(മനു എസ്. പിള്ളയുടെ ആധുനിക ഹിന്ദുസ്വത്വം: ഒരു ചരിത്രവിശകലനം എന്ന പുസ്തകത്തിൽ നിന്ന്.
വിവർത്തനം: പ്രസന്ന കെ വർമ്മ)
1902–ലെ വേനൽക്കാലം. എഡ്വേർഡ് ഏഴാമന്റെ കിരീടധാരണച്ചടങ്ങിൽ പങ്കെടുക്കുവാനായി ലണ്ടനിലേക്കു പുറപ്പെട്ട ജയ്പൂർ മഹാരാജാവിന്റെ കപ്പലിൽ ഒരുകൂട്ടം പശുക്കളെക്കൂടി ഇന്ത്യയിൽനിന്ന് കയറ്റിയിട്ടുണ്ടായിരുന്നു. ഹിന്ദുപാരമ്പര്യവാദികളുടെ ആരാധനാമൂർത്തിയായിരുന്ന പശുവിന്, കടൽകടന്നു പോകുന്ന ‘നേറ്റീവ്’ അഭിജാതരുടെ അകമ്പടിസംഘത്തിൽ ഏറെക്കാലമായിട്ടുതന്നെ മാന്യസ്ഥാനമുണ്ട്. പ്രശസ്ത ബംഗാളിചിന്തകനും മുഗൾചക്രവർത്തിയുടെ വക്താവുമായിരുന്ന രാജാ റാംമോഹൻ റോയ് 1831–ൽ ഇംഗ്ലണ്ടിൽ കപ്പലിറങ്ങിയപ്പോൾ ഒപ്പം ഒരു പശുവും ഉണ്ടായിരുന്നു. രണ്ടു പതിറ്റാണ്ടിനിപ്പുറം നേപ്പാളിലെ രാജാ ജംഗ് ബഹാദൂർ പടിഞ്ഞാറൻനാടുകളിലേക്ക് തിരിച്ചതും പശുക്കളെയുംകൊണ്ടാണ്; അദ്ദേഹം ഇന്ത്യക്കാരായ പരിചാരകരെക്കൊണ്ടുമാത്രമേ ആ പശുക്കളെ കറക്കുവാൻ സമ്മതിച്ചിരുന്നുള്ളൂ.അല്ലെങ്കിൽ പരിശുദ്ധി കൈമോശം വന്നെങ്കിലോ! ബറോഡയിലെ ഗെയ്ക്‌വാദ് 1887–ൽ യൂറോപ്പിലേക്കു പോയത് രണ്ടു പശുക്കളെയുംകൊണ്ടാണ്. എങ്കിലും ആ പാവം ജന്തുക്കൾക്ക് യാത്രാക്ലേശം താങ്ങുവാൻ പറ്റിയില്ല–കപ്പൽ എയ്‌ഡനിൽ അടുക്കുംമുൻപ് രണ്ടും ചത്തുപോയി. ഇത്തരം ദുരന്തങ്ങളൊക്കെ ഉണ്ടായാലും യാത്രക്കാരായ ഹിന്ദുരാജാക്കന്മാരുടെ അന്താരാഷ്ട്ര കാര്യപരിപാടികളുടെ പട്ടികയിൽ പശുവിനുണ്ടായിരുന്നത് മാന്യസ്ഥാനംതന്നെയാണ്. വിദേശത്താണെങ്കിലും ആചാരപരമായി ശുദ്ധമായ പാൽ കിട്ടുമെന്നതിനപ്പുറം പരമ്പരാഗത മതവിശ്വാസങ്ങൾക്കും കൊളോണിയൽ ആധുനികതയ്ക്കും ഇടയിൽപ്പെട്ടുപോയ ആ മനുഷ്യർക്ക് ആചാരനിഷ്‌ഠയുടെ ജീവിക്കുന്ന ഒരു ചിഹ്നംകൂടിയായിരുന്നു പശു.
