യാനെ ബോട്ടെ
കടുത്ത മൃഗസ്‌നേഹിയായിട്ടും മൂന്നു പട്ടിക്കുട്ടികളെ പൊന്നുപോലെ ഓമനിച്ചുവളർത്തിയിട്ടും ലോകത്തിൽ മനുഷ്യർക്ക് ആനകളോടുള്ള സ്‌നേഹം കാണുമ്പോൾ എനിക്കത്ഭുതമാണ്. ആനകൾ, കാണാൻ ഭംഗിയുള്ള, കൗതുകം ജനിപ്പിക്കുന്ന സുന്ദരന്മാരായ ജീവികളാണ്. സ്‌നേഹിക്കാന്‍ തോന്നുന്ന കുറുമ്പും വികൃതിയുമൊക്കെയതിനുണ്ട്. പക്ഷേ, അതൊരു വന്യമൃഗമാണ്. തരം കിട്ടിയാൽ മനുഷ്യരെ കൊമ്പുകൊണ്ട് കുത്തി നെഞ്ചിന്‍കൂട് പൊളിക്കുകയും ഹൃദയം തുളച്ച് കുഴൽക്കിണർ ഉണ്ടാക്കുകയും ചെയ്യുന്നവരാണ്. തുമ്പിക്കൈയിൽ വലിച്ചെടുത്ത് പൂക്കുല തല്ലുംപോലെ നിലത്തിട്ടു തല്ലുകയും തലച്ചോറ് ചിതറിക്കുകയും ചെയ്യുന്ന ജീവികളാണ്.
കാടുമായുള്ള ബന്ധം തുടങ്ങിയിട്ട് 25 വർഷമായി. ഗോത്രവർഗ്ഗ ഗവേഷണത്തിന്റെ ഭാഗമായി കേരളത്തിൽ എല്ലാ കാടുകളിലും സഞ്ചരിക്കുന്നതും മാസങ്ങളോളം ജീവിക്കുന്നതുമൊക്കെ ജോലിയുടെ ഭാഗമാണ്. ആനയോടുള്ള സ്‌നേഹവും കൗതുകവുമൊക്കെ ഈ 25 വർഷംകൊണ്ട് ഇല്ലാതായിത്തീർന്നിരുന്നു. ആന ചവിട്ടി ക്കൊന്ന അഞ്ചോ ആറോപേരെ ചോര ഉണങ്ങുംമുമ്പ് കണ്ടതു കൊണ്ടുമാത്രമായിരുന്നില്ല അത്. ആനയെ കൊല്ലുന്നു എന്ന് കേട്ടാൽപ്പോലും നിര്‍വികാരതയോടെ നില്‍ക്കുന്നതിനുപിന്നില്‍ സ്വയം അനുഭവിച്ച ആനയാക്രമണത്തിന്റെ ഓർമ്മകൂടിയുണ്ട്.
