ബാലി യാത്രയെപ്പറ്റി പറഞ്ഞത് വയനാട്ടുകാരനായ ശ്രീ ബാബു കുടക്കച്ചിറയാണ്. അദ്ദേഹവും ഭാര്യ ആലീസും റിട്ടയര്‍ ചെയ്ത അധ്യാപക ദമ്പതികളാണ്. അവരുള്‍പ്പെട്ട സംഘത്തോടൊപ്പം ഇതിനോടകം രണ്ടു യാത്രകള്‍ ഞാന്‍ നടത്തിയിരുന്നു. ആദ്യത്തേത് ഒരു ആഫ്രിക്കന്‍ (കെനിയ- ടാന്‍സാനിയ) യാത്രയായിരുന്നു.'കോര്‍ഡെലിയ' എന്നു പേരുള്ള ആഢംബരക്കപ്പലില്‍ കൊച്ചിയില്‍ നിന്ന് ചെന്നൈ വരെയുള്ള ഉല്ലാസയാത്രയായിരുന്നു രണ്ടാമത്തേത്. പിന്നീട് അവരോടൊപ്പം ഒരു ലക്ഷദ്വീപ് യാത്രയ്ക്ക് ക്ഷണിച്ചതാണ്. ആ ദിവസങ്ങളില്‍ മകള്‍ ആമിയും കുടുംബവും അയര്‍ലണ്ടില്‍ നിന്നു വരുന്നതുകൊണ്ട് ഞാന്‍ പോകേണ്ടന്നു വെച്ചു.
പിന്നീടാണ് ബാലിയാത്രയുടെ അവസരം വരുന്നത്. അടുത്ത ദിവസം തന്നെ ഞാന്‍ എസ് കെ പൊറ്റെക്കാട്ടിന്റെ 'ബാലിദ്വീപ്' എന്ന സഞ്ചാര സാഹിത്യകൃതി വാങ്ങി. 1953ല്‍ നടത്തിയ ബാലിയാത്രയെക്കുറിച്ച് എസ് കെ പുസ്തകമെഴുതി പ്രസിദ്ധീകരിക്കുന്നത് 1958ലാണ്. ദക്ഷിണ സമുദ്ര ദ്വീപസമൂഹങ്ങളില്‍ ഒന്നായ ബാലിയെന്ന മരതക ദ്വീപിനെക്കുറിച്ച് മലയാളികളില്‍ മിക്ക പേരും മനസ്സിലാക്കുന്നത് അതിനു ശേഷമാണ്. 1970 മുതല്‍ 1973 വരെ പത്താം ക്ലാസ്സിലെ മലയാള പാഠപുസ്തകത്തില്‍ ബാലി ദ്വീപിലെ ഒരധ്യായം-ഉള്‍നാട്ടിലെ ഉത്സവം-പഠിക്കാനുണ്ടായിരുന്നു. ഞാന്‍ പത്താം ക്ലാസ്സിലായ വര്‍ഷം ആ പുസ്തകം മാറി പുതിയതു വന്നതിനാല്‍ എനിക്കതു പഠിക്കേണ്ടി വന്നില്ല. എസ്. കെ പൊറ്റെക്കാട്ടിന്റെ മിക്ക സഞ്ചാര കൃതികളും വായിച്ചിരുന്നെങ്കിലും ബാലിദ്വീപ് വായിക്കാന്‍ എനിക്ക് സംഗതിയായതുമില്ല.
ഞാന്‍ ബാലി ദ്വീപ് വായിച്ചു തുടങ്ങി. ബാലി ദ്വീപില്‍ പോകാന്‍ പൊറ്റെക്കാട്ടിന് പ്രചോദനമായത് അക്കാലത്ത് വായിക്കാന്‍ ഇടയായ ഒരു അമേരിക്കന്‍ മാസികയിലെ ലേഖനമാണെന്ന് അദ്ദേഹം ആമുഖ പ്രസ്താവനയില്‍ പറയുന്നു. മാറുമറയ്ക്കാത്ത തങ്കമേനികളായ മങ്കമാരും ശുദ്ധ നാടന്‍ കലാബോധം കല്ലില്‍ വാര്‍ത്തു വെച്ച ക്ഷേത്രങ്ങളും കന്യകമാരുടെ ഉറച്ചല്‍ നൃത്തങ്ങളും മറ്റും ആലേഖനത്തില്‍ വിവരിച്ചിരുന്നെങ്കിലും അതൊന്നുമല്ല അദ്ദേഹത്തെ ആവേശം കൊള്ളിച്ചത്. മറിച്ച് കേരളത്തിന്റേതായ പ്രകൃതി വിലാസങ്ങളും പഴയ കേരള സംസ്‌കാര പ്രതിഭാസങ്ങളും ആചാരവിശേഷങ്ങളും ആരാധനാസമ്പ്രദായങ്ങളും അങ്ങനെ തന്നെ കണ്ടെത്താവുന്ന ഒരു കൊച്ചു നാട് നാലായിരം മൈല്‍ അകലെ നില കൊള്ളുന്നുണ്ടെന്നുള്ളതാണ്.
