എന്റെ വായനയിലെ വിമർശനം  മുന്നേറിയവിധം

World of Letters

എന്റെ വായനയിലെ വിമർശനം മുന്നേറിയവിധം


ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് നോവലുകളാണ്. നോവലിന്റെ ഒരു പ്രത്യേകത അത് തികച്ചും ആധുനിക വ്യവസായവിപ്ലവത്തോടൊപ്പം ആവിര്‍ഭവിച്ച ആഖ്യാനരൂപമാണെന്നതാണ്. വ്യവസായ വിപ്ലവത്തിനുമുന്‍പ് നോവല്‍ ഒരു സാഹിത്യ രൂപമായി ലോകത്ത് എവിടേയും നിലനിന്നിട്ടില്ല. മലയാളികള്‍ എന്നും നോവല്‍വായനയില്‍ വളരെ മുന്‍പന്തിയിലാണ്. നമ്മുടേതു പോലെ ഗ്രന്ഥശാലാപ്രസ്ഥാനങ്ങള്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലെന്നുതന്നെ പറയാം. ഔപചാരിക വിദ്യാഭ്യാസം സാര്‍വത്രികമായതോടുകൂടി വിദ്യാലയങ്ങളില്‍നിന്നും നോവലുകള്‍ കിട്ടുന്ന സാഹചര്യം ഉയര്‍ന്നുവന്നു. സ്കൂള്‍ ലൈബ്രറികളില്‍ നിന്നും പ്രാദേശിക ലൈബ്രറികളില്‍നിന്നും മലയാളികള്‍ക്ക് ഇന്നും നോവലുകള്‍ ലഭിക്കാറുണ്ട്. അങ്ങനെ നോവല്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ ഒരു ജീവിതവ്യവസ്ഥ അതില്‍ കണ്ടു മുട്ടുന്നു. ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്ന നിലയിലാണ് നോവലുകള്‍ എന്നും രചിക്കപ്പെടുന്നത്. കിടപ്പറരഹസ്യവും അങ്ങാടി​രഹസ്യവും നോവലുകളില്‍ ലഭിക്കുന്നു. പഠിക്കുന്ന കാലത്ത് സ്കൂളുകളില്‍നിന്നും വായിക്കുന്ന പുസ്തകങ്ങള്‍ പെട്ടെന്ന് ഒരു ചലനവും ഒരാളില്‍ ഉണ്ടാക്കണമെന്നില്ല. എങ്കിലും ആ വായനാനുഭവം നമ്മുടെ മനസ്സിന്റെ ഏതോ കോണില്‍ അവിടെ കിടക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മായുടെ ആട് ഞാന്‍ കുട്ടിക്കാലത്ത് വായിച്ച ഒരു ചെറിയ നോവലാണ്. വായിക്കുമ്പോള്‍ ആട് ഒരടുപ്പം എന്നിലുണ്ടാക്കിയിരുന്നു. കാരണം എന്റെ വീട്ടില്‍ അന്ന് ആടുകളുണ്ടായിരുന്നു. ആടിനെ കെട്ടാന്‍ വീടിനോടു ചേർന്ന് പ്രത്യേക സ്ഥലവും ഉണ്ടായിരുന്നു. ആടിന്റെ പെരുമാറ്റങ്ങള്‍, ശബ്ദങ്ങള്‍, ഇടപെടലുകള്‍ എല്ലാം ബഷീറിന്റെ നോവലില്‍ വായിക്കുമ്പോള്‍ നേരനുഭവമായി ബാലനായ എന്നെ സ്പര്‍ശിക്കുന്നുണ്ടായിരുന്നു. ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ വീട്ടിലും പരിസരത്തുമുള്ള ആടുകളും പാത്തുമ്മായുടെ ആടും ഒന്നിച്ച് കൂടെ വരും.

അതിലെ മറ്റു കഥാപാത്രങ്ങളും പരിചിതം. പാത്തുമ്മ എന്റെ വീട്ടിലെ പതിവുസാന്നിധ്യം. എന്നാല്‍ ആ നോവലിന്റെ രാഷ്ട്രീയം അന്നെനിക്കു മനസ്സിലായിട്ടേയില്ല. കാരണം ഞാന്‍ രാഷ്ട്രീയ​വായന​യിലേക്കോ, സൈദ്ധാന്തികവായനയിലേക്കോ അന്ന് വികസിച്ചിട്ടുണ്ടായിരുന്നില്ല. വെറുതേ വായിച്ച് ആസ്വദിക്കുന്ന ഒരാള്‍ മാത്രം. അവിടെ അപഗ്രഥനമോ ചിന്തയോ പ്രവർത്തിക്കുന്നില്ല. മുന്‍വിധികളോ, ശീലമോ, പരിചയമോ ആണ് അവിടെ പ്രവർത്തി​ക്കുന്നത്. പിന്നീട് ദീര്‍ഘകാലം കഴിഞ്ഞു തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍നിന്നും സഹപ്രവർത്തകനായിരുന്ന എം. എ. റഹ്‌മാന്‍ പാത്തുമ്മായുടെ ആട് അവലംബിച്ച് ഒരു പുസ്തകം എഡിറ്റ് ചെയ്യുമ്പോള്‍ എന്നോടും ഒരു ലേഖനം ആവശ്യപ്പെട്ടു. അപ്പോള്‍ ഞാന്‍ വീണ്ടും ആ ചെറിയ നോവല്‍ ഒന്നുകൂടി വായിച്ചു. അപ്പോഴാണ് യഥാര്‍ഥത്തില്‍ ഞാന്‍ ആ നോവലിലെ രാഷ്ട്രീയ ധ്വനികള്‍ തിരിച്ചറിയുന്നത്. അങ്ങനെയാണ് ഞാന്‍ പാത്തുമ്മായുടെ ആട്, ഒരു ഭാഷാപരമായ കലാപം എന്ന ലേഖനം ആ പുസ്തകത്തിനുവേണ്ടി എഴുതിയത്. വാസ്തവത്തില്‍ നമ്മുടെ വായനകള്‍ ഇങ്ങനെ രണ്ടു ഘട്ടങ്ങളിലൂടെ കടന്നുപോകുമെന്നതാണ് യാഥാര്‍ഥ്യം. ഒരു ഘട്ടം നമ്മുടെ ആസ്വാദനത്തില്‍ ഒതുങ്ങി​യേക്കാം. എ. കെ. ടി. കെ. എം. നമ്പൂതിരി ഉമ്മയെയും ബാപ്പ​യെയും മാതാവും പിതാവുമാക്കി എഡിറ്റ് ചെയ്ത സന്ദര്‍ഭങ്ങളെ അതിജീവിച്ചുകൊണ്ടാണ് ബഷീര്‍ സാഹിത്യത്തില്‍ പ്രബലസ്ഥാനത്തുതന്നെ നിലയുറപ്പിച്ചത്. നമ്മുടെ വായന എഴുത്തായും എഴുത്ത് വായനയായും പരിണമിക്കും. നാല്പതു വയസ്സു കഴിഞ്ഞ ഒരാള്‍ എഴുതാനുംകൂടിയാണ് വായിക്കുന്നതെന്ന് ഴാങ് പോള്‍ സാര്‍ത്രേ ഒരഭിമുഖത്തില്‍ പറയുന്നുണ്ട് (Between Existentialism and Marxism). അടുക്കളയിലെയും വീട്ടിലെയും ഭാഷയില്‍ എഴുതാമെന്നും ഉമ്മയെന്നും ബാപ്പയെന്നും സംബോധനചെയ്താലും സാഹിത്യമാകുമെന്നും കാണിച്ചുകൊടുക്കുകയായിരുന്നു ബഷീര്‍. പിന്നേയും ദീര്‍ഘകാലം കഴിഞ്ഞാണ് ആദിവാസിഭാഷ മുതല്‍ കടലോരഭാഷയായ കടപ്പറപാസ (ഡി. അനില്‍കുമാര്‍) വരെയും മലയാളികള്‍ പരിചയപ്പെടുന്നത്. മലയാളത്തിലെ ആദ്യത്തെ ആദിവാസിനോവലായ കൊച്ചരേത്തി നാരായന്‍ രചിച്ചത് 1990-നു​ശേഷമാണ്. ആ നോവലിനെ അടയാളപ്പെടുത്തിയും സ്തുതിച്ചും ഒരു ലേഖനം എഴുതിയപ്പോള്‍ ചില മുഖ്യധാരാ എഴുത്തുകാര്‍ എന്നെയും ഒപ്പം നോവലിനെയും പരിഹസിച്ചിരുന്നു. സ്വദേശാഭി​മാനി രാമകൃഷ്ണപിള്ള ബാലാകലേശം നാടകത്തെ വിമര്‍ശിച്ചപോലെയാണ് വിമര്‍ശിക്കേണ്ടതെന്നും അല്ലെങ്കില്‍ എഴുത്തുകാര്‍ വഷളാകുമെന്നും പി. കെ. രാജശേഖരന്‍ എനിക്കു സാരോപദേശം നല്കി. എന്തായാലും നാരായന്‍ പിന്നീട് കഥകളും നോവലുകളും എഴുതി പ്രസിദ്ധമായി. ഹിന്ദി, ഇംഗ്ലിഷ്, തമിഴ് മുതലായ പല ഭാഷകളിലും കൊച്ചരേത്തി പരിഭാഷപ്പെട്ടു.


Related Articles