ഭ്രാന്തൻ ആവേശങ്ങൾ

World of Letters

ഭ്രാന്തൻ ആവേശങ്ങൾ


1900 മുതൽ 2000 വരെയായിരുന്നു Common era അനുസരിച്ചുള്ള നൂറ്റാണ്ട്. വേറൊരു വിധത്തിൽ നോക്കിയാൽ ഇത് 2014. 1914 മുതൽ 2014 വരെയുള്ള നൂറുകൊല്ലവും ഒരു നൂറ്റാണ്ടാണ്. 1914 ന് ഒരു സവിശേഷതയുണ്ടല്ലോ. ഒന്നാം ലോകമഹായുദ്ധം തുടങ്ങിയ വർഷം. രണ്ടും തമ്മിൽ വലിയ അന്തരമില്ലാത്തതുകൊണ്ട് നമുക്ക് ഇടയിലൂടെ സഞ്ചരിക്കാം.

ഇരുപതാം നൂറ്റാണ്ടിന്റെ വാതിൽക്കൽ നിൽക്കുന്ന ലോകത്തെക്കുറിച്ചുള്ള തന്റെ പ്രശസ്തമായ കൃതി 'ദ പ്രൗഡ് ടവർ' ബാർബറാ ടക്മാൻ തുടങ്ങിയത് While from a proud tower in the town/Death looks gigantically down എന്ന എഡ്ഗർ അല്ലെൻപോവിന്റെ കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ്. ആ പ്രൗഢഗോപുരത്തിൽനിന്ന് ഉതിർന്നുവീണ അത്ര മനുഷ്യനിർമ്മിത മരണം വേറൊരു നൂറ്റാണ്ടും അനുഭവിച്ചുകാണില്ല. വേറൊരു നൂറ്റാണ്ടും ഈ നൂറ്റാണ്ട് ചെയ്ത അത്ര മനുഷ്യരെ വീടുകളിൽനിന്നും നാടുകളിൽനിന്നും ഇറക്കിവിട്ട് അഭയാർത്ഥികളാക്കി മാറ്റിയിട്ടുണ്ടാവില്ല. മഹായുദ്ധങ്ങളും വിപ്ലവങ്ങളും അണുബോംബുകളും വംശഹത്യകളും രാഷ്ട്രീയ ശുദ്ധീകരണങ്ങളും തരണംചെയ്ത് അതിന്റെ പുറംവാതിലിൽ എത്തിനിന്ന മനുഷ്യന്റെ മുഖത്തെ മുഖ്യമായ ഭാവം ക്ഷീണത്തിന്റേതായിരുന്നു എന്നതാണ് അതിന്റെ ഭൗതികമായ യാഥാർത്ഥ്യം. അവൻ ഒരു സൈനികനാണോ അഭയാർത്ഥിയാണോ വെറും നാഗരികനാണോ എന്നത് വലിയ വ്യത്യാസമുണ്ടാക്കുന്നില്ല. ഭാവിയുടെ മുഖത്ത് നോക്കുവാൻ അവൻ വിമുഖനായിരുന്നു. വിശേഷിച്ചേതെങ്കിലും താൽപര്യങ്ങളോ സ്വപ്‌നങ്ങളോ അവൻ മനസ്സിൽ സൂക്ഷിക്കുന്നില്ലായിരുന്നു, വ്യക്തിഗതമായ ജീവിതത്തിന്റേതല്ലാത്തതായി.

വേറൊരു വിധത്തിൽ നോക്കിയാൽ കഴിഞ്ഞുപോയ നൂറ്റാണ്ട് യുദ്ധങ്ങളുടെയും കൂട്ടക്കൊലകളുടെയുംഎന്നപോലെ ഒരുപാട് ആശയങ്ങളുടെയും ആവേശങ്ങളുടെയും കൂടിയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽനിന്ന് ഏറ്റുവാങ്ങി അതു ശിരസ്സിലേറ്റിനടന്ന സോഷ്യലിസം എന്ന ആശയത്തെ നോക്കൂ. നൂറ്റാണ്ട് കലാശം കൊട്ടിയപ്പോൾ ലോക കമ്പോളത്തിൽ അത് തുച്ഛമായ വിലയ്ക്ക് വിറ്റുപോയി.എന്തിനെന്ന് അറിയാത്തതെങ്കിലും ഒട്ടേറെ ഊർജ്ജവുമായി വന്ന വേറൊന്നായിരുന്നു അനാർക്കിസം. അതു പോയ് മറഞ്ഞതോ ഉത്തരാധുനികത അപനിർമ്മിച്ച് സമ്മാനിച്ച ശിഥിലീകൃത സമൂഹത്തിന്റെയും നിഷ്‌ക്രിയത്വത്തിന്റെയും പുറകിലും. ആവേശങ്ങൾ ഉയരുന്നതുപോലെ വറ്റിപ്പോകുമെന്നതുകൊണ്ടാകാം.


Related Articles