ജീവിതത്തിലെ ചില നിമിഷങ്ങളിലെങ്കിലും നമ്മൾ സ്വപ്‌നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലുള്ള ഒരവസ്ഥയിൽ ചെന്നുപെടും. ആ നിമിഷത്തിലെ ജീവിതം അതികഠിനമായ ഒരു സ്വപ്‌നമല്ലെന്ന് വിശ്വസിക്കാൻ നമുക്ക് നന്നേ പാടുപെടേണ്ടിയും വരും. അങ്ങനെയൊരവസ്ഥയിലായിരുന്നു ഞാനപ്പോൾ. മൗണ്ട് ആഥോസ് പർവ്വതനിരകളിലുള്ള സെറോപൊട്ടാമോ എന്ന സന്ന്യാസിമഠത്തിലേക്കുള്ള പാതയിലൂടെ ഒറ്റയ്ക്ക് നടക്കുകയായിരുന്നു ഞാൻ. ഇരുവശത്തും ഇലപൊഴിഞ്ഞ മരങ്ങൾ. തണുപ്പുവന്ന് മൂടിയിട്ടും ഇല പൊഴിക്കാൻ കൂട്ടാക്കാതെ നിൽക്കുന്ന ഒലിവുകൾ. ഉഴുതിട്ടിരിക്കുന്ന കൃഷിത്തോട്ടങ്ങൾ. അകലെ മഞ്ഞുമൂടിയ പർവ്വത ശിഖരങ്ങൾ. മനോഹരമായ കുന്നിൻ ചരിവ്. താഴെ ശാന്തമായ ഈജിയൻ കടലിലൂടെ ഒഴുകി മറയുന്ന ബോട്ട്.
കാൽ നൂറ്റാണ്ട് കാലം മുൻപ് എപ്പോഴോ എന്റെ മനസ്സിൽ ചേക്കേറുകയും കടലിലെ തിരകൾപോലെ ഇടതടവില്ലാതെ എന്നിലേക്ക് ആർത്തലച്ചു വരുകയും ചെയ്‌തുകൊണ്ടിരുന്ന ഒരു സ്വപ്‌നമായിരുന്നു മൗണ്ട് ആഥോസ്. ഒരിക്കലും യാഥാർത്ഥ്യമാവില്ലെന്ന് കരുതിയ അനേകം സ്വപ്‌നങ്ങളിൽ ഒന്ന്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ നിക്കോസ് കസൻദ് സാക്കിസായിരുന്നു ആ സ്വപ്‌നം എന്നിൽ നിക്ഷേപിച്ചത്.
“കണ്ണുകളടച്ച് തപ്പിത്തടഞ്ഞ് ഞാനൊരു പുസ്തകമെടുത്തു. ആഞ്ചലോസ് ആ വിരലുകൾക്കിടയിൽനിന്ന് ആ പുസ്തകത്തെ തട്ടിയെടുത്ത് തുറന്നു നോക്കി. അത് ഫോട്ടോഗ്രാഫുകൾ നിറഞ്ഞ ഒരു വലിയ ആൽബമായിരുന്നു. അതിൽ സന്ന്യാസി മഠങ്ങൾ, സന്ന്യാസിമാർ, സൈപ്രസ് മരങ്ങൾ, ചെങ്കുത്തായ പാറകൾക്ക് നെറുകയിലെ അറകൾ, താഴെ ആർത്തലയ്ക്കുന്ന നദി എല്ലാമുണ്ടായിരുന്നു.
