'ഗുരുവായൂരമ്പലനടയിൽ
ഒരു ദിവസം ഞാൻ പോകും
ഗോപുരവാതിൽ തുറക്കും
ഞാൻ ഗോപകുമാരനെ
കാണും'
1970-ൽ പുറത്തിറങ്ങിയ 'ഒതേനന്റെ മകൻ' എന്ന സിനിമയിൽ യേശുദാസ് പാടിയ ഗാനമാണിത്. യേശുദാസിനെക്കൊണ്ടു പാടിക്കാൻതന്നെ വയലാർ എഴുതിയ വരികളാണിതെന്നു കരുതുകയും ചെയ്യാം. യേശുദാസ് അതിയായി ആഗ്രഹിച്ചിട്ടും ഗുരുവായൂരമ്പലത്തിൽ കയറാനോ പ്രാർത്ഥിക്കാനോ അദ്ദേഹത്തെ അനുവദിക്കാതിരുന്ന ക്ഷേത്രാധികാരികളുടെ നടപടിക്കെതിരായ പ്രതിഷേധംകൂടിയായിട്ടാണ് ഈ ഗാനം കേരളം കേട്ടത്. അക്കാലത്ത്, ഇതു കേട്ടിട്ടുള്ള നാനാജാതിമതസ്ഥരും ഹിന്ദുമതസ്ഥരുൾപ്പെടെ, യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റണമെന്നും പാടാനും പ്രാർത്ഥിക്കാനും അനുവദിക്കണമെന്നും അഭിലഷിച്ചിരുന്നു. ക്ഷേത്രപ്രവേശനത്തിനും തങ്ങളുടെ ഇഷ്ടദൈവങ്ങളെ ഭജിക്കാനും എല്ലാ മനുഷ്യർക്കും അവകാശം നൽകണമെന്ന ജനാധിപത്യബോധത്തിൽനിന്നാണ് ഈ അഭിലാഷം ഉയിർത്തിരുന്നത്. യേശുദാസിനെയും കൂട്ടി ഗുരുവായൂർ ക്ഷേത്രാങ്കണത്തിൽ പാടാൻ ചെമ്പൈ വൈദ്യനാഥഭാഗവതർ ചെല്ലുന്നുണ്ട്. ക്ഷേത്രാധികാരികൾ യേശുദാസിനെ പ്രവേശിക്കാൻ അനുവദിക്കാതിരുന്നതുമൂലം ചെമ്പൈയും ക്ഷേത്രത്തിൽ കയറാതിരിക്കുകയും പുറത്തിരുന്നു പാടാൻ തീരുമാനിക്കുകയും ചെയ്യുന്നു. വർഗ്ഗീയതയും മതാത്മകമൂല്യങ്ങളും ഐക്യകേരളത്തിൽ ആദ്യമായി ഭീഷണമായി ആടിത്തിമിർക്കുകയും കേരളചരിത്രത്തെ 1959നു മുമ്പും പിമ്പും എന്നു വിഭജിക്കുകയും ചെയ്ത കുപ്രസിദ്ധമായ വിമോചനസമരം കഴിഞ്ഞിരുന്നുവെങ്കിലും നവോത്ഥാനമൂല്യങ്ങളുടെയും പ്രതിരോധസമരങ്ങളുടെയും അനുരണനങ്ങൾ ഈ സംഭവങ്ങളുടെ കാലത്തും തീർത്തും കെട്ടടങ്ങിയിരുന്നില്ലല്ലോ. നവോത്ഥാനമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഗായകനായിട്ടാണ് യേശുദാസ് കേരളത്തിന്റെ സംഗീതചരിത്രത്തിലേക്കു രംഗപ്രവേശം ചെയ്യുന്നതെന്നതും കാണണം. മലയാളത്തിലെ എല്ലാ സംഗീതപ്രേമികൾക്കും അറിയാവുന്നതുപോലെ ശ്രീനാരായണഗുരുവിന്റെ ശ്ലോകം; അരുവിപ്പുറത്തു കുറിച്ചിട്ടിരിക്കുന്നത്,
'ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്'
ചൊല്ലിക്കൊണ്ടാണ് അദ്ദേഹം മിക്കവാറും ഗാനമേളകളും സദസ്സുകളും ആരംഭിച്ചിരുന്നത്. ഒരു യന്ത്രത്തിലേക്ക് യേശുദാസിന്റെ ശബ്ദം ആദ്യമായി പകർത്തപ്പെട്ടത് 1961 നവംബറിലായിരുന്നു. അതും ഗുരുവിന്റെ ഈ ശ്ലോകമായിരുന്നു. നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഫലമായി രൂപംകൊണ്ട പൊതുമണ്ഡലത്തിനുള്ളിലാണ് യേശുദാസിന്റെ ഗാനങ്ങൾ പ്രസിദ്ധമായി തീർന്നത്. ജനകീയപൊതുമണ്ഡലത്തിന്റെ സാന്നിദ്ധ്യംകൊണ്ട് പുഷ്‌കലമായ സാംസ്‌കാരികാന്തരീക്ഷത്തിലാണ് ഈ ഗായകന്റെ സംഗീതസാമ്രാജ്യം രൂപപ്പെട്ടത്.
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും
ദൈവങ്ങളുംകൂടി
മണ്ണു പങ്കുവച്ചു,
മനസ്സു പങ്കുവച്ചു
