അതിരുകടക്കുന്ന താരാരാധന

World of Letters

അതിരുകടക്കുന്ന താരാരാധന


ഒരു ഗ്രന്ഥശാലയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ ഞാൻ പോയിരുന്നു. എഴുപത്തഞ്ചു വർഷം പിന്നിടുന്ന ഒരു ഗ്രന്ഥ​ശാല. പ്രദേശത്തെ മുഴുവൻ ജനങ്ങളും ഒത്തുചേരുന്ന വലിയൊരു ഉൽസവാന്തരീക്ഷമായിരിക്കുമെന്ന പ്രതീക്ഷയിലാണ് അവിടെച്ചെന്നത്. കൃത്യസമയത്തുതന്നെ. പക്ഷേ സദസ്സിൽ ഗ്രന്ഥ​ശാലയെ​ക്കാൾ പ്രായമുള്ള കുറെ വൃദ്ധർ മാത്രം. വായനയുടെ ലഹരി അപ്പോഴും അസ്തമിച്ചുപോയിട്ടില്ലാത്ത ആ വലിയ മനുഷ്യരോടുള്ള അതിരറ്റ ആദരവ് ഉള്ളിൽനിറച്ചുകൊണ്ടുതന്നെ ഈ നാട്ടിൽ ചെറുപ്പക്കാരാരുമില്ലേയെന്ന് ഞാൻ സംഘാടകരോട് ചോദിച്ചു.

ഒരു ഗ്രന്ഥശാലയെന്നത് നാടിന്റെ നന്മയാണ്... പുണ്യമാണ്. പട്ടിണി​ക്കാരായ മനുഷ്യരുടെ ഏറ്റവും വലിയ ആയുധമാണ് പുസ്തകം. അതവരുടെ പട്ടിണി മാറ്റുമെന്ന് പറഞ്ഞ മഹാനായ ബ്രഹ്ത്തോൾഡ് ബ്രെഹ്ത്... ഒരു ചക്രവർത്തിയല്ലായിരുന്നെങ്കിൽ ഞാനൊരു ലൈബ്രേറിയനാകുമായിരുന്നുവെന്ന് പറഞ്ഞ നെപ്പോ​ളിയൻ... ഒരു ജീവിതകാലം മുഴുവൻ ഗ്രാമഗ്രാമാന്തരങ്ങളിൽ വായനശാലകൾ സ്ഥാപിക്കാൻ ഓടിനടന്ന പി.എൻ. പണിക്കർ സാർ... ഇവരെല്ലാം ഒരു നിമിഷം എന്റെ ചിന്തയിലൂടെ കടന്നുപോയി. അക്ഷരത്തിന്റെ വെളിച്ചം വരുംകാലങ്ങളിലേക്ക് പകരേണ്ടതും അക്ഷരത്തിന്റെ അഗ്നിയാൽ പുതുചിന്തകൾക്ക് തീപടർത്തേ​ണ്ടതും നമ്മുടെ യുവാക്കളല്ലേ. പക്ഷേ, അവരെയൊന്നും ഇവിടെ കാണുന്നില്ലല്ലോ, അവരൊക്കെ എവിടെയെന്ന് ഞാൻ അല്പം നിരാശയോടെ ചോദ്യം ആവർത്തിച്ചു. അപ്പോൾ സംഘാടകർ പറഞ്ഞതുകേട്ട് ശരിക്കും ഞാൻ സ്തംഭിച്ചുപോയി.

തൊട്ട​ടുത്തുള്ള സിനിമാ തിയേറ്ററിൽ ഒരു പുതിയ ചിത്രം റിലീസു ചെയ്യുന്നു. ചിത്രത്തിലെ നായകനടന്റെ കൂറ്റൻഫ്ലെക്സ് ബോർഡിൽ മിൽമയുടെ കവർപാൽകൊണ്ട് പാലഭിഷേകം നടത്താൻ അവിടുത്തെ ചെറുപ്പക്കാർ പോയിരിക്കുകയാണത്രേ. ഒരു നിമിഷം ഞാൻ ചിന്തിച്ചു. എന്ത് അപഹാസ്യമാണത്. നാളത്തെ ലോകത്തിന്റെ സർവ പ്രതീക്ഷയുമായ നമ്മുടെ യുവതലമുറ ഇങ്ങനെ അധപ്പതിക്കേണ്ടവരാണോ? രാഷ്ട്രപുനർനിർമ്മാണത്തിനുപയോഗിക്കേണ്ട പുതുതലമുറയുടെ ഈ ഊർജ്ജവും ശക്തിയും കർമ്മ ശേഷിയുമൊക്കെ ഇങ്ങനെ വഴിതെറ്റിപ്പോകേണ്ടതാണോ? കുറച്ചുകാലം മുൻപ് ഒരു ചെറുപ്പക്കാരൻ പാലഭിഷേകത്തിനിടെ താരത്തിന്റെ കട്ടൗട്ടിന്റെ ഉയരങ്ങളിൽനിന്ന് താഴെ വീണു മരിച്ച ദാരുണസംഭവം ഓർമയിൽ വന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇതിനുമുൻപ് ഇത്തരം വാർത്തകൾ വരുമ്പോഴും കേരളം അതിൽനിന്ന് വഴിമാറി നടക്കുകയായിരുന്നു. രാഷ്ട്രീയം, കല, കായികരംഗം തുടങ്ങി ഏതു മേഖലയിലും താരപരിവേഷം ലഭിക്കുന്ന വ്യക്തികളെ കേന്ദ്രീകരിച്ച് താരാരാധനയുടെ വ്യത്യസ്ത രൂപങ്ങൾ അരങ്ങു തകർക്കുന്നുണ്ട്.


Related Articles