കോളിംഗ് ബെല്ലിൻ്റെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ ഒരു നിമിഷം പകച്ചുപോയി അവർ, വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോഴും സൗന്ദര്യം കൈവിടാത്ത ആ സ്ത്രീ. സന്ദർശകൻ, വെളുത്ത നിറമുള്ള ഒരാൾ, തീർത്തും അപരിചിതൻ, കൂടുതലൊന്നും പറയാതെ, ഒരു ക്ഷണത്തിന് കാത്തു നിൽക്കാതെ, അകത്തേയ്ക്ക് കയറി, സമയം കളയാൻ മിനക്കെട്ടില്ല, എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന അവരെ ശ്രദ്ധിക്കാതെ അയാൾ മുറിയുടെ മുക്കും മൂലയുമൊക്കെ തിരയാൻ തുടങ്ങി, പിന്നെ ഒന്നും പറയാതെ പുറത്തേക്ക് പോയി.
പി.എഫ്. മാത്യൂസിനോടും കെ പി കുമാരനോടുമാണ് ഈയൊരു വിചിത്രമായ അനുഭവത്തെ കുറിച്ച് മാധവിക്കുട്ടി പറഞ്ഞത്, ഇസ്ലാമിലേക്ക് മതം മാറിയ ശേഷം അവർ കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ ഒരു സഹായിയുമൊത്ത് താമസിച്ചിരുന്ന കാലത്ത്. കൂടാതെ ഇത് കൂടി പറഞ്ഞു, കടന്നു വന്ന ആ മനുഷ്യൻ ഒരു കൊലയാളിയായിരുന്നെന്നും പിന്നീടൊരിക്കൽ അയാളെ തേടി മട്ടാഞ്ചേരിയിലേക്ക് പോയി എന്ന കാര്യവും അയാളെ ഉപയോഗിച്ച് ഒരാളെ കൊല്ലാനായിരുന്നു ആ യാത്രയെന്നും ഇര താൻ തന്നെയായിരുന്നുവെന്നും. മലയാളി ഒരുപാട് സ്നേഹിക്കുന്ന ഒരാളിൽ നിന്ന് ഇതൊക്കെ കേട്ടപ്പോൾ സാഹിത്യകാരനും ചലച്ചിത്രകാരനും സങ്കടമായി, പൂക്കുന്ന നീർമാതളങ്ങളെ കിനാവ് കണ്ട സ്വപ്നാടകയുടെ മുഖത്ത് വ്യാകുലതയുടെ നിഴലുകൾ അവർ കണ്ടു. കൂടിക്കാഴ്ച കഴിഞ്ഞ് തിരിച്ചു പോരുമ്പോഴും അതവരെ വിടാതെ കൂടി. വ്യസനം പുഞ്ചിരിയാകാൻ, പക്ഷേ, നാളുകൾ അധികമെടുത്തില്ല. ആനുകാലികങ്ങളിലൊന്നിൽ ഒരു കഥ പ്രസിദ്ധീകരിച്ചു വന്നു, വെളുത്ത ബാബു എന്ന വാടകക്കൊലയാളിയെ കുറിച്ച്, ആ കൊലയാളിയെ തേടുന്ന ഒരു സ്ത്രീയെ കുറിച്ച്, ആയിരുന്നു ആ കഥ. പുറത്ത് മഴ കോരിച്ചൊരിയുന്ന ഒരു സായാഹ്നസമാഗമത്തിൽ മാത്യൂസ് എന്നോട് നേരിട്ട് പറഞ്ഞതാണ് ഇക്കാര്യങ്ങൾ, "കടലിൻ്റെ മണം" എന്ന നോവലിൻ്റെ ആമുഖത്തിലും മാധവിക്കുട്ടിയുമായുള്ള ഈ കൂടിക്കാഴ്ചയെ കുറിച്ച് അയാൾ പറയുന്നുണ്ട്.
ആത്മകഥകൾ സത്യമായിരിക്കാം, പക്ഷേ ഒരിക്കലും അവ യാഥാർത്ഥ്യമായിരിക്കില്ല. അങ്ങനെ ആവാനും അവയ്ക്ക് കഴിയില്ല, കാരണം കൽപ്പനകളുടെ തടവറയിൽ നിന്ന് ഓർമ്മകൾക്ക് ഒരിക്കലും മോചനമില്ലല്ലോ. ഇക്കാര്യം വായനക്കാർക്ക് വെളിവാക്കിക്കൊടുത്ത ആദ്യ മലയാള കൃതികളിലൊന്ന് 1972 ൽ മലയാളനാട് വാരികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച, മാധവിക്കുട്ടിയുടെ "എൻ്റെ കഥ" എന്ന ആത്മകഥ തന്നെയാകും. ഓരോ അദ്ധ്യായവും പുറത്തുവരുന്ന മുറയ്ക്ക് അതുണ്ടാക്കിയ കോലാഹലങ്ങൾക്ക് ആക്കം കൂടിക്കൊണ്ടേയിരുന്നു. അതിനുള്ളിലെ സത്യങ്ങൾ പലതും യാഥാർത്ഥ്യങ്ങളായിരുന്നില്ല എന്ന തിരിച്ചറിവ് മലയാളി വായനക്കാർക്ക് ഉണ്ടായത് പിന്നെയും നാളുകൾ കഴിഞ്ഞാണ്.
