'ഒരു മെയില്‍ ക്ലബ് ആണ് സിനിമാലോകം...'

World of Letters

'ഒരു മെയില്‍ ക്ലബ് ആണ് സിനിമാലോകം...'


രുപതാംനൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള കലാരൂപമായ സിനിമ കേരളത്തിലെ സ്ത്രീജീവിതത്തെ ആവിഷ്‌കരിക്കുന്നതില്‍ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ഇപ്പോഴും സൂക്ഷ്മവും വിശദവുമായ പഠനങ്ങള്‍ക്ക് വിധേയമായിട്ടില്ല. മലയാളത്തില്‍ ഉണ്ടായ ആദ്യത്തെ സിനിമ[1] ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിലിറങ്ങിയ സിനിമകളില്‍ നിന്ന് അതിന്റെ സാമൂഹ്യപരമായ സമകാലികപ്രമേയത്താല്‍ വ്യത്യസ്തമായിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ അന്നു മുതല്‍ മലയാളം സിനിമ പ്രമേയം തെരഞ്ഞെടുക്കുന്നതിലായാലും അതിനുള്ളിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലായാലും നരേറ്റീവിന്റെ കാര്യത്തിലായാലും കാണിച്ചിട്ടുള്ള വ്യത്യസ്തമായ ഐഡന്റിറ്റി പക്ഷേ, സ്ത്രീകളെ ചിത്രീകരിക്കുന്ന കാര്യത്തില്‍ മറ്റു ഭാഷാചിത്രങ്ങളില്‍ നിന്ന് നിര്‍ണ്ണായകമായ വ്യത്യാസമൊന്നും കാണിച്ചിട്ടില്ലെന്ന് വിലയിരുത്തപ്പെടുന്നു[2]. സിനിമ അതിന്റെ തുടക്കം മുതല്‍ അങ്ങേയറ്റം പുരുഷാധിപത്യപരമായ പ്രവര്‍ത്തനമേഖലയായിരിക്കുകയും സ്ത്രീകള്‍ ഇതിനുള്ളില്‍ ക്യാമറയുടെ മുന്നില്‍ നിന്ന് അഭിനയിക്കുന്ന റോളില്‍ മാത്രം ഒതുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

സിനിമയില്‍ നടന്ന സ്ത്രീകളുടെ വാര്‍പ്പുവല്‍ക്കരണവും പ്രതിനിധാനങ്ങളും തീര്‍ത്തും സിനിമയിലെ പുരുഷാധികാരവ്യവസ്ഥയുടെ നിര്‍മ്മിതിയായി മാറി എന്നത് അപ്രതീക്ഷിതമല്ല. ഉത്തമ സ്ത്രീയുടെ സ്‌ത്രൈണഗുണങ്ങളും ഉത്തമപുരുഷന്റെ പൗരുഷഗുണങ്ങളും നിര്‍വചിക്കുകയും വ്യാഖ്യാനിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന പുരുഷാധിപത്യ സിനിമാമണ്ഡലം, സമൂഹം സ്ത്രീയെ സംബന്ധിച്ചും പുരുഷനെ സംബന്ധിച്ചുമുള്ള വാര്‍പ്പുരൂപങ്ങള്‍ അതിന്റെ കലാ സാങ്കേതികഘടകങ്ങളിലൂടെ സമര്‍ത്ഥമായി നിര്‍മ്മിച്ചെടുക്കുന്നു. സമൂഹത്തില്‍ മേധാവിത്വമുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും പ്രകടനമാണ് സിനിമയില്‍ കാണുന്ന ഇത്തരം വാര്‍പ്പുരൂപങ്ങളും അവയുടെ പ്രതിനിധാനങ്ങളും. പ്രതിനിധാനങ്ങള്‍ ഒരിക്കലും സ്വാഭാവിക ചിത്രീകരണമല്ല. അവയുടെ പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം കര്‍ശനമായി വിലയിരുത്തുമ്പോള്‍ പ്രതിനിധാനങ്ങള്‍ നിര്‍മ്മിതമായ ബിംബങ്ങളാണെന്ന് കാണാം. പ്രതിനിധാനം വ്യാഖ്യാനങ്ങള്‍കൊണ്ട് നിറഞ്ഞതാണ്.

ഈ പ്രതിനിധാനങ്ങള്‍ സമൂഹത്തിലെ അധികാരബന്ധങ്ങളെ സേവിക്കുകയും അധീശത്വപങ്ക് നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ഇത്തരം സാമൂഹ്യമൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന മിഥ്യാത്മകമായ വാര്‍പ്പുരൂപങ്ങള്‍ സത്യമായി വിശ്വസിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. സമൂഹത്തില്‍ സ്ത്രീകളുടെ കീഴ്‌നില തുടര്‍ച്ചയായി ഉത്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും സാധാരണീകരിക്കുകയും ചെയ്യുന്ന അധികാരരൂപങ്ങളായി സംഭാഷണങ്ങള്‍, ശരീരചലനങ്ങള്‍, പ്രവൃത്തികള്‍, സാങ്കേതികവിദ്യ എന്നിവ ഉപയോഗിക്കപ്പെടുന്നു. തിന്മ, പെരുപ്പിച്ചുകാണിക്കല്‍, വളച്ചൊടിക്കല്‍, പാരഡി തുടങ്ങിയ രീതിയില്‍ സിനിമയില്‍ ഈ പ്രതിനിധാനങ്ങള്‍ സജീവമാണ്. യാഥാര്‍ത്ഥ്യത്തെയും വസ്തുതകളെയും തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും ഇത്തരം പ്രതിനിധാനങ്ങള്‍കൊണ്ടു കഴിയും. ഇങ്ങനെ യാഥാര്‍ത്ഥ്യത്തിന്റെ തെറ്റായ വ്യാഖ്യാനങ്ങളിലൂടെ സ്ത്രീകളെക്കുറിച്ചുള്ള പൊതുവായ സാംസ്‌കാരികധാരണകളെ നിര്‍മ്മിച്ചെടുക്കുന്നതില്‍ മലയാള സിനിമ വളരെ മുമ്പില്‍ നില്‍ക്കുന്നു.


Related Articles