ഷാൻഗ്രില - II

Travelogue

ഷാൻഗ്രില - II


തിമ്പുവിൽനിന്നും മൂന്നര മണിക്കൂറിലേറെ യാത്ര ചെയ്ത് ദേശീയപാതയുടെ ഓരത്തുള്ള ലോബെസായിൽ എത്തുമ്പോൾ ഉച്ചകഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. ലോബെസായിൽ നിന്നും തട്ടുതട്ടായി കിടക്കുന്ന നെൽപ്പാടങ്ങൾ കാഴ്ചയുടെ മറ്റൊരു മനോഹരനിമിഷമാണ് നൽകുന്നത്. കൂർതാങ്ങിലേക്ക് പോകുന്ന വളഞ്ഞുപുളഞ്ഞ വഴികൾ ഈ നെൽപ്പാടങ്ങൾക്കുമേൽ വളയങ്ങൾ തീർത്തും, പ്രാചീനതയും ദാരിദ്ര്യവും അതിലേറെ ചിട്ടയില്ലായ്മയും പ്രദർശിപ്പിക്കുന്ന ജനവാസസ്ഥാനങ്ങളെ കടന്നാണ് വഴി പോകുന്നത്. ഇതിനിടയിൽ മണ്ണുകൊണ്ട് മാത്രം നിർമ്മിച്ച വലിപ്പമുള്ള കെട്ടിടങ്ങൾ കാണാമായിരുന്നു, ലോബെസായും കൂർതാങ്ങും വളരെ സമീപപ്രദേശങ്ങൾ ആണെങ്കിലും, കയറ്റിറക്കങ്ങൾ കാരണം ഇവ തമ്മിലുള്ള അടുപ്പം എളുപ്പമല്ലെന്നു പറയാം. അതിവേഗം വികസിക്കാനുള്ള സാധ്യതകൾ വഴിയോടുചേർന്ന് ഉയർന്നു നിൽക്കുന്ന ആഡംബര റിസോർട്ടുകളും പുതിയതായി പണിതുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഇവയിൽ മിക്കവയും രാജകുടുംബവുമായി ബന്ധമുള്ളവരുടേതാണെന്ന് ജിജോ പറഞ്ഞു. പ്രത്യേകിച്ചും ഇപ്പോഴത്തെ രാജാവിന്റെ ഭാര്യയുടെ അച്ഛന്റെ മേൽനോട്ടത്തിൽ ഉള്ളവയാണ്. ചാരനിറമുള്ള ആ കെട്ടിടങ്ങൾക്കു സമീപത്തുകൂടി സ്‌കൂൾ കഴിഞ്ഞെത്തുന്ന പെൺകുട്ടികൾ ചിരിച്ചും തമാശകൾ പങ്കിട്ടും പോകുന്നുണ്ടായിരുന്നു. ഭൂട്ടാനിലെ താഴ്‌വരകളുടെ ദൂരക്കാഴ്ച തരുന്ന കടുംപച്ചനിറം തന്നെയായിരുന്നു അവരുടെ യൂണിഫോമിനും എന്നതും സന്തോഷം പകർന്നു. നാലുവർഷത്തോളം അധ്യാപകനായി ജോലി ചെയ്ത കൂർതാങ് ജിജോയിൽ അൽപ്പം ഗൃഹാതുരത്വം ഉണ്ടാക്കി എന്നു തോന്നുന്നു. അവിടത്തെ ഓരോ വഴിയെക്കുറിച്ചും, സ്‌കൂളുകളെക്കുറിച്ചും ജോലി ചെയ്യുന്ന മറ്റ് അധ്യാപകരെക്കുറിച്ചും അയാൾ വാചാലനായി.

തട്ടുതട്ടായുള്ള നെൽപ്പാടങ്ങൾ പിന്നിട്ടാൽ കൊടുംവളവുകളുമായി മുന്നോട്ടു പോകുന്ന വീതികുറഞ്ഞ വഴിയാണുള്ളത്. ദൂരെ താഴ്‌വരയിൽനിന്നും അൽപ്പം ഉയർന്നാണ് ക്ഷേത്രമുള്ളത്. പാരോയിലെ തെരുവീഥികളിലൂടെ വെറുതെ ഞങ്ങൾ അലയുമ്പോഴാണ് മഞ്ഞ പൂശിയ ഇരുനിലവീടിന്റെ ഭിത്തിയിൽകൂട്ടിക്കെട്ടിയ നിലയിലുള്ള ഉധ്രുതമായ ലിംഗത്തിന്റെ ചിത്രം ശ്രദ്ധയിൽപ്പെട്ടത്. ആ നിരയിലുള്ള ചതുരവീടുകളിൽ ഒട്ടുമിക്കവയും ലിംഗാരാധനക്കാരുടേതെന്ന് തോന്നിപ്പിക്കുന്നമട്ടിൽ അവയവചിത്രത്തിന്റെ സമൃദ്ധി കാണാം. അതിനുതാഴെ ആൺകുട്ടികൾ കളിക്കുകയും പെൺകുട്ടികൾ തങ്ങളുടെ സ്വകാര്യവിശേഷങ്ങൾ പങ്കുവയ്ക്കുന്ന രീതിയിൽ അടക്കം പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഭൂട്ടാനിലെ വിചിത്രമായ ആരാധനാരീതികളിൽ ഒന്നു മാത്രമാണ് ലിംഗാരാധനയെന്നും കൂർതാങ്ങിലാണ് പ്രധാനപ്പെട്ട ക്ഷേത്രമുള്ളതെന്നും അറിഞ്ഞപ്പോൾ തീർച്ചയായും അവിടം സന്ദർശിക്കണമെന്നു ഞങ്ങൾ തീരുമാനിച്ചു. ലിംഗാരാധനയും നാഗാരാധനയുമൊന്നും ഇന്ത്യക്കാർക്ക് പുതുമയല്ലെങ്കിലും വിശദീകരിക്കാനാവാത്ത അഭിരതികളും അശ്ലീലഭാവനകളും പങ്കുവച്ച് ആരാധനാക്രമത്തിന്റെ വിശുദ്ധിയെ പരിഹസിക്കുകയാണ് ഞങ്ങളപ്പോൾ ചെയ്തത്.

അഞ്ചോ ആറോ ചെറുവണ്ടികൾക്ക് പാർക്ക് ചെയ്യാൻ മാത്രം സൗകര്യമുള്ള പൊടിപിടിച്ച മൊട്ടക്കുന്നിന്റെ നെറുകയിൽ ടാക്‌സി ഒതുക്കി, സമയം അധികമില്ലെന്ന നിർദ്ദേശത്തോടെയാണ് ചാങ് ഞങ്ങളെ ക്ഷേത്രത്തിലേക്ക് പറഞ്ഞുവിട്ടത്. ഇരുവശങ്ങളും പച്ചനിറത്തിലുള്ള ചെറു സുഷിരങ്ങളുള്ള ഇരിമ്പുവല വിരിച്ച വഴിയിലൂടെ അരകിലോമീറ്ററോളം മുകളിലേക്ക് നടന്നാലെ അവിടെ എത്താനാവൂ. റോഡിനുനടുവിൽ ചെറുമാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള പച്ച ബോക്‌സുകൾ ഉറപ്പിച്ചുവച്ചിരുന്നു. തിരക്കുകൾ അധികമല്ലാത്തതിനാൽ വളരെ വേഗത്തിൽ നടക്കുവാൻ കഴിഞ്ഞു. വഴിയവസാനിക്കുന്നത് പ്രാചീനവും മനോഹരവുമായ ചെറുമൈതാനത്തിലാണ്. അവിടെ വലിയൊരു ആൽമരം വൃത്താകൃതിയിലുള്ള അടിപ്പടവുകൾ കെട്ടി സംരക്ഷിച്ചിരുന്നു. ഞങ്ങൾ അൽപ്പനേരം അവിടെയിരുന്നു കാറ്റു കൊള്ളുകയും ചുറ്റുപാടുമുള്ളപച്ചപ്പിനെ വിസ്മയഭരിതരായി നോക്കുകയും ചെയ്തു. നിർവചിക്കാനാവാത്ത മനസ്വാസ്ഥ്യം കൈവരുന്നതുപോലെ തോന്നിയത് വിവിധ നിറങ്ങൾ പൂശിയ പ്രാർത്ഥനാമണികൾ കറക്കുമ്പോഴായിരുന്നു. അതിവിശുദ്ധമായ സ്ഥലത്താണ് നിൽക്കുന്നതെന്ന ബോധം ഞങ്ങളെ വിനയാന്വിതരാക്കി. പ്രത്യേകതരത്തിലുള്ള നിർമ്മാണശൈലിയായിരുന്നു ആ ക്ഷേത്രത്തിന്റേത്. കാവിച്ചെമപ്പും മഞ്ഞയും ഇളംപച്ചനിറങ്ങളും പൂശിയ വാതിൽപ്പാളികളും ചെറുസ്തൂപങ്ങളും ധാരാളമുള്ള വിശുദ്ധസ്ഥലത്തേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ, യൂറോപ്യൻ സഞ്ചാരികളെന്നു തോന്നിപ്പിക്കുന്ന രണ്ടുപേർ വാതിൽപ്പടിയിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ടായിരുന്നു. അവരെ മറികടന്ന് അകത്തെത്തുമ്പോൾ, അത്ര ഉച്ചത്തിൽ അല്ലാത്ത പ്രാർഥനാമന്ത്രങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു. മതപാഠശാലയെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ, പത്തിനും പതിനഞ്ചിനും ഇടയിലുള്ള നാൽപ്പതോളം ലാമമാരെ ഞങ്ങൾ പ്രാർഥനാമണികൾ കറക്കിതീർത്തപ്പോൾ കണ്ടിരുന്നു. കാൽമുട്ടുകൾ മടക്കി, കൈകൾ നെറ്റിയിൽ ചേർത്ത് പ്രത്യേക താളത്തിൽ ഭൂമിയെ നമസ്‌കരിക്കുകയായിരുന്നു അവരപ്പോൾ. പ്രത്യേകരീതിയിലുള്ള അവരുടെ ശരീരവിന്യാസങ്ങൾ വിവിധ ഷേഡുകളിൽ ക്യാമറയിൽ പകർത്താൻ കഴിഞ്ഞതിൽ ജിജോ സംതൃപ്തി പ്രകടിപ്പിച്ചു.


Related Articles