ഇരുട്ടിനോട്  പൊരുതാനുള്ള വെളിച്ചമെവിടെ?

Society

ഇരുട്ടിനോട് പൊരുതാനുള്ള വെളിച്ചമെവിടെ?


കേരളത്തിലും മറ്റെല്ലായിടത്തുള്ളവരുമായ മലയാളികൾ, സാഹിത്യകാരൻമാരുടെയും ബുദ്ധിജീവികളുടെയും കലാകാരൻമാരുടെയെല്ലാം റോൾ ഒരുപാട് പെരുപ്പിച്ചു കാണിക്കുന്ന ഒരു സ്വഭാവം വളർത്തിയിട്ടുണ്ട്. 'സാംസ്‌കാരിക നായകർ' എന്നൊരു പ്രയോഗം തന്നെയുണ്ട്. സംസ്‌കാരത്തെ നയിക്കുന്നത് ഈ ആളുകളൊക്കെയാണെന്നുള്ള ഒരു വിവക്ഷ. അങ്ങനെയാണോ വാസ്തവത്തിൽ? ഇടയ്ക്ക് ഒന്നു മാറിനിന്ന് നമുക്ക് ആലോചിച്ചുകൂടെ? സംസ്‌കാരം എന്നു പറയുന്ന പ്രതിഭാസത്തെ നയിക്കുകയും, അല്ലെങ്കിൽ അതിനെ പിന്നിൽ നിന്ന് തള്ളുകയും (പുള്ളിങ് ആൻഡ് പുഷിങ്) ചെയ്യുന്നതിന് പിന്നിലുള്ള ശക്തി, സംസ്‌കാരം എന്ന പ്രതിഭാസം, എന്താണ്? പല സഹസ്രാബ്ദങ്ങളായി ചലിക്കുന്ന ഒരു എൻജിനാണ് ഇത്. ഇതിനെ ചലിപ്പിക്കുന്ന ശക്തി, ഇന്ധനം, എന്താണ്, ആരാണ്? ഈ നമ്മളൊക്കെയാണോ? എനിക്ക് തോന്നുന്നില്ല. അതിന് പിന്നിൽ പ്രവർത്തിക്കുന്ന ശക്തംി ഊർജം അഥവാ ഇന്ധനം നീതിക്കുവേണ്ടിയുള്ള ദാഹമാണ്. നല്ല ഒരു മാന്യമായ ജീവിതം, സ്വാതന്ത്ര്യം, തുല്യത ഇങ്ങനെയുള്ള പല സംഗതികൾ നിഷേധിക്കപ്പെട്ട ആളുകളുടെ ദാഹമാണ് സംസ്‌കാരം എന്ന പ്രതിഭാസത്തിന് ജന്മം കൊടുത്തതും അതിനെ മുന്നോട്ടു കൊണ്ടുപോകുന്നതും. അതിൽ പീഡിപ്പിക്കപ്പെട്ടവരുണ്ടാകാം, മർദ്ദിക്കപ്പെട്ടവരുണ്ടാകാം, പിഴുതെറിയപ്പെട്ടവരുമുണ്ടാകാം; എല്ലാ തരത്തിലുമുള്ള ആളുകൾ. ഇത് അവർ എപ്പോഴും പ്രകടിപ്പിച്ചു എന്നു വരില്ല. ചിലപ്പോൾ അവർ അതിനെപ്പറ്റി ബോധമുള്ളവരായിരിക്കും എന്നും വരണമെന്നില്ല. പക്ഷേ, ആ ദാഹം അവിടെയുണ്ട്. അത് മനുഷ്യജാതിയുടെ അടിത്തട്ടിൽ കിടക്കുന്നു. അതാണ് ഈ ഒരു സംഗതിക്ക് ജന്മം കൊടുത്തതും അതിന് ഊർജം നൽകിയതും ഇന്ധനം കൊടുക്കുന്നതും.

നമ്മളൊക്കെ ആരാണ്? കുറച്ചു വല്ലതും എഴുതുക, കുറച്ചു വായിക്കുക, ചില വിജയങ്ങൾ ഘോഷിക്കുക, ചില നേട്ടങ്ങളെപ്പറ്റി സ്വയം പ്രശംസിക്കുക--ഇതൊക്കെ ചെയ്യുന്ന ഈ നമ്മൾ വളരെ ചെറിയ ആളുകളാണ്. വാസ്തവത്തിൽ മേലെത്തട്ടിലിരുന്ന് താഴെ നടക്കുന്ന ആ വലിയ പ്രയോജനങ്ങളെ ആഘോഷിക്കുന്നവർ. വേണമെങ്കിൽ പറയാം, ഈ യന്ത്രത്തിന്റെ ചില നട്ടും ബോൾട്ടും തിരിക്കുക, അല്ലെങ്കിൽ ലിവർ ഓപ്പറേറ്റ് ചെയ്യുക തുടങ്ങിയവ നടത്തുന്ന വെറും മെക്കാനിക്കുകൾ മാത്രമാണ് നമ്മൾ. പീപ്പിൾ ലൈക്ക് അസ് എന്ന പ്രയോഗമുണ്ട് ഇംഗ്ലിഷിൽ. പി.എൽ.യുവെന്ന് പറയും. നമ്മളെപ്പോലുള്ളവർ പലപ്പോഴും അത് തെറ്റായി തിരിക്കുന്നവർകൂടിയാണ്. യൂറോപ്പിൽ ഫാസിസത്തിന്റെ കാലത്ത് അതിന് കുടപിടിച്ച എഴുത്തുകാരുണ്ടായിരുന്നു, ബുദ്ധിജീവികളുണ്ടായിരുന്നു. അങ്ങനെ ഒരു നേരത്ത്, ഇനി വരുന്ന ചോദ്യം-- എന്താണ് ഈ ഊർജത്തിന്റെ പിന്നിലുള്ളത്? എവിടെനിന്നാണ് ഈ ഊർജം ഉദ്ഭവിക്കുന്നത്? അതിനുവേണമെങ്കിൽ നമുക്കു പോകാം പിന്നോട്ട്. മറ്റ് ജീവജാലങ്ങൾ, പ്രകൃതികൊടുത്ത സഹജവാസനകൊണ്ട് തൃപ്തിപ്പെട്ടു ജീവിച്ചപ്പോൾ മനുഷ്യൻ എന്ന ജീവി എന്തുകൊണ്ടോ അതിന് അപ്പുറം സ്വന്തം ജീവിതം സ്വയം കെട്ടിപ്പടുക്കണമെന്ന് ആഗ്രഹിച്ചു. മറ്റ് ജീവജാലങ്ങൾ അവിടെ നിന്നപ്പോൾ, വ്യത്യസ്തമായി മനുഷ്യജീവി മുന്നോട്ടുപോകാൻ ആഗ്രഹിച്ചു. പല ജീവികളും മൃതാവസ്ഥയിൽ നിന്നപ്പോൾ നമ്മൾ 10,000-20,000 കൊല്ലത്തിനിടയ്ക്കാണ് ഇതു നേടിയെടുത്തത്. നമ്മൾ ഒരു സമൂഹമുണ്ടാക്കി. ജൈവിക പരിണാമത്തിന് അപ്പുറത്ത് അനുബന്ധമായി സാമൂഹികപരിണാമം എന്നൊന്ന് കൂട്ടിച്ചേർത്തു. സമൂഹത്തിൽനിന്ന് വ്യക്തികളുണ്ടായി. വ്യക്തികളും സമൂഹവും തമ്മിലുള്ള ഇന്ററാക്ഷനിൽനിന്നുണ്ടാകുന്നു നീതി, നീതിബോധം എന്നീ ചിന്തകൾ എല്ലാം; ചുരുക്കത്തിൽ നമ്മൾ സാംസ്‌കാരിക മൂല്യങ്ങൾ എന്നു വിവക്ഷിക്കുന്ന സംഗതികളൊക്കെ.


Related Articles