മംഗോളിയ സന്ദര്‍ശിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ടായത് ജാക്ക് വെതെര്‍ഫോര്‍ഡ് എഴുതിയ ചെങ്കിസ് ഖാന്‍ ആന്‍ഡ് ദി മേക്കിങ് ഓഫ് ദി മോഡേണ്‍ വേള്‍ഡ് എന്ന പുസ്തകം വായിച്ചതിനുശേഷമാണ്. അതുവരെ ചെങ്കിസിനെ ഒരു കാടന്‍ ഭരണാധികാരിയായി മാത്രമാണ് മനസ്സിലാക്കിയിരുന്നത്. എന്നാല്‍ വെതെര്‍ഫോര്‍ഡ് എഴുതിയ പുസ്തകം ചെങ്കിസിന്റെ മറ്റൊരു വശം കാണിച്ചു തന്നു. അദ്ദേഹം ലോകത്തു വരുത്തിയ ഗുണകരമായ മാറ്റങ്ങളെപ്പറ്റി മനസ്സിലാക്കിയപ്പോള്‍ ആരാധന വളര്‍ന്നു. ഫ്യൂഡല്‍സമ്പ്രദായത്തെ ചെങ്കിസ് തകര്‍ത്തെറിഞ്ഞു. വ്യക്തിഗത യോഗ്യത, വിശ്വസ്തത, നേട്ടങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി മാത്രമായിരുന്നു സൈനികര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയിരുന്നത്.
സില്‍ക്ക് റൂട്ടിലെ തമ്മിലടിച്ചുകഴിഞ്ഞിരുന്ന വ്യാപാരനഗരങ്ങളെ കോര്‍ത്തിണക്കി ചരിത്രത്തിലെ ഏറ്റവും വലിയ സ്വതന്ത്രവ്യാപാര മേഖല ഉണ്ടാക്കിയെടുത്തത് അദ്ദേഹമാണ്. എല്ലാവരുടെയും നികുതി കുറച്ചു. ഡോക്ടര്‍മാര്‍, അധ്യാപകര്‍, പുരോഹിതര്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയെ നികുതിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കി. സ്വകാര്യസമ്പത്ത് വര്‍ധിപ്പിക്കുന്നതില്‍ അദ്ദേഹത്തിനു താത്പര്യമില്ലായിരുന്നു. യുദ്ധത്തില്‍ നേടിയെടുത്തതെല്ലാം എല്ലാവര്‍ക്കുമായി വീതിച്ചുനല്‍കി. അന്നത്തെ കാലത്ത് ഭരണാധികാരികള്‍ ഒരിക്കലും നിയമത്തിന്റെ പരിധിയില്‍ വരില്ലായിരുന്നു. എന്നാല്‍ ചെങ്കിസ് നടപ്പാക്കിയ നിയമങ്ങള്‍ രാജാവിനും പ്രജകള്‍ക്കും ഒരേപോലെ ബാധകമായിരുന്നു. ശത്രുരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ എല്ലാ അംബാസഡര്‍മാര്‍ക്കും നയതന്ത്രപ്രതിരോധം നല്‍കുന്ന പുതിയ സമ്പ്രദായം ഏര്‍പ്പെടുത്തിയത് ചെങ്കിസായിരുന്നു.
മംഗോളുകള്‍ സാങ്കേതികമുന്നേറ്റങ്ങളൊന്നും നടത്തിയില്ല, പുതിയ മതം സ്ഥാപിച്ചില്ല, പുതിയ വിളകളോ കാര്‍ഷികരീതികളോ ലോകത്തിനു നല്‍കിയില്ല. തുണി നെയ്യാനോ ലോഹം നിര്‍മ്മിക്കാനോ മണ്‍പാത്രങ്ങള്‍ ഉണ്ടാക്കാനോ ഒന്നും അറിയില്ലായിരുന്നു. എന്നിരുന്നാലും അവരുടെ സൈന്യം ഓരോ രാജ്യം കീഴടക്കുമ്പോഴും ഈ കഴിവുകളെല്ലാം ശേഖരിക്കുകയും ഒരു നാഗരികതയില്‍നിന്നു മറ്റൊന്നിലേക്കു കൈമാറുകയും ചെയ്തു. ആശയങ്ങളുടെയും വിജ്ഞാനത്തിന്റെയും പുതിയൊരു ലോകം അവര്‍ തുറന്നു. ജര്‍മ്മന്‍ ഖനിത്തൊഴിലാളികളെ ചൈനയിലേക്കും ചൈനീസ് ഡോക്ടര്‍മാരെ പേര്‍ഷ്യയിലേക്കും കൊണ്ടുപോയി. നാരങ്ങയും ക്യാരറ്റും പേര്‍ഷ്യയില്‍ നിന്നു ചൈനയിലേക്കു കൊണ്ടുവന്നതിനൊപ്പം, ചൈനക്കാരയുടെ ചായ പാശ്ചാത്യലോകത്തു പ്രചരിപ്പിച്ചു.
