ഇന്ത്യയിൽ കാണുന്ന ശ്മശാനങ്ങളിൽ ഏറിയ പങ്കും മുസ്‌ലിങ്ങളുടേതാണ്. ജനസംഖ്യയിൽ ചെറിയ വിഭാഗമായ ക്രിസ്ത്യാനികളുടെ ശ്മശാനങ്ങൾ ഗണനീയമായ അത്രയില്ല. ഹിന്ദുക്കളും മറ്റു മതസ്ഥരും മൃതദേഹം ചിതയിൽ ദഹിപ്പിക്കുകയാണ് പതിവ്. മുസ്‌ലിങ്ങളുടെ ഈ ശ്മശാനങ്ങൾ അഥവാ കബറിടങ്ങൾ കണ്ടുകണ്ടാണെന്നു തോന്നുന്നു ഇവിടുത്തെ ഹിന്ദുദേശീയവാദികളുടെ ഭാവനയിലും വാങ്മയങ്ങളിലും ആ കബറിടങ്ങൾ ഉടക്കിക്കിടക്കുന്നുണ്ട്. ഇന്ത്യൻ തെരുവുകളിൽ ഉയർന്നുകേൾക്കുന്ന മുദ്രാവാക്യങ്ങൾ അതിനു തെളിവാണ്: ''മുസൽമാൻ കി ഏക് ഹി സ്ഥാൻ, ഖബറിസ്ഥാൻ യാ പാകിസ്താൻ''-- മുസൽമാന് ഒരിടമേയുള്ളൂ, കബറിസ്ഥാൻ അല്ലെങ്കിൽ പാകിസ്താൻ. ഊരിപ്പിടിച്ച വാളുമായി തെരുവുകളിലിറങ്ങുന്ന കൊലയാളിസംഘങ്ങളും മതത്തിന്റെയും രാജ്യത്തിന്റെയും സ്വയം പ്രഖ്യാപിത സംരക്ഷകരായി ഭാവിക്കുന്ന ആൾക്കൂട്ടവും നടത്തുന്ന കൊലവിളികളിലാണ് ഇത് ഉയർന്നു കേൾക്കുന്നത്.
ഭരണകൂടത്തിന്റെ സകലമാന ഉപകരണങ്ങളും നിയന്ത്രണങ്ങളും ഹിന്ദുത്വവാദികളുടെ കൈപ്പിടിയിലൊതുങ്ങുന്നതോടെ സാമൂഹികവും സാമ്പത്തികവുമായി ഇവിടുത്തെ മുസ്‌ലിം ജനത കൂടുതൽ ബഹിഷ്‌കരണത്തിനു വിധേയമാവുകയാണ്. സാമൂഹികശ്രേണിയുടെ താഴേത്തട്ടിലേക്ക് അവർ ചവുട്ടിത്താഴ്ത്തപ്പെടുകയും മതനിരപേക്ഷമായ പൊതുവിടങ്ങളിൽ കൂടുതൽ കൂടുതൽ അസ്വീകാര്യരായിത്തീരുകയും ചെയ്യുന്നു. കൂടുതൽ സുരക്ഷിതമായ ഇടങ്ങൾ തേടുന്നതുകൊണ്ടാണോ എന്നറിയില്ല നഗരപ്രദേശങ്ങളിലെ മുസ്‌ലിങ്ങൾ 'മിനി പാകിസ്താൻ' എന്നു വിളിക്കപ്പെടുന്ന ജനവാസകേന്ദ്രങ്ങളിലേക്കു ചെന്നെത്തപ്പെടുകയാണിപ്പോൾ. വിദ്യാസമ്പന്നരായ മുസ്‌ലിങ്ങളും ആ വഴിക്ക് നീങ്ങിക്കഴിഞ്ഞു. മരണത്തിലെന്നപോലെ ജീവിതത്തിലും കടുത്ത വിവേചനമാണ് അവരിന്ന് അനുഭവിക്കുന്നത്. ഡൽഹിപോലെയുള്ള നഗരങ്ങളിലെ ദർഗകളും ശവപ്പറമ്പുകളുമൊക്കെ മരിച്ചവരുടെ മാത്രമല്ല ജീവിച്ചിരിക്കുന്നവരുടെയും അഭയസ്ഥാനമായി മാറിയിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ (രൂപകാർത്ഥത്തിലും) ചേരികളായിക്കഴിഞ്ഞ മുസ്‌ലിം ശവപ്പറമ്പുകളെക്കുറിച്ചാണ് എനിക്കിപ്പോൾ പറയാനുള്ളത്. ഹൈന്ദവവൽക്കരിക്കപ്പെട്ട പുതിയ ഇന്ത്യയിലെ മുസ്‌ലിം ശവപ്പറമ്പുകളെക്കുറിച്ചുതന്നെ. ഒപ്പം, ഇത്തരമൊരു കാലത്ത് സാഹിത്യമെഴുതുന്നതിന്റെ സാംഗത്യത്തെക്കുറിച്ചും ഏറെ പറയാനുണ്ട്.
