ആദ്യകാല സംസ്‌കാരങ്ങളെക്കുറിച്ചാണ് ഇനി ഞാന്‍ നിന്നോടു പറയാന്‍ പോകുന്നത്. അതിനുമുമ്പ് സംസ്‌കാരം എന്നാല്‍ എന്താണര്‍ത്ഥമെന്നു മനസ്സിലാക്കേണ്ടതുണ്ട്. സംസ്‌കാരമുണ്ടാവുക എന്നുവച്ചാല്‍ കൂടുതല്‍ നന്നാവുക, സ്വയം ശുദ്ധീകരിക്കുക, പ്രാകൃതമായ സ്വഭാവങ്ങള്‍ക്കു പകരം നല്ല സ്വഭാവങ്ങളുണ്ടാവുക എന്നൊക്കെയാണ് അര്‍ത്ഥമെന്ന് നിഘണ്ടു പറഞ്ഞുതരും. ഇത് വിശേഷിച്ചും ഒരു സമൂഹത്തിനോ ഒരു കൂട്ടം ആളുകള്‍ക്കോ ആണു ബാധകമാകുന്നത്. മനുഷ്യന്‍ മൃഗങ്ങളെക്കാള്‍ ഒട്ടും മെച്ചമല്ലാതിരുന്ന ആ പ്രാകൃതാവസ്ഥയെ കാട്ടാളത്തം എന്നാണു വിളിക്കുക. അതിന്റെ നേര്‍വിപരീതമാണ് സംസ്‌കാരം. കാട്ടാളത്തത്തില്‍നിന്ന് നാം എത്ര അകലുന്നുവോ, സംസ്‌കാരത്തിലേക്ക് അത്രയും അടുക്കുന്നു.
പക്ഷേ, ഒരു വ്യക്തിക്കോ സമൂഹത്തിനോ കാട്ടാളത്തമാണോ സംസ്‌കാരമാണോ ഉള്ളതെന്ന് എങ്ങനെ തിരിച്ചറിയാനാവും? യൂറോപ്പിലെ പലരും കരുതുന്നത് അവര്‍ വളരെ സംസ്‌കാരമുള്ളവരും ഏഷ്യാക്കാരെല്ലാം കിരാതന്മാരുമാണെന്നാണ്. ഏഷ്യയിലെയും ആഫ്രിക്കയിലെയും മനുഷ്യരെക്കാള്‍ കൂടുതല്‍ വസ്ത്രം യൂറോപ്യന്മാര്‍ ധരിക്കുന്നതുകൊണ്ടാണോ അത്? പക്ഷേ, വസ്ത്രങ്ങള്‍ കാലാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. തണുപ്പുള്ളപ്പോള്‍ ചൂടുള്ളപ്പോഴുള്ളതിനെക്കാള്‍ വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. അതോ കൈയില്‍ തോക്കുള്ള ഒരാള്‍ ആയുധങ്ങളില്ലാത്തവരെക്കാള്‍ കരുത്തരായതുകൊണ്ടാണോ? അതാണോ സംസ്‌കാരത്തിന്റെ അടയാളം? തോക്കുള്ളയാള്‍ക്ക് സംസ്‌കാരമുണ്ടോ ഇല്ലയോ എന്ന് ദുര്‍ബലനായ ആള്‍ക്കു തുറന്നുപറയാന്‍ പറ്റില്ല. അയാള്‍ വെടികൊണ്ടു മരിക്കുമെന്നുറപ്പ്.
