സോളാർ വിഷയം കത്തിനില്‍ക്കുന്ന സമയം. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉൾപ്പെടെ ആറ് പേർക്കെതിരേ ലൈംഗികാരോപണവുമായി സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ. സോളാർ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മീഷന്റെ മുന്നിലാണ് ബിജു രാധാകൃഷ്ണന്റെ മൊഴി. ഇതിന്റെ സി.ഡി. തന്റെ കൈയിലുണ്ടെന്നും മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നും അയാൾ പറഞ്ഞു.
സരിത അറസ്റ്റിലാകുന്നതിനു രണ്ടാഴ്ചമുമ്പ് അവരുടെ കൈവശമുള്ള രേഖകളിൽനിന്നാണ് താൻ സി.ഡി. കണ്ടെത്തിയതെന്നും ബിജു പറഞ്ഞു. താനുമായി ബന്ധപ്പെട്ട സി.ഡി. കൈവശമുണ്ടെങ്കിൽ പുറത്തുവിടാൻ സരിതയും വെല്ലുവിളിച്ചു. സി.ഡി. ഉണ്ടെങ്കിൽ സോളാർ കമ്മീഷൻ അതു പിടിച്ചെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോയമ്പത്തൂരിലെ ബന്ധുവീട്ടിലാണ് സി.ഡി. സൂക്ഷിച്ചിരിക്കുന്നതെന്ന് ബിജു പറഞ്ഞു.
അതു പിടിച്ചെടുക്കാൻ സോളാർ കമ്മീഷൻ ഉത്തരവിട്ടു. 2015 ഡിസംബർ 10-ന് കനത്ത പോലീസ് സംരക്ഷണത്തോടെ കമ്മീഷൻ അഭിഭാഷകനും പോലീസ് സംഘവും കോയമ്പത്തൂരിലേക്ക്. മിക്ക ന്യൂസ് ചാനലുകളും ഒബി വാനുകളുമായി പിന്നാലെ. കേരളം ശ്വാസമടക്കിപ്പിടിച്ച ആറുമണിക്കൂർ സജീവ സംപ്രേഷണം. രാത്രി പത്തുമണിയോടെ സംഘം കോയമ്പത്തൂരിൽ. തെളിവുകളുണ്ടെന്ന് ബിജു പറഞ്ഞ ബാഗ് കോയമ്പത്തൂരിലെ ബന്ധുവീട്ടിൽനിന്ന് സോളാർ കമ്മീഷനു കൈമാറി. എന്നാൽ അതിൽ ബിജു പറഞ്ഞ സി.ഡിയോ പെൻഡ്രൈവോ ഇല്ല. 28 സിം കാർഡുകളും ഏതാനും രേഖകളുമടങ്ങിയ ഫയൽമാത്രം! ഇവയുമായി സംഘം കൊച്ചിയിലേക്കു തിരിച്ചു. ഇളിഭ്യരായി സോളാർ കമ്മീഷനും മാധ്യമസംഘവും. അടുത്ത ബന്ധുവായ ശെൽവരാജിന്റെ കോയമ്പത്തൂരിലെ വീട്ടിൽ ഒളിവിൽ താമസിക്കുമ്പോഴാണ് 2013 ജൂണിൽ ബിജു അറസ്റ്റിലായത്.
