രാശീചക്രത്തിലേക്കുതന്നെ ഉറ്റുനോക്കി ആകാശദൂരങ്ങളുടെ പെരുംഭൂപടത്തിനുമുന്നിലെന്നോണം നിലംപടിഞ്ഞിരിരുന്ന പണിക്കരുടെ മുഖം മങ്ങി. അമ്മമ്മയും തെല്ലു മുനിഞ്ഞു.
''എങ്ങനെയുണ്ട് കുട്ടിയുടെ ജാതകം?''
ഉദയബിംബത്തെ നോക്കിനിൽക്കുന്ന നീളൻകോലായയിൽ, തെക്കുഭാഗത്താണ് ഇരിപ്പ്. പുൽപ്പായമേൽ തെരുപ്പിടിച്ചുകൊണ്ട് പണിക്കർ പതറി. ഇടപാടുകാർക്കുമുന്നിലെ പതിവുപുഞ്ചിരി മുഖത്തുസൂക്ഷിക്കാൻ പാടുപെടുകയാണ്, കണ്ടാലറിയാം.
''നല്ല ജാതകമാണ്. പക്ഷേ...''പണിക്കർ തുടക്കമിട്ടു.
