1940-കളില് നിയമമന്ത്രി ബി.ആര്. അംബേദ്കര് ഹിന്ദു വ്യക്തിനിയമത്തില് പരിഷ്കാരങ്ങള് വരുത്താന് ശ്രമിച്ചു. വനിതകള്ക്ക് വിവാഹപങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം, വിവാഹമോചനം നേടാനുള്ള അവകാശം, പിതൃസ്വത്തില് പങ്കു കിട്ടാനുള്ള അവകാശം എന്നിവ ലഭ്യമാക്കുക എന്നതായിരുന്നു, പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രിയെന്ന നിലയ്ക്ക് നെഹ്റു ഈ നടപടികളെ ശക്തമായി പിന്താങ്ങി. പക്ഷേ, യാഥാസ്ഥിതികമനോഭാവമുള്ള രാഷ്ട്രീയക്കാര് ഹിന്ദുനിയമപരിഷ്കരണം തടഞ്ഞു. 1952-ല് പാര്ട്ടി നേടിയ ഗംഭീരവിജയം നെഹ്റുവിന്റെ നില ശക്തമാക്കിയതോടെ പരിഷ്കരണശ്രമങ്ങള്ക്ക് പുതിയ ജീവന് കിട്ടി. പുതുക്കിയ രീതിയില് പരിഷ്കരണം നിയമമാക്കാന് അദ്ദേഹത്തിന് കഴിഞ്ഞു. പക്ഷേ, പാര്ലമെന്റില് ഇരുസഭകളിലും ഇതു സംബന്ധിച്ച് സുദീര്ഘവും കടുത്തതുമായ വാദപ്രതിവാദങ്ങള് വേണ്ടിവന്നു. 1955 മെയ് 5-ന് നെഹ്റു പാര്ലമെന്റില് നടത്തിയ പ്രസംഗത്തില്നിന്നുള്ളതാണ് ഇനി ചേര്ക്കുന്ന ഭാഗം. ഒരുപക്ഷേ, അബോധപൂര്വ്വമായിട്ടായിരിക്കാം, ഈ പ്രസംഗത്തില് സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യം കൂടാതെ രാഷ്ട്രീയ ജനാധിപത്യത്തിന് യാതൊരു അര്ത്ഥവും ഉണ്ടാകില്ല എന്ന അംബേദ്കറുടെ താക്കീതിന്റെ പ്രതിദ്ധ്വനി കേള്ക്കാം.
ജവഹര്ലാല് നെഹ്റു: ശ്രീമാന് ഡെപ്യൂട്ടി സ്പീക്കര്, ഈ ബില് അവതരണത്തിന്റെ ഘട്ടങ്ങളില് ഒന്നും ഞാന് സംസാരിച്ചിട്ടില്ല. പക്ഷേ, ഈ ചര്ച്ചകളില് ഞാന് ഗാഢമായ താല്പര്യമെടുക്കുകയും അവ പിന്തുടരുകയും ചെയ്തിട്ടുണ്ട്. സഭയ്ക്കറിയാം, ഈ ബില്ലിന്റെ കാര്യത്തില് മാത്രമല്ല, അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലും ഞാന് വലിയ താല്പര്യമെടുക്കുകയും അവ പിന്തുടരുകയും ചെയ്തിട്ടുണ്ട്. അതിപ്പോള് മൂന്നാം വായനയുടെ ഘട്ടത്തില് എത്തി എന്നതില് എനിക്ക് ഏറെ ചാരിതാര്ത്ഥ്യമുണ്ട്. അടുത്ത ഏതാനും മണിക്കൂറുകള്ക്കുള്ളില് ഈ സഭ അതില് അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് ഞാന് പൂര്ണ്ണമായും പ്രത്യാശിക്കുന്നു.
തീര്ച്ചയായും ഞാനീ ബില് അംഗീകരിക്കുന്നു. ഈ ബില്ലില് പ്രത്യക്ഷത്തില് കാണുന്നത് മാത്രമല്ല, അതിനപ്പുറം അത് പ്രതിനിധാനം ചെയ്യുന്ന അവസ്ഥയെക്കൂടിയാണ് ഞാന് പ്രധാനമായി വിലയിരുത്തുന്നത്. ബില് എന്നെ ഏറെ ആകര്ഷിക്കുന്നു. നമ്മുടെ ദേശീയവികസനത്തിന്റെ പശ്ചാത്തലത്തില് അതിന് വലിയ പ്രാധാന്യമുണ്ടെന്ന് ഞാന് കരുതുന്നു. നാം പഞ്ചവത്സരപദ്ധതികളെക്കുറിച്ചും സാമ്പത്തികപുരോഗതിയെക്കുറിച്ചും വ്യവസായവത്കരണത്തെക്കുറിച്ചും രാഷ്ട്രീയസ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റും സംസാരിക്കുന്നു. അവയെല്ലാം വളരെ പ്രധാനംതന്നെ. പക്ഷേ, രാജ്യത്തിന്റെ യഥാര്ത്ഥ പുരോഗതി ഉണ്ടാവുന്നത് രാഷ്ട്രീയത്തിലോ സാമ്പത്തികതലത്തിലോ മാത്രമല്ല, സമൂഹതലത്തില്ക്കൂടിയാണ് എന്ന് എനിക്കുറപ്പാണ്. ഈ മഹത്തായ രാഷ്ട്രം മുന്നോട്ടുപോകുമ്പോള് ഇവയെല്ലാം ഉദ്ഗ്രഥിതമാക്കണം.
