്തോറും കാറ്റിനു മുഴക്കമേറിവരും. പാറയിടുക്കുകളിലെ ഇരുട്ടിലേക്കു മഴക്കാലത്ത് എപ്പോഴും ഉറവുകളിലെ വെള്ളം ഊർന്നുവീണുകൊണ്ടിരിക്കും. പാറയുടെ വിടവുകൾ മഴപ്പാത്തി പോലെയാണ് അപ്പോൾ. വേനലിൽ അതു ശബ്ദമില്ലാത്ത നേരിയ നീരൊഴുക്കായി മെലിഞ്ഞുപോകും. വർഷങ്ങൾക്കുശേഷം നഗരയാത്രയിൽ രാത്രിവണ്ടിയിലിരിക്കേ പൊടുന്നനെ എന്റെ മനസ്സിലേക്ക് ആ നീരൊഴുക്കിന്റെ സ്മരണ വന്നു. ആ തണുപ്പോർത്തു. ഈ നോവലിലെ ഇരുട്ടുകാനം, മലമുണ്ട എന്നീ ഗ്രാമങ്ങളുടെ നിർമിതിയിലേക്കു നയിച്ചത് ആ ജലസ്മരണ കൊണ്ടുവന്ന ഏകാന്തതയോ ദാഹമോ ആണെന്ന് എനിക്കു തോന്നുന്നു. ചില പ്രദേശങ്ങൾ കുട്ടിക്കാലത്തു നമ്മുടെയുള്ളിൽ മുദ്ര വയ്ക്കുന്ന ദൃശ്യങ്ങളെയും മനുഷ്യരെയും ഋതുക്കളെയും കഥയായി പറയാനാണ് നോവൽ ശ്രമിക്കുന്നത്.


Related Articles