തിരുവണ്ണാമല രമണാശ്രമത്തിൽ നിന്നും മുകളിൽ വിരൂപാക്ഷ ഗുഹയിലേക്ക് രണ്ട് കിലോമീറ്ററോളം കാട്ടിലൂടൊരു യാത്രയുണ്ട്. പോവുമ്പോൾ സ്കന്ദാശ്രമവും കാണാം. കരിങ്കൽ പലകകൾ പാകിയ കുത്തനെ വളഞ്ഞുപുളഞ്ഞു പോവുന്ന വീതി കുറഞ്ഞ പാതയാണ്. ചില വഴിയിടുക്കങ്ങളും ദുർഘടങ്ങളും യാത്രികരെ അനുപമമായ ഔന്നത്യത്തിലേക്കും വിശാല സ്ഥല രാശിയിലേക്കും നയിക്കുന്നു.
വെറുതെയിരിക്കുക ഉള്ളിലേക്കു നോക്കുക എന്നതാണ് രമണ മഹർഷി പകരുന്ന പ്രധാന പാഠങ്ങളിലൊന്ന്. ആശ്രമത്തിലും വനത്തിലെ സ്കന്ദാശ്രമത്തിലും വിരൂപാക്ഷ ഗുഹയിലുമെല്ലാം ഇങ്ങനെ ഉള്ളിലേക്ക് നോക്കിയിരിക്കുന്ന ആത്മാന്വേഷക മനുഷ്യരെ കാണാം. കൂടുതലും വിദേശികളാണ്.
രമണാശ്രമത്തിലെത്തുമ്പോഴെല്ലാം മുകളിലെ സ്കന്ദാശ്രമത്തിലേക്കും വിരൂപാക്ഷ ഗുഹയിലേക്കും കാട്ടിലൂടെ നടന്നു പോവാറുണ്ട്. ഒരിക്കൽ ഒരു ചെറു സംഘത്തിനിടയിലൂടെ മൗനമായ് നീങ്ങുമ്പോൾ പെട്ടെന്നൊരു തോന്നലുണ്ടായി. പൊതു വഴിവിട്ട് കാടിന്റെ ഉള്ളിലേക്കൊന്ന് പോയാലോ. കുറച്ച് നിന്ന് ഉറപ്പിച്ചതിനു ശേഷം ആൾപെരുമാറ്റമുള്ള ആ വഴി ഒഴിവാക്കി കാട്ടിലേക്ക് ദിശ മാറി നടന്നു.
