ജനാധിപത്യത്തിൽ അറിവാണ് പ്രധാനം. അറിവാണ് ജനതയെ ശക്തരും പ്രാപ്തരുമാക്കുന്നത്. മഹാകുംഭമേളയാണ് ലോകത്തിലെ ഏറ്റവുംവലിയ ജനസംഗമം എന്നതുപോലെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ്. എൺപത്തിമൂന്ന് കോടി വോട്ടർമാരുള്ള ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നാണ് വിശേഷിപ്പിക്കുന്നത്. വോട്ടർമാരുടെ എണ്ണംകൊണ്ട് മാത്രമല്ല കാര്യങ്ങൾ ഗ്രഹിക്കുന്നതിനുള്ള അവരുടെ പ്രാപ്തിയുടെകൂടി അടിസ്ഥാനത്തിലാണ് ജനാധിപത്യത്തിന്റെ ഗുണവും മേന്മയും നിശ്ചയിക്കുന്നത്. ഇക്കാര്യത്തിൽ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അറിയുന്നതിനുള്ള ജനങ്ങളുടെ മൗലികമായ അവകാശത്തിന്റെ അർത്ഥപൂർണമായ സാക്ഷാത്കാരമാണ് സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന്റെ സാധൂകരണവും അനിവാര്യതയും. ഈ പ്രവർത്തനത്തിലൂടെയാണ് നിലപാടുകളും പൊതുബോധവും സൃഷ്ടിക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പിൽ സജീവമായും സക്രിയമായും ഇടപെടുന്ന മാധ്യമങ്ങൾ എപ്രകാരമാണ് ജനങ്ങളെ കാര്യങ്ങൾ അറിയിക്കുന്നത്? അവർ പക്ഷം പിടിക്കുന്നതിൽ അപാകതയില്ല. പക്ഷേ, പക്ഷമേതെന്ന് പരസ്യമാക്കണം. പാർട്ടികളെ പിന്തുണയ്ക്കുകയും സ്ഥാനാർത്ഥികളെ എൻഡോഴ്‌സ് ചെയ്യുകയും ചെയ്യുന്ന രീതി ബ്രിട്ടനിലും അമേരിക്കയിലുമുണ്ട്. എന്നാൽ ഇന്ത്യയിൽ കാണുന്നത് നിഷ്പക്ഷത എന്ന നാട്യത്തിൽ നടക്കുന്ന വിടുപണിയാണ്. പെയ്ഡ് ന്യൂസ് എന്ന പേര് സമീപകാലത്തുണ്ടായതാണെങ്കിലും ഹീനമായ പ്രവൃത്തി പണ്ടേയുള്ളതാണ്. കോർപറേറ്റ് ആധിപത്യകാലത്ത് പണം എന്ന പ്രലോഭനം ശക്തമായിരിക്കുന്നു എന്നു മാത്രം. ജനങ്ങളെ സത്യം അറിയിക്കാൻ ബാധ്യസ്ഥരായ മാധ്യമങ്ങൾ അസത്യത്തിന്റെ പ്രചാരകരാകുന്നു.
