പ്രിയപ്പെട്ട മനുഷ്യാ,
സ്‌നേഹം ഞാന്‍ നിനക്കു തരികയോ നീ എനിക്കു തരികയോ അല്ല. അനുയോജ്യമായ ഇടങ്ങളില്‍ സ്‌നേഹം സ്വയം വന്നുപാര്‍ക്കുകയാണ്. സ്‌നേഹയോഗ്യരായ മനുഷ്യര്‍ക്കിടയില്‍ സുരക്ഷിതമായി തങ്ങിനില്‍ക്കുകയും അവര്‍ സ്‌നേഹയോഗ്യരല്ലെന്ന് അറിയുന്ന നിമിഷം ഖേദത്തോടെ ഇറങ്ങിപ്പോവുകയും ചെയ്യുകയാണ്.
ഒരു കഥ പറഞ്ഞുതരാം:
അസ്തമയനേരത്ത് കൂടുതല്‍ ഭംഗിയുള്ള സൂര്യനെപ്പോലെ, ആ നഴ്‌സിങ് ഹോമിലെ മുഴുവന്‍ വൃദ്ധരുടെയും മുഖങ്ങള്‍ പ്രസന്നമാണ്. ആയുസ്സിന്റെ ക്ഷോഭങ്ങളെയെല്ലാം അതിജീവിച്ചെത്തിയതിന്റെ ശാന്തതയും ആയുസ്സെന്താണെന്ന് അറിഞ്ഞതിന്റെ നിസ്സാരതയുംകൊണ്ട് പുതിയ ദിവസങ്ങളെ ആനന്ദത്തോടെ എതിരേല്‍ക്കുന്നു. പൂര്‍ത്തിയാക്കിയ നിയോഗങ്ങളെല്ലാം സന്തുഷ്ടമായ ഓര്‍മ്മകളും ആല്‍ബങ്ങളുമായി ഇടയ്ക്കിടെ തുറന്നും അടച്ചും അവര്‍ ഭൂതകാലത്തിന് കൈകൊടുക്കുന്നു. ശൂന്യമായിപ്പോകാന്‍ ഇറ്റുനേരവും ഇടകൊടുക്കാതെ, ശരീരത്തിനേറ്റ പാടുകള്‍ മറന്ന് അവര്‍ കൗമാരകാലത്തിന് നവജന്മമേകുന്നു.
