മോദി Vs ഇന്ദിര

Society

മോദി Vs ഇന്ദിര


ജൂൺ തുടക്കത്തിൽ, മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് തന്റെ ദൈനംദിന പോസ്റ്റുകളിൽ മോദി സർക്കാരിനെതിരേ വിവിധ പാളിച്ചകൾ, തെറ്റുകൾ, കുറ്റകൃത്യങ്ങൾ എന്നിവ ആരോപിച്ച് ‘എമർജൻസി@11’ എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കാൻ തുടങ്ങി. ആ മാസാവസാനം വരുമെന്ന് രമേശിന് അറിയാമായിരുന്ന ഒന്നിന്റെ മുന്നോടിയായിരുന്നു അത്; അതായത്, ഇന്ദിരാ ഗാന്ധിയും അവരുടെ കോൺഗ്രസ് പാർട്ടിയും ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം. ആ ഹാഷ്‌ടാഗിലൂടെ, ഇന്ദിരയുടെ അടിയന്തരാവസ്ഥ രണ്ട് വർഷത്തിൽ താഴെയേ നീണ്ടുനിന്നുവെങ്കിൽ, മോദിയുടെ സ്വേച്ഛാധിപത്യഭരണകാലം ഒരു ദശാബ്ദത്തിലേറെ നീളുന്നു എന്നാണ് രമേശ് സൂചിപ്പിക്കുന്നത്.

ഇന്ദിരാ ഗാന്ധിയുടെ പ്രധാനമന്ത്രിപദകാലത്ത് ഞാൻ പ്രായ​പൂർത്തിയായ ആളായി, നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദകാലത്ത് എനിക്ക് പ്രായമാവുന്നു. ഈ ലേഖനത്തിൽ, വ്യക്തി​പരമായ അനുഭവത്തിന്റെയും അക്കാദമിക് ഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ രണ്ടുപേരുടെയും രാഷ്ട്രീയ ലെഗസി താരതമ്യംചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത് (അവരുടെ സാമ്പത്തിക, വിദേശനയ പൈതൃകങ്ങളുടെ വിലയിരുത്തൽ എന്നെക്കാൾ നന്നായി ആ വിഷയങ്ങൾ അറിയുന്ന പണ്ഡിതർക്കു വിടാം).

ചരിത്രകാരന്, കാലഘട്ടത്താലും ആശയശാസ്ത്രപരമായ ബന്ധത്താലും വ്യത്യാസമുള്ള ഈ രണ്ട് പ്രധാനമന്ത്രിമാർക്കിടയിൽ അഞ്ച് ശ്രദ്ധേയമായ സമാനതകൾ കാണാനാവും. ഒന്നാമതായി, ഇന്ദിരയെപ്പോലെ മോദിയും തന്റെ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് അതിഭീമമായ വ്യക്തിത്വ ആരാധന കെട്ടിപ്പടുക്കാൻ ശ്രമിച്ചു. പാർട്ടിയുടെയും സർക്കാരിന്റെയും ഭരണകൂടത്തിന്റെയും രാഷ്ട്രത്തിന്റെയും ഏകരൂപമായി അവർ സ്വയം പ്രതിനിധീകരിച്ചു. ഈ ആരാധന പൊതു ഖജനാവിനാൽ നിലനിർത്തുന്നു, ചുറ്റുമുള്ള കുഴലൂത്തുകാരാൽ ജ്വലിപ്പിക്കുന്നു.


Related Articles