വായിക്കുന്നവരുടെ ആത്മകഥയെ തൊട്ടുണർത്തുന്ന എഴുത്ത്!

World of Letters

വായിക്കുന്നവരുടെ ആത്മകഥയെ തൊട്ടുണർത്തുന്ന എഴുത്ത്!


ബാല്യം. അച്ഛന്റെ വീടായിരുന്നു എന്റെ അഭയം. അപ്പൂപ്പനും അമ്മൂമ്മയും കല്യാണം കഴിക്കാത്ത മക്കളുമാണ് അവിടെ താമസം. കെട്ടിച്ചുപോയ മക്കൾ പരിസരങ്ങളിലുണ്ട്. വൈകുന്നേരങ്ങളിൽ അവരൊക്കെയും കൂടും. ഒൻപതു സഹോദരങ്ങൾ. ബന്ധുക്കൾ വേറെ വരും. ആൾക്കൂട്ടം. സങ്കീർണമായ പ്രശ്നങ്ങൾ. സംഘർഷങ്ങൾ. അതിനിടയിലാണ് കുപ്പിയുടെ വലിപ്പമുള്ള ഒരു കുട്ടി. ആ ഞാനാണ് അടുത്ത തലമുറയിലെ മുതിർന്നയാൾ. ആ ബോധ്യം മുതിർന്ന ആർക്കുമില്ല. കുട്ടി അസ്വസ്ഥനാണ്.

നമ്മൾ മുതിർന്നവരുടെ ശ്രദ്ധയിലേക്ക് വരുന്നില്ല. ഏതൊരു കുട്ടിയെയുംപോലെ, നമ്മുടെ പിണക്കങ്ങൾ, വാശികൾ അപ്രസക്തമാകുന്നു.

ആൾക്കൂട്ടത്തിലെ ഏകാന്തത അപാരമാണ്; കുട്ടിയെ സംബന്ധിച്ച് അസഹനീയവും. അതിനെ മറികടക്കണം. എന്റെ ശ്രദ്ധ വീടിന്റെ വശത്തുള്ള തൊഴുത്തിലേക്കു മാറി.

തൊഴുത്തിന്റെ അരമതിലിൽ കയറിയാൽ ചാഞ്ഞ കഴുക്കോലിൽ തൊടാൻ പറ്റുന്നുണ്ട്. ഞാന്നുകിടന്ന് ഞാൻ സ്വന്തം പേരും തീയതിയും ചോക്കുകൊണ്ട് അവിടെ എഴുതിയിട്ടു തുടങ്ങി. അങ്ങനെ കുട്ടിയായ നമ്മുടെ ഏകാന്തത പേരും തീയതിയുമായി അവിടെ ഉറങ്ങിക്കിടന്നു. നമ്മൾ നോക്കു​മ്പോൾ​മാത്രം ഉണർന്നു.


Related Articles