പച്ചപടിക്കെട്ടുകളിലൂടെ തിരിച്ച് പോരുമ്പോൾ പുനാഖ ദ സോങ്ങിലേക്കുള്ള പ്രവേശനം സമയം വൈകിയതിനാൽ അപ്രായോഗികമാണെന്നുള്ള സൂചന ചാങ്ങ് തന്നിരുന്നു. വിദേശികളെ ഉന്നം വച്ച് പ്രവർത്തിക്കുന്ന പല വലുപ്പങ്ങളിലുള്ള പുരുഷ ലിംഗങ്ങൾ പ്രത്യേകം പ്രദർശിപ്പിച്ച കച്ചവടസ്ഥാപനത്തിൽ അൽപം സമയം ചിലവഴിച്ചതായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ഇടുക്കമുള്ളതും അസാധാരണവുമായ പഴഞ്ചൻ നിരത്തുകളിലൂടെ വേണമായിരുന്നു ലൊബേസയിൽ നിന്ന് പുനാഖ ദ സോങ്ങിലേക്കുള്ള പ്രധാന വഴിയിലേക്ക് പ്രവേശിക്കാൻ. ഇടയ്ക്ക് മെലിഞ്ഞുണങ്ങി ഒഴുകുന്ന പേരറിയാത്ത പുഴയുടെ തീരത്തിന്റെ കാഴ്ച, പുതിയ ഉന്മേഷം ഞങ്ങൾക്ക് നൽകി. തവിട്ടും വെളുപ്പും ചാരനിറവുമുള്ള പലതരം കല്ലുകൾ പുഴയിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് കുതിയ്ക്കുന്നത് കണ്ടു. അവയുടെ ഉത്ഭവ സ്ഥലത്തെക്കുറിച്ചുള്ള ആലോചന പോലും മഹാ വിസ്മയത്തിലേക്ക് നമ്മെ എത്തിക്കുമെന്ന് ഉറപ്പാണ്.
പുനാഖ ദ സോംങ് അത്ഭുതത്തിന്റെ ചെപ്പിനെ സമൃദ്ധമായി ഒളിപ്പിക്കുന്ന ഭൂട്ടാനിലെ മറ്റൊരു സ്ഥലമാണ്. അവിടേയ്ക്കുള്ള വിസ്തൃതമായ വഴിയ്ക്കിരുവശവും ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ തലയുയർത്തിപ്പിടിച്ച് നിന്നിരുന്നു. നമ്മുടേതിൽ നിന്നും വിത്യസ്തമായ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പിക്കുന്നതിൽ ഭൂട്ടാൻ ഗവൺമെന്റ് പുലർത്തുന്ന ജാഗ്രത അനുകരണീയമാണ്. നാമമാത്രമായ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുമേഖലയിലെ പ്രവേശത്തിനു ശേഷമുള്ള ഒഴിവുകൾക്ക് വേണ്ടി കാത്തിരിക്കുന്ന കാര്യം ജിജോ യാത്രയ്ക്കിടയിൽ വിശദീകരിച്ചു. നമ്മുടെ നാട്ടിൽ അടഞ്ഞുകിടക്കുന്ന പൊതുവിദ്യാലയങ്ങളും അവയ്ക്കു മുൻപിൽ തലയുയർത്തി നിൽക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകളുമാണ് അപ്പോൾ ഓർമ്മവന്നത്. മികച്ച പാഠ്യപദ്ധതിയും അദ്ധ്യാപകരും റെസിഡൻഷ്യൽ സൗകര്യങ്ങളുമൊക്കെ ചേർന്ന പൊതു വിദ്യാഭ്യാസ മേഖല അവിടുത്തെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷകളെ വാനോളം ഉയർത്തുന്നതായി തോന്നി.
വീതിയുള്ളതും ചിലപ്പോൾ കണ്ണെത്താദൂരത്തോളം നേരെയുമായ വഴികൾ ഭൂട്ടാനിലെ ഇതര പ്രദേശങ്ങളെപ്പോലെ ഇവിടെയും അപൂർവ്വമായിരുന്നു. കനത്ത വെള്ളപ്പൊക്കത്തിലും മറ്റ് പ്രകൃതിനാശങ്ങളിലും അടിക്കടി സ്ഥലം മാറുന്ന ചെറുനഗരങ്ങൾ അവയുടെ ഓർമ്മകളെക്കൂടി വഹിക്കാറുണ്ടെന്ന് പറയാറുണ്ട്. നമുക്ക് എത്രയോ അപരിചിതമായ സ്ഥലം മാറ്റങ്ങളാണിവ. ഓരോ വെള്ളപ്പൊക്കവും ചില പ്രദേശങ്ങളെ അപ്രത്യക്ഷമാക്കുകയും മറ്റു ചെറു ഇടങ്ങളെ പുതുതായി നിർമ്മിക്കുകയും ചെയ്യുന്നു. പുനാഖ ദ സോങ് അടിയിളകാത്ത ഭൂട്ടാനിലെ അധികാര സമുച്ചയങ്ങളിൽ ഒന്നുമാത്രമാണെന്നു പറയാം.
