നഗരം നിര്‍മ്മിക്കുന്ന നരകങ്ങള്‍: ശങ്കറിന്റെ രചനാലോകം

World of Letters

നഗരം നിര്‍മ്മിക്കുന്ന നരകങ്ങള്‍: ശങ്കറിന്റെ രചനാലോകം


യുദ്ധങ്ങള്‍, ദേശീയ പ്രസ്ഥാനം, സായുധ കലാപങ്ങള്‍, നവോത്ഥാനശ്രമങ്ങള്‍, വര്‍ഗ്ഗീയ കലാപങ്ങള്‍, വിഭജനം, അഭയാര്‍ഥി പ്രവാഹങ്ങള്‍ എന്നിങ്ങനെ വിഭിന്ന ശക്തികളാല്‍ നിരന്തരം ഉഴുതുമറിക്കപ്പെട്ട മണ്ണാണ് ബംഗാളിന്റേത്. ഈ ഘര്‍ഷണങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞുവന്ന ഈടുവെയ്പുകളാണ് സാഹിത്യത്തിലും സിനിമയിലും ബംഗാളി ഭാഷയെ ഇന്ത്യയില്‍ തന്നെ പ്രഥമസ്ഥാനത്ത് നിലനിര്‍ത്തിയത്. ബിമല്‍ മിത്ര മുതല്‍ സുചിത്ര ഭട്ടാചാര്യ വരെ സമ്പന്നമായ ബംഗാളി സാഹിത്യത്തെ എം എന്‍ സത്യാര്‍ഥിയും, ലീല സര്‍ക്കാരും, രവി വര്‍മ്മയും, സുനില്‍ ഞാളിയത്തുമൊക്കെ മലയാളത്തിലെത്തിച്ചു. അവര്‍ മലയാളത്തില്‍ എത്തിച്ചവരില്‍ ഒരാളായിരുന്നു ശങ്കര്‍ എന്നറിയപ്പെട്ട മണിശങ്കര്‍ മുഖര്‍ജിയും (മണിശങ്കര്‍ മുഖോപാധ്യായ്). അദ്ദേഹം കഴിഞ്ഞ ദിവസം (2026 ഫെബ്രുവരി 20-ന്) അന്തരിച്ചതോടെ ബംഗാളി സാഹിത്യത്തിലെ ഒരു തലമുറക്കാണ് അന്ത്യമാകുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കല്‍ക്കത്ത നഗരത്തില്‍ വളര്‍ന്നുവന്ന പുതിയ മദ്ധ്യവര്‍ഗ്ഗത്തിന്റെ കഥയാണ് ശങ്കറിന്റെ നോവലുകളായ ചൗരംഗിയും സീമാബദ്ധയും ജനാരണ്യയുമൊക്കെ പറയുന്നത്. ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയും സാവിത്രി റോയുമൊക്കെ ബംഗാളിലെ ഗ്രാമീണ ജീവിതത്തിന്റെ കഥ പറഞ്ഞപ്പോള്‍ ശങ്കര്‍ കല്‍ക്കത്ത നഗരത്തിലെ തൊഴിലാളികളും മിക്കപ്പോഴും പരാജിതരാകാന്‍ വിധിക്കപ്പെട്ടവരുമായ മനുഷ്യരുടെ കഥയാണ് പറഞ്ഞത്. മദ്ധ്യവര്‍ഗ്ഗക്കാരുടെ ആര്‍ത്തിയും, പൊങ്ങച്ചവും, കുടില മാര്‍ഗ്ഗങ്ങളുമൊക്കെ നോവലുകളുടെ പ്രമേയമായി. പരാജയപ്പെട്ട പ്രണയങ്ങളുടെ കഥകള്‍ കൂടിയായിരുന്നു ആദേഹത്തിന്റെ നോവലുകള്‍. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ജീവിത സംഘര്‍ഷങ്ങളും അവയില്‍ ആവിഷ്‌കരിക്കപ്പെട്ടു.

അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതിയായ ചൗരംഗി 1950-കളില്‍ അതേപേരിലുള്ള നഗരഭാഗത്ത് സ്ഥിതിചെയ്യുന്ന ഷാജഹാന്‍ എന്ന ഹോട്ടലിലെ തൊഴിലാളികളുടേയും താമസിക്കാനെത്തുന്നവരുടേയും കഥയാണ് പറയുന്നത്. അതിലൂടെ മനുഷ്യജീവിതത്തെ മുന്നോട്ട് നയിക്കുന്ന ആശകളേയും, ആശാഭംഗങ്ങളേയും ആവിഷ്‌കരിക്കുന്നു. കഥയിലെ ആഖ്യാതാവ് നോവലിസ്റ്റിന്റെ തന്നെ പ്രതിരൂപമാണ്. സമൂഹത്തില്‍ ഉന്നതരെന്ന് കരുതപ്പെടുന്നവരുടെ വ്യക്തിത്വത്തിന്റെ ഇരുണ്ടവശങ്ങള്‍ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു. ഓരോ വ്യക്തിയുടേയും ജീവിതം പലതരം സമരങ്ങളുടെ ആകെത്തുകയാണെന്ന് ശങ്കര്‍ പറഞ്ഞുവെക്കുന്നു. പിനാകി ഭൂഷണ്‍ മുഖര്‍ജി ഈ നോവലിനെ ആസ്പദമാക്കി അതേപേരില്‍ ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.


Related Articles