ഒറ്റയ്ക്ക് അതിർത്തി കടന്ന് യൂറോപ്പിൽ എത്തിയ കുറേ ആണ്‍കുട്ടികളെ പാർപ്പിച്ചിരിക്കുന്ന ഗവണ്മെന്റിന്റെ വക ഒരു പുനരധിവാസകേന്ദ്രം സ്പെയിനിൽ ഞാൻ താമസിക്കുന്ന വീടിനടുത്തുണ്ട്. അച്ഛനുമമ്മയും സ്ഫോടനങ്ങളിലോ തീവ്രവാദികളുടെ ആക്രമണത്തിലോ മരിച്ചുപോയവർ, കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ടുപോയവർ, എന്തെങ്കിലും രക്ഷാമാർഗം കണ്ടെത്തണം എന്ന ലക്ഷ്യവുമായി വീട് വിട്ടു പോന്നവർ, സന്നദ്ധസംഘടനകൾ രക്ഷപ്പെടുത്തിക്കൊണ്ടുവന്നവർ... അങ്ങനെ പല തരക്കാർ. ഒറ്റയ്ക്ക് കടലുകൾ കടന്നെത്തിയ പതിമൂന്നിനും പതിനെട്ടിനും ഇടയ്ക്ക് പ്രായം വരുന്ന കുട്ടികൾ.
അവരെ കാണണം, സംസാരിക്കണം എന്ന ആഗ്രഹവുമായി വൈകുന്നേരങ്ങളിലെ നടപ്പ് ആ സ്ഥാപനത്തിന് സമീപത്തേക്ക് മാറ്റിയെങ്കിലും ഉള്ളിൽ നിന്ന് മുഴങ്ങുന്ന അവരുടെ ആഹ്ലാദാരവങ്ങൾ മതിലിന് ഇപ്പുറത്തുനിന്ന് കേൾക്കാൻ കഴിഞ്ഞതല്ലാതെ എന്റെ ഉദ്ദേശ്യം ഒരിക്കലും നടന്നില്ല. അവർ ചിരിക്കുന്നുണ്ടല്ലോ എന്ന ആശ്വാസവുമായി എല്ലാ ദിവസവും തിരികെ പ്പോരുകയാണ് പതിവ്.
ഒരു ദിവസം വെറുതെ അലയാൻ ഇറങ്ങിയ എന്റെ മുന്നിൽ ഒരു വെളുത്ത വാൻ വന്നുനിന്നു. ആ കുട്ടികളെ സ്കൂളിൽ നിന്ന് തിരിച്ചുകൊണ്ടുവരുന്ന വണ്ടിയാണ് അതെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലായി. ഡ്രൈവർ പുറത്തിറങ്ങി എഞ്ചിനിൽ എന്തോ പരിശോധിക്കുകയാണ്. ഗവണ്മെന്റിന്റെ സംരക്ഷണയിലുള്ള ആ കുട്ടികളോട് പ്രത്യേകാനുവാദം ഇല്ലാതെ സംസാരിക്കാൻപോലും പാടില്ല എന്ന് അറിയാമായിരുന്നുവെങ്കിലും എന്റെ കാലുകൾ വാനിന് അടുത്തേക്ക് ചലിച്ചു.
