മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ എം മുകുന്ദനൊപ്പം

Travelogue

മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ എം മുകുന്ദനൊപ്പം


അത് തീർച്ചയായും എനിക്കൊരു സുവർണ്ണ യാത്ര തന്നെയായിരുന്നു. വായിച്ചറിഞ്ഞ  നാടിനെക്കുറിച്ചുള്ള മിത്തും യാഥാർത്ഥ്യവും തേടിയുള്ള എന്റെ ആദ്യത്തെ യാത്ര. തലശ്ശേരിയിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ നേരിയ മഴച്ചാറൽ ഉണ്ടായിരുന്നു. എന്റെ നല്ല യാത്രകളുടെയൊക്കെ തുടക്കത്തിൽ അകമ്പടിയായി എത്താറുള്ള  മഴക്കൂട്ട്! യാത്രയിലുടനീളം മാഹിയും മയ്യഴിയുടെ തീരവുമൊക്കെ എന്റെ ചിന്തകളിൽ സ്വർണ്ണനൂലുകൾ പോലെ ഇഴചേർന്നു കിടന്നു. മാഹിയുടെ മണ്ണിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ അവിടുത്തെ മനുഷ്യർക്കൊപ്പം എന്റെ മനസ്സിലേക്ക് ഓടിയെത്തിയത് ദാസനും ചന്ദ്രികയും കുറമ്പിയമ്മയും കൗസുവും അച്ചുവും ലീലയും റൈറ്റർ ദാമുവും കുഞ്ചക്കനും എന്നിങ്ങനെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിലൂ’ടെ എന്റെ ഉള്ളിലേക്ക് ചേക്കേറിയ ഒരുപാട് മനുഷ്യരുടെ മുഖമായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ ഞൊണ്ടി നടക്കുന്ന കുഞ്ചക്കനെ ഞാൻ തിരഞ്ഞുവെങ്കിൽ പലതരം വർത്തമാനങ്ങൾക്കിടയിൽ ‘ഇത്തിരി പൊടി തരുമോ?’ എന്നു കുറമ്പിയമ്മയോട് ചോദിക്കുന്ന ലെസ്ലി സായ്‌വിന്റെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ഞാൻ കാതോർത്തുവെങ്കിൽ തീർച്ചയായും എം മുകുന്ദൻ എന്ന  മയ്യഴിയുടെ പ്രിയ എഴുത്തുകാരൻ ലോകത്തിനു മുൻപിൽ തന്റെ നാടിനെയും നാട്ടുകാരെയും (അല്ല മയ്യഴിയുടെ മക്കളെ!) ചിത്രീകരിച്ചത് ആർക്കും ഇന്നും മറികടക്കാൻ സാധിക്കാത്തത്ര ശക്തമായ, ഹൃദയത്തിന്റെ ഭാഷയിലാണ്. അതുകൊണ്ടു തന്നെയാണല്ലോ ‘മയ്യഴിപ്പുഴയുടെ തീരങ്ങൾ’ കാലത്തിന്റെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ടു പോകാതെ തലമുറകൾ കൈമാറി വന്ന നിധി പോലെ അതിന്റെ സുവർണ നിമിഷങ്ങളിലേക്കെത്തി നിൽക്കുന്നത്.

എന്നെപ്പോലെ മയ്യഴിപ്പുഴയെ പ്രണയിച്ച ഒരു സംഘമായിരുന്നു, ഡിസി ബുക്സ് കോപ്പിഎഡിറ്റർ സാന്ദ്രയ്ക്കൊപ്പം മയ്യഴിയിലേക്ക് പോകാനുണ്ടായിരുന്നത്. വായന ഒരുമിപ്പിച്ച ഒരു കൂട്ടം ആളുകൾ!  ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ അതിന്റെ അൻപതാം വാർഷികം ആഘോഷിക്കുമ്പോൾ ഡിസി ബുക്സിനൊപ്പം അതിന്റെ ഭാഗമാകാൻ സാധിച്ചതില്‍ ഞങ്ങൾക്കെല്ലാവർക്കും അഭിമാനം ഉണ്ടായിരുന്നു. ഡിസി ബുക്സ് സംഘടിപ്പിച്ച ആ ഒരു സാഹിത്യമത്സരം വിട്ടുകളയാൻ ഞങ്ങളിൽ ആരും തന്നെ തയ്യാറായിരുന്നില്ല എന്നത് തന്നെയാണ് കൂട്ടത്തിൽ ഉണ്ടായിരുന്ന എല്ലാവരോടും സംസാരിച്ചപ്പോൾ എനിക്ക് ബോധ്യപ്പെട്ട കാര്യം. ഞങ്ങളെ എല്ലാവരെയും ആ യാത്രയിൽ ഒരുമിപ്പിച്ചത് നോവൽ വായനയ്ക്കൊടുവിൽ മനസ്സിൽ ഇടംപിടിച്ച മയ്യഴിപ്പുഴയും ഒരുപിടി കഥാപാത്രങ്ങളും തന്നെയാണ്. എം മുകുന്ദനെന്ന പ്രിയപ്പെട്ട എഴുത്തുകാരനൊപ്പം മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഇരുന്ന് ആ നോവലിനെക്കുറിച്ച് സംസാരിക്കാനുള്ള അവസരം ലഭിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചവർ ആയിരുന്നു ഞങ്ങൾ എല്ലാവരും. എല്ലാം കൊണ്ടും അതൊരു സുവർണയാത്രയായി.


Related Articles