അഗതയുടെയും പൊയ്‌റോട്ടിന്റെയും നൂറു വർഷങ്ങൾ

World of Letters

അഗതയുടെയും പൊയ്‌റോട്ടിന്റെയും നൂറു വർഷങ്ങൾ


1975 ഓഗസ്റ്റ് ആറാം തീയതിയിലെ ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ഒന്നാംപേജിൽ രണ്ടു കോളത്തിൽ ചിത്രംസഹിതം ഒരു ചരമവാർത്ത പ്രത്യക്ഷപ്പെട്ടു. Hercule poirot Is Dead; Famed Belgion Detective എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. തോമസ് ലാസ്‌ക് എന്ന ലേഖകൻ എഴുതിയ വാർത്ത ഇങ്ങനെ തുടർന്നു:

''ഹെർക്യൂൾ പൊയ്‌റോട്ട്, അന്താരാഷ്ട്ര പ്രസിദ്ധനായ ബെൽജിയൻ ഡിറ്റക്ടീവ് ഇംഗ്ലണ്ടിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ പ്രായം അജ്ഞാതമാണ്. ബെൽജിയൻ പോലീസ് സേനയിൽനിന്ന് 1904-ൽ വിരമിച്ചശേഷം സ്വകാര്യഅപസർപ്പകനെന്ന നിലയിൽ മിസ്റ്റർ പൊയ്‌റോട്ട് കീർത്തി നേടി. അദ്ദേഹത്തിന്റെ സ്രഷ്ടാവായ ഡെയ്ം അഗതാക്രിസ്റ്റിയുടെ നോവലുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ആ ജീവിതം കഥാസാഹിത്യത്തിലെ ഏറ്റവും കേളികേട്ടതാണ്. ജീവിതാന്ത്യത്തിൽ അദ്ദേഹത്തിന് വാതരോഗവും ഹൃദയസംബന്ധിയായ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. എസെക്‌സിലെ നഴ്‌സിങ്‌ഹോമായ സ്റ്റൈൽസ് കോർട്ടിലെ കിടപ്പറയിൽനിന്ന് വിശ്രമമുറിയിലേക്കു വീൽചെയറിലാണ് തന്റെ പൊങ്ങച്ചത്തെ പ്രായം ബാധിച്ചതു മറച്ചുവയ്ക്കുന്നതിന്റെ അടയാളമായി കൃത്രിമമുടിയും വയ്പുമീശയുമായി അദ്ദേഹം സാധാരണ വരാറുണ്ടായിരുന്നത്. സജീവമായിരുന്ന കാലത്ത് കുറ്റമറ്റ രീതിയിലാണ് എപ്പോഴും വസ്ത്രധാരണം നടത്തിയിരുന്നത്. അഞ്ചടി നാലിഞ്ചുമാത്രം ഉയരമുണ്ടായിരുന്ന പൊയ്‌റോട്ട് ഒന്നാം ലോകയുദ്ധകാലത്ത് അഭയാർത്ഥിയായാണ് ബൽജിയത്തിൽനിന്ന് ഇംഗ്ലണ്ടിലെത്തിയത്. സ്റ്റൈൽസിൽനിന്ന് അധികം അകലെയല്ലാതെ, അക്കാലത്ത് ഒരു ഗ്രാമപ്രദേശമായിരുന്ന ഒരു ചെറുപട്ടണത്തിലാണ് അദ്ദേഹം താമസമുറപ്പിച്ചതും തന്റെ ആദ്യത്തെ സ്വകാര്യകേസ് ഏറ്റെടുത്തും. ഡെയ്ം അഗത അറിയിച്ച അദ്ദേഹത്തിന്റെ നിര്യാണവാർത്ത അപ്രതീക്ഷിതമായിരുന്നില്ല. മരണം സ്ഥിരീകരിച്ച ഡെയ്ം അഗതയുടെ പ്രസാധകർ ഡോഡ്, മീഡ് അദ്ദേഹത്തിന്റെ അന്ത്യദിനങ്ങൾ വിവരിക്കുന്ന 'കർട്ടൻ' എന്ന നോവൽ ഒക്‌ടോബർ 15-ന് പുറത്തുകൊണ്ടുവരും. അവസാന കൃതിയിലെ പൊയ്‌റോട്ട് ആകർഷകമെങ്കിലും കനത്ത അഹന്തയും മുറിഞ്ഞ ഇംഗ്ലിഷുമായി താൻ പ്രത്യക്ഷപ്പെട്ട 37 മുഴുനീള നോവലുകളിലും ചെറുകഥാസമാഹാരങ്ങളിലുമായി എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലാത്ത നിഗൂഢതകൾ പരിഹരിച്ച ഊർജ്ജസ്വലനായ അന്വേഷകന്റെ നിഴൽ മാത്രമാണ്.''

ജനപ്രിയ സംസ്‌കാരത്തിൽ അപസർപ്പകത ആഴത്തിലാഴ്ത്തിയിട്ടുള്ള വേരുകളെപ്പറ്റി ഓർമ്മിപ്പിക്കുന്നു, അരനൂറ്റാണ്ടുകാലം നിഗൂഢതകളുടെ അഴിയാക്കുരുക്കകൾ അഴിക്കുകയും പ്രഹേളികകൾ കൂട്ടിയിണക്കുകയും ചെയ്ത ഹെർക്യൂൾ പൊയ്‌റോട്ടിന്റെ ചരമവാർത്ത. മറ്റൊരു കഥാപാത്രത്തിന്റെയും ചരമവാർത്ത പത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. കൃത്യം നൂറുവർഷംമുമ്പാണ് അഗതാക്രിസ്റ്റി തന്റെ അപസർപ്പകസാഹിത്യ ജീവിതത്തിനു തുടക്കംകുറിച്ചുകൊണ്ട് 'സ്റ്റൈൽസിലെ നിഗൂഢസംഭവം' (The Mysterious Affair at Styles, 1920) എന്ന നോവലിൽ ആ ബെൽജിയൻ ഡിറ്റക്ടീവിനെ അവതരിപ്പിച്ചത്. ആർതർ കോനൽ ഡോയ്‌ലും ഷെർലക് ഹോസും സർവാധിപത്യം വഹിച്ചിരുന്ന കുറ്റാന്വേഷണസാഹിത്യത്തിന്റെ ചരിത്രം അതോടെ മാറിമറിഞ്ഞു. അമ്പത്തേഴു വർഷം തുടർച്ചയായി എഴുതിയ അഗതാക്രിസ്റ്റി (1890-1976) അറുപത്തിയാറ് ഡിറ്റക്ടീവ് നോവലുകളും നൂറിലധികം ചെറുകഥകളടങ്ങിയ പതിനാല് സമാഹാരങ്ങളും നാടകങ്ങളും കവിതയും ആത്മകഥയും തൂലികാനാമത്തിൽ റൊമാൻസ് നോവലുകളും വായനക്കാർക്കു നല്കി. പുസ്തകവില്പനയിൽ ബൈബിളും ഷെയ്ക്‌സ്പിയറും മാത്രമേ ക്രിസ്റ്റിയെ തോല്പിച്ചിട്ടുള്ളൂ എന്നാണ് കണക്ക്. ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട വ്യക്തിഗത ഗ്രന്ഥകർത്താവും അഗതാക്രിസ്റ്റിതന്നെ. അവരുടെ 'ദ മൗസ്ട്രാപ്പ്' എന്ന നാടകം ലണ്ടനിലെ നാടകശാലകളുടെ കേന്ദ്രമായ വെസ്റ്റ്എൻഡിൽ 1952-ൽ ആരംഭിച്ച കളി ഇപ്പോഴും തുടരുന്നു. അംബാസഡേഴ്‌സ് തിയേറ്ററിൽ 1952 നവംബർ 25-ന് ആരംഭിച്ച 'മൗസ്ട്രാപ്പ്' 1974 മാർച്ച് 23 വരെ അവിടെ കളിച്ചു. മാർച്ച് 25 മുതൽ ഇന്നുവരെയും സെന്റ് മാർട്ടിൻസ് തിയേറ്ററിൽ നാടകം തുടർന്നുകൊണ്ടിരിക്കുന്നു (കൊവിഡ് 19 മഹാമാരിയെ തുടർന്ന് തിയേറ്ററുകൾ അടച്ചിരിക്കുന്നതിനാൽ 2020 മാർച്ച് മുതൽ പ്രദർശനം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.) ഇംഗ്ലിഷിലെ കുറ്റാന്വേഷണസാഹിത്യത്തിൽ സുവർണകാലമെന്നും ക്ലാസിക് കാലമെന്നും വിളിക്കപ്പെടുന്ന ഘട്ടത്തിലുണ്ടായ ആ അപസർപ്പകകഥയുടെ മാതൃക ഇന്നാരും പിന്തുടരുന്നില്ലെങ്കിലും അഗതാക്രിസ്റ്റി നിരന്തരം വായിക്കപ്പെടുന്നു, വില്ക്കപ്പെടുന്നു, പഠിക്കപ്പെടുന്നു. അഗതാക്രിസ്റ്റി എന്ന നിഗൂഢപ്രതിഭാസത്തിന്റെ അർത്ഥമെന്താണ്?


Related Articles