തട്ടകക്കാരണവരെ ഓർക്കുമ്പോൾ

World of Letters

തട്ടകക്കാരണവരെ ഓർക്കുമ്പോൾ


തിക്കോടി മീത്തലപ്പള്ളിയുടെ മുറ്റത്തേക്ക് വന്നു നിർത്തിയ ആംബുലൻസിൽ നിന്നും പള്ളിപ്പടിയിലേക്ക് കിടത്തിയ വെള്ള പുതച്ച ജനാസക്ക് മുന്നിൽ നമസ്കാരത്തിന് വരി നിൽക്കുമ്പോഴും, മരച്ചുവട്ടിൽ ഒരുക്കിയ ഖബറിലേക്ക് ആ ശരീരം എടുത്തുവെച്ച് മൂടുകല്ലുകൾ ഓരോന്നായി നിരത്തുമ്പോൾ വെള്ളത്തുണിയുടെ നിറം കണ്ണിൽ നിന്ന് മാഞ്ഞു മാഞ്ഞു പോവുമ്പോഴും ഖബറിലേക്ക് മൂന്നു പിടി മണ്ണ് വാരിയിട്ട് പ്രാർത്ഥനകൾ ഉരുവിടുമ്പോഴും ഞാനോർത്തത് ഈ മനുഷ്യൻ എനിക്കാരായിരുന്നു എന്നാണ്. വായനയുടെ രസം അറിഞ്ഞ കാലം മുതൽ ഒരുപാട് അകലെ നിന്നും ആദരവോടെ കണ്ട എഴുത്തുകാരൻ. എന്റെ നാട്ടുമൊഴിയിൽ കഥകൾ പറഞ്ഞ് തട്ടകത്തിന് പേരും പെരുമയും ഉണ്ടാക്കി തന്ന, നാടിന്റെ അഭിമാനമായ സാഹിത്യകാരൻ. അടുത്തു പരിചയപ്പെട്ട കഴിഞ്ഞ മൂന്നു കൊല്ലവും ഒരുപാട് സ്നേഹവും വാത്സല്യവും ചൊരിഞ്ഞു തന്ന് അത്ഭുതപ്പെടുത്തിയ വലിയ മനുഷ്യൻ.....

വായന ലഹരിയായി കൊണ്ടു നടന്ന പതിനഞ്ചാം വയസ്സിലാണ് ആദ്യമായൊരു പുസ്തകം പണം കൊടുത്തു വാങ്ങുന്നത്. കൊയിലാണ്ടിയിലെ സ്വരാജ് ബുക്സ്റ്റാളിൽ നിന്ന്. ചുവന്ന ചട്ടയിൽ കറുത്ത മനുഷ്യരൂപങ്ങൾ വറഞ്ഞ പുസ്തകത്തിന്റെ പേര് 'തൃക്കോട്ടൂർ പെരുമ'. എന്റെ തൊട്ടടുത്ത നാടിന്റെ പേരാണല്ലോ തൃക്കോട്ടൂർ എന്ന കൗതുകം കൊണ്ടാണ് ഇരുപത്തിയെട്ട് രൂപ കൊടുത്തു പുസ്തകം വാങ്ങിയത്.

വായിച്ചു തുടങ്ങിയപ്പോൾ പുസ്തകത്തിന്റെ പേരിൽ മാത്രമല്ല, എന്റെ നാടിന്റെ അതേ 'പയക്ക'ത്തിലാണല്ലോ കഥ പറച്ചിലും എന്നത് അതിശയപ്പെടുത്തി. അച്ചടി ഭാഷയിൽ അല്ലാതെ ഞങ്ങളുടെ വടക്കൻ മലയാളത്തിൽ വർത്തമാനം പറയുന്ന കഥാപാത്രങ്ങളോ!. കൊള്ളും, ബന്നിങ്ങയും ഊയ്യാരവും, ചൂടാന്തിരിയും.... പിന്നെ പുസ്തകത്തിലുടനീളം ചിങ്ങപുരവും മൂടാടിയും ചെമഞ്ചേരിയും പന്തലായനിയും പള്ളിക്കരയും പാലക്കുളവുമൊക്കെ. എന്റെ നാടും പരിസരപ്രദേശങ്ങളും അവിടെ നിന്നുള്ള കഥാപാത്രങ്ങളും ഭാഷയുടെ നാട്ടുവഴക്കവും കൊണ്ട് വായിക്കുമ്പോഴും, കഥപറച്ചിലിന്റെ ഇന്ദ്രജാലം കൊണ്ട് വായിച്ചു കഴിഞ്ഞും മനസ്സിൽ നിന്ന് ഇറങ്ങിപ്പോവാതെ എഴുത്തും എഴുത്തുകാരനും എനിക്ക് പ്രിയപ്പെട്ടവനായി.


Related Articles