ബാറിലെ ജോലി കഴിഞ്ഞു തളർന്നെത്തുന്ന അമ്മയെ കാത്തിരുന്ന പെൺകുട്ടി ഒരുദിവസം വിചാരിക്കുന്നു, താൻ ജനിച്ചില്ലായിരുന്നുവെങ്കിൽ അമ്മക്ക് ഇതിലും കുറച്ചു ജോലിയെടുത്താൽ മതിയായിരുന്നു. അപമാനകരമായ ദാരിദ്ര്യം, തനിയെ കുട്ടികളെ വളർത്തേണ്ടിവരുന്ന സ്ത്രീകൾ നേരിടുന്ന ദുരിതം- ഇതാണു മീകോ കവകാമിയുടെ (Mieko Kawakami) ബ്രസ്റ്റ്സ് ആൻഡ് എഗ്ഗ്സ് (Breasts and Eggs) എന്ന നോവലിന്റെ പശ്ചാത്തലം.
തൊഴിലാളിസ്ത്രീകളുടെ ലോകമാണത്. വിശ്രമമില്ലാതെ പണിയെടുത്ത് ഒരുദിവസം അർബുദം പോലെ ഏതെങ്കിലും തീരാവ്യാധിക്ക് അവർ കീഴടങ്ങുകയും ചെയ്യും. ഈ സ്ത്രീകൾ ജോലിയെടുത്തും സ്വപ്നം കണ്ടും ജീവിക്കുന്നവരാണ്. ഒരു പുരുഷനും അവർക്കു സമാധാനമോ സഹായമോ കൊണ്ടുവരുന്നില്ല. അതുകൊണ്ടാണ് ഈ കൃതിയുടെ കാഴ്ചപ്പാടുകളെ മുൻനിർത്തി ഇതിനെ ഫെമിനിസ്റ്റ് നോവൽ എന്നു വിശേഷിപ്പിക്കുന്നത്. തന്റെ ഫെമിനിസത്തിന്റെ സാഹചര്യം എന്താണെന്നു കവകാമി തന്നെ വിശദീകരിക്കുന്നുണ്ട്- ''സ്ത്രീകൾ മനുഷ്യരാണ്, പുരുഷന്മാരെപ്പോലെത്തന്നെ. പക്ഷേ നൂറ്റാണ്ടുകളായി സ്ത്രീകൾ സാമൂഹിക ഉച്ചനീചത്വവും വിവേചനവും നേരിടുന്നു, അവർ സ്ത്രീകളായതുകൊണ്ടുമാത്രം. ഫെമിനിസം എന്നതു ഒരു മനുഷ്യപ്രശ്നമാണ്.’’
മൂന്നു സ്ത്രീകളാണ് നോവലിന്റെ ആദ്യഭാഗത്തു നിറഞ്ഞുനിൽക്കുന്നത്. ആഖ്യാതാവായ നട്സൂകോ മുപ്പതുകാരിയായ എഴുത്തുകാരിയാണ്. എഴുത്തുകാരിയുടെ പ്രശ്നം സ്വന്തം ഭാഷ എങ്ങനെ നിർമിക്കുമെന്നതു മാത്രമല്ല, സ്വന്തം ശരീരത്തിന് എന്തെങ്കിലും അർത്ഥമുണ്ടോ എന്നു കൂടിയാണ്. ഇങ്ങനെ ഇരട്ടപ്രശ്നത്തിനു നടുവിൽ നിൽക്കുന്ന ഒരു നരേറ്റർ ആണ് കഥാകേന്ദ്രം. തന്റെ മൂത്തസഹോദരി, 12 വയസ്സുള്ള മകളുമായി ടോക്കിയോ നഗരത്തിലേക്കു നട്സൂകോയുടെ അതിഥിയായി എത്തുന്ന ദിവസമാണു കഥ തുടങ്ങുന്നത്. പന്ത്രണ്ടുവയസ്സുകാരി അമ്മയോടു മിണ്ടാറില്ല. അത്യാവശ്യ ആശയവിനിമയത്തിന് എഴുതിക്കാണിക്കും. അവൾ സ്കൂളിൽ എല്ലാവരോടും മിണ്ടാറുണ്ട്. അമ്മയോടു മാത്രമാണു മൗനം. മാസങ്ങളായി അങ്ങനെയാണ്. അവൾ നോട്ട്ബുക്കിൽ എഴുതുന്ന കാര്യങ്ങളാണ് നോവലിന്റെ ആദ്യഭാഗത്തിലെ പ്രധാന ആകർഷണമെന്ന് പറയാം.
