ഒരു യാത്രയുടെ മടിയിലിരുന്ന് പല യാത്രകൾ ചെയ്യുക എന്ത് രസമെന്നോ? രഹസ്യമായും പരസ്യമായും യാത്രചെയ്യുന്നവരുണ്ട്... കൂട്ടുകൂടാനും കൂട്ടം തെറ്റാനും യാത്രചെയ്യുന്നവരുണ്ട്... ഒറ്റയ്ക്കും ആൾക്കൂട്ടത്തിനൊപ്പവും യാത്രചെയ്യുന്നവരുണ്ട്...വേദനകൾ മറക്കാനും കാമനകൾ വിടർത്താനും യാത്രചെയ്യുന്നവരുണ്ട്...ശരീരംകൊണ്ടുമാത്രം യാത്രചെയ്യുന്നവരുണ്ട് ...ഉള്ളറിഞ്ഞു യാത്രപുറപ്പെടുന്നവരുണ്ട്...വെക്കേഷൻപരിപാടിയായി യാത്രയെ ചുരുക്കുന്നവരുണ്ട്...പ്രിയപ്പെട്ടവരുടെ അടുത്തേക്കെത്താൻ പുറപ്പെടുന്നവരുണ്ട് ..ഭാഷയും വേരും മറന്ന് ഉലകം ചുറ്റുന്നവരുണ്ട് ... ഏതുതിരക്കിനെയും യാത്രയുടെ പകിട്ടിൽ ആസ്വദിക്കുന്നവരുണ്ട്... ജോലിക്കോ വിനോദത്തിനോ യാത്രചെയ്യുന്നവരുണ്ട്.. പോകുന്ന വഴികൾ പരിചിതമോ അപരിചിതമോ ആകാം... ദൂരത്തോ അടുത്തോ ആകാം... മലയോ പുഴയോ സമതലമോ കടലോ മരുഭൂമിയോ ആകാശചക്രവാളങ്ങളോ ആകാം... എവിടെയാണെങ്കിലും യാത്രപോകുന്ന നമ്മൾ കാണുന്ന കാഴ്ച്ചക്കനുസരിച്ചു ആ പുറപ്പാട് പരുവപ്പെടും... അങ്ങനെയുണ്ടാകുന്നില്ലെങ്കിൽ താണ്ടിവന്ന ദൂരങ്ങൾക്ക് എന്തർത്ഥം?
ഉള്ളിലെ യാത്രകളുടെ സഞ്ചാരപഥം പഠിച്ചാൽ ഏതു സ്ഥലവും ഒന്നു തന്നെ... കാലാവസ്ഥക്കും ഭൂപ്രകൃതിക്കും സാംസ്കാരികസാഹചര്യങ്ങൾക്കും ഭാഷയ്ക്കും ജനസംഖ്യക്കും ഭരണകൂടങ്ങൾക്കും അനുസരിച്ച് ഇടങ്ങൾ, സ്ഥലങ്ങൾ മാറുമെന്ന ചിന്ത മാത്രം മതി യാത്രയെ കുറിച്ചുള്ള ധാരണകൾ മാറാൻ... പിന്നെ യാത്രകൾ വെറും യാത്രകളല്ല... ഞങ്ങൾ മൂന്നുപേരും-ഞാനും കുഞ്ഞും പങ്കാളിയും- ഒരുമിച്ചു നിൽക്കുന്ന സമയമെല്ലാം ഓരോരോ യാത്രകളിലാണ് അവസാനിക്കുക (അതോ തുടങ്ങുകയോ?) അറിയില്ല!. എല്ലാക്കാര്യത്തിലും വല്ലാത്ത തീർച്ചയുള്ളവരുടെ ഇടയിൽ നിന്നോടിയൊളിക്കുന്ന ഒളിയിടങ്ങളാണോ യാത്രകൾ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരംകിട്ടിയാൽ യാത്രകൾ അവിടെ തീരും.
കണ്ണുകൊണ്ടും മനസ്സുകൊണ്ടും നിറഞ്ഞുകവിഞ്ഞു പോകുന്ന ചിലയാത്രകളുടെ രേഖപ്പെടുത്തലുകളാണിത്. മറവിയിലുപേക്ഷിച്ചാലും ഈ യാത്രയുടെ വിത്തുകൾ എന്നെങ്കിലും പൊട്ടിമുളയ്ക്കും എന്നുറപ്പുള്ളതിനാൽ ഇങ്ങനെ ചിലത് കുറിച്ച് വെക്കുന്നു.. യാഥാസ്ഥിതികയാത്രാവിവരണങ്ങളോ സ്ഥലസമയപട്ടികയോ ആകില്ലായിരിക്കാം ഇത്. കവിതകാട്ടിത്തന്ന വഴിയേനടന്നു കേരളത്തിലെ ഒരു ചെറിയസാഹിത്യനഗരത്തിൽ നിന്ന് യാത്രപുറപ്പെട്ടു യൂറോപ്പിലെ പലപല സാഹിത്യനഗരങ്ങളിൽ അതിഥിയായെത്തിയ ഒരുവളുടെ സഞ്ചാരരേഖകളാണിത്...
