ഇന്ത്യയെയും ഭൂട്ടാനെയും വേർതിരിക്കുന്ന ജയ്‌ഗോണും ഫുൺഷിലിങ്ങും സവിശേഷമായ ശ്രദ്ധിക്കപ്പെടേണ്ട ചെറുപട്ടണങ്ങളാണ്. ഞങ്ങളുടെ ഭൂട്ടാനിലേക്കുള്ള യാത്ര ആരംഭിച്ചത് ജയ്‌ഗോണിൽ നിന്നല്ലെങ്കിലും ഇന്ത്യയോടു എട്ടു ദിവസത്തേക്ക് വിട പറഞ്ഞത് ഇവിടെ നിന്നായിരുന്നു. സഹയാത്രികനായ ജിജോ തുളസീധരൻ ഒഴികെ മറ്റു മൂന്നുപേരും (കെ.കെ. ബാബുരാജ്, എ.കെ. വാസു പിന്നെ ഞാനും) ആദ്യമായി മറ്റൊരു രാജ്യം സന്ദർശിക്കുകയായിരുന്നു എന്ന പ്രത്യേകതയും ഈ യാത്രക്കുണ്ട്. കൊൽക്കത്തയിൽ വിമാനമിറങ്ങിയ സന്ധ്യയവസാനിക്കുന്ന ആകാശം അതുകൊണ്ടുതന്നെ ഞങ്ങൾക്ക് മറക്കാനാവില്ല. ബംഗാൾ ഉൾക്കടലിന്റെ മുകളിലൂടെ പറന്ന, വിചിത്രമായ ദേശങ്ങളെ തൊട്ടുരുമ്മിയ, അങ്ങ് ദൂരെ നങ്കുരമിട്ട കപ്പലുകളെ അവ്യക്തമായി കണ്ട ആകാശകാഴ്ച വിസ്മയകരവും ആദ്യത്തേതുമായിരുന്നു.
ഇന്ത്യയേയും ഭൂട്ടാനേയും വേർതിരിക്കുന്ന ജയ്‌ഗോൺ ബംഗാളിന്റെ മുഴുവൻ പിന്നോക്കാവസ്ഥയുടെയും സൂചകമാണ്. സൈക്കിൾ സവാരിക്കാരായ ഗ്രാമീണർ ഗതാഗതകുരുക്കുകൾ സൃഷ്ടിക്കുന്നില്ലെങ്കിലും താറുമാറായ റോഡുകളും അവയിൽ നിന്നുയരുന്ന പൊടിയും പുറമേനിന്നു വരുന്നവരെ അസ്വസ്ഥപ്പെടുത്തും. പ്രത്യേകിച്ചും വിദേശികളെ. ഇരുവരിപ്പാതയുടെ വശങ്ങളിൽ ക്രമീകൃതമല്ലാത്ത കെട്ടിടങ്ങൾ, നിയമപാലനത്തിനായുള്ള പോലീസ് സ്റ്റേഷൻ, എസ്.ബി.ഐ.യുടെ എ.ടി.എം കൗണ്ടർ തുടങ്ങിയവയാണ് പ്രത്യേക ശ്രദ്ധയാകർഷിച്ചത്. എ.ടി.എം. കൗണ്ടറിലെ നീണ്ട നിര പിറ്റേന്ന് പകൽ ഞങ്ങളുടെ ഒട്ടേറെ സമയം അപഹരിച്ചു. ഇവിടുത്തെ പ്രധാനപ്പെട്ട ട്രാഫിക് ഐലന്റ് ചുവരുകൾ ഇടിഞ്ഞുപൊളിഞ്ഞ് തന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി. അവ്യവസ്ഥിതവും അകാലവാർദ്ധക്യവും ഒരുപോലെ ചേർന്ന ഒന്നായാണ് ജയ്‌ഗോൺ നമുക്ക് മുൻപിൽ അനുഭവപ്പെടുക.
ഉച്ചകഴിഞ്ഞപ്പോൾ ഭൂട്ടാന്റെ അതിർത്തി പട്ടണവും വാണിജ്യ കേന്ദ്രവുമായ ഫുൺഷിലിങ്ങിൽ നിന്നു ഭക്ഷണം കഴിക്കാമെന്നു കരുതി. റോയൽ ഭൂട്ടാന്റെ കമാനത്തിന്റെ സമീപത്തുള്ള നടപ്പാതയിലൂടെ ഞങ്ങൾ അകത്തുകടന്നു. കാവൽക്കാരെന്ന മട്ടിൽ രണ്ടുപേർ തമ്മിൽ സംസാരിക്കുന്നതൊഴിച്ചാൽ ആരും ആരെയും ശ്രദ്ധിക്കുന്നില്ല. രണ്ടു രാജ്യങ്ങളെ വേർതിരിക്കുന്ന ഈ കമാനത്തെക്കാൾ ആഡംബരവും പ്രൗഡിയും നമ്മുടെ നാട്ടിലെ ഏതൊരു സ്വാശ്രയ സ്ഥാപനത്തിന്റെയും പ്രവേശനകവാടങ്ങൾക്കുണ്ടെന്നു തോന്നി. ചെറിയ ചെറിയ ഭക്ഷണശാലകൾ നിരവധിയുള്ള ഇവിടെ ഞങ്ങളുടെ തൃപ്തിക്കിണങ്ങിയ ഒരു ഹോട്ടൽ തേടുമ്പോഴാണ്, സാർ എന്ന വിളിയുമായി ഒരു ഭൂട്ടാനി ചെറുപ്പക്കാരൻ ഞങ്ങളെ സമീപിച്ചത്. ജിജോയുടെ കണ്ണുകളിൽ നോക്കി ''ഞാൻ സാറിന്റെ വിദ്യാർത്ഥിയായിരുന്നു''വെന്ന് അയാൾ പറഞ്ഞു. സഹയാത്രികനായ ജിജോയുടെ നാലര വർഷത്തെ ഭൂട്ടാനിലെ അധ്യാപനത്തെ ഞങ്ങൾ വിലമതിച്ച ആദ്യസന്ദർഭം ആയിരുന്നു അത്. രണ്ടായിരത്തിന്റെ ആദ്യവർഷങ്ങളിൽ എം.എ സർട്ടിഫിക്കറ്റുമായി മലകയറി തിരിച്ചെത്തി കേരളാ ഹയർസെക്കൻഡറി സർവ്വീസിലും ഇപ്പോൾ കൊല്ലം എസ്.എൻ കോളജിലും വർക്കലയിലും ജോലി ചെയ്യുന്ന അദ്ദേഹം ഭൂട്ടാനെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന മലയാളികളിൽ ഒരാളായിരിക്കും.
