കഥനവും ചരിത്രവും അരുളും

Society

കഥനവും ചരിത്രവും അരുളും


നായത്തവൽക്കരണത്തിേന്റയും ആധുനികതയുടേയും ഭാഗമായി ഉദയംചെയ്ത സാഹിത്യരൂപമാണ് നോവൽ എന്ന് യൂറോപ്യൻ സംസ്കാരരാഷ്ട്രീയചരിത്രം വ്യക്തമാക്കുന്നു. പണിയെടുക്കുന്ന ബഹുജനങ്ങളും പെണ്ണുങ്ങളും ചരിത്രത്തിലും എഴുത്തിലും വായനയിലും വിദ്യാഭ്യാസരംഗത്തും പ്രവേശിച്ചപ്പോഴാണതു യൂറോപ്പിൽ വികസിച്ചുവന്നതെന്ന് സംസ്കാരപഠിതാക്കളും വിമർശകരും വിശദീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന–ആധുനിക–ജനായത്തമൂല്യങ്ങളിൽ ഭരണഘടനാശില്പികൾ കെട്ടിപ്പടുത്ത സാമൂഹ്യജനായത്ത സംവിധാനമുള്ള ഇന്ത്യൻ ഭരണഘടനയും ആധുനിക ജനായത്ത റിപ്പബ്ലിക്കും ജനതയും ഇന്ന് പെരിയ വെല്ലുവിളികൾ നേരിടുകയാണ്. പ്രാതിനിധ്യജനായത്തവും ഫെഡറലിസവും മതേതരചിന്തയും അട്ടിമറിക്കപ്പെടുന്നു. ആധുനികതയും ജനായത്തവും മാനവികതയും നീതിയും ഇന്ത്യയിൽ പ്രതിസന്ധിയിലാണ്. ആധുനികതയ്ക്കുമുമ്പുള്ള കിരാതപാഷണ്ഡതയിലേക്കു വിശ്വാസി, തീണ്ടാരി ശൂദ്രലഹളകൾ കേരളത്തേയും കൂപ്പുകുത്തിക്കുകയാണ്. 2018–ലെ നാമജപഘോഷയാത്രപോലെ 2023–ലും രണ്ടാം നാമജപവിശ്വാസി ലഹള ഉരുണ്ടുകൂടുകയാണ്.

ആധുനികതയേയും പ്രാതിനിധ്യ ജനായത്തത്തേയും കുറിച്ചുള്ള സംവാദങ്ങളും ആഖ്യാനങ്ങളും ഏറെ നിർണായകമാകുന്ന സന്ദർഭങ്ങളാണ് കടന്നുപോകുന്നത്. ആധുനികതയിലേക്കുള്ള ആദിവാസികളുടെ സഞ്ചാരമായും ആധുനികതയുമായുള്ള സംവാദങ്ങളായും നാരായൻനോവലിനെ കാണാറുണ്ട്. നൈതികമായ പ്രാതിനിധ്യത്തിനും പ്രതിനിധാനത്തിനുമായുള്ള ശ്രമമായി നാരായൻ തന്നെ തന്റെ നോവലിനെ വ്യാഖ്യാനിക്കുന്നു. പ്രാക്തനജനതയുടെ മോഡേണിറ്റിയുമായുള്ള ഇടപാടുകളും ഇടപെടലുകളും വ്യക്തമാണ്.

അതിനും അപ്പുറത്തേക്കുളള മോഡേണിറ്റിയുടെ പരിധികളേയും പരിമിതികളേയും കൂടി വെളിപ്പെടുത്തുന്ന കഥനാഖ്യാനമാണ് കൂടുതൽ മൂല്യവത്താകുന്നത്. സാമൂഹ്യ രാഷ്ട്രീയ ജനായത്ത ചരിത്രവുമായുളള നോവലിടപാടുകളും പ്രതിനിധാനങ്ങളും ആഖ്യാനഭാവനകളുമാണ് വർത്തമാന ജനായത്ത പ്രതിസന്ധികളിൽ പ്രാതിനിധ്യത്തിനും നൈതിക പ്രതിനിധാനങ്ങൾക്കുമായി സമരംചെയ്യുന്ന ആദിമജനതകളുടെ ജീവിതപ്പോരാട്ടങ്ങളിൽ ഏറെ പ്രസക്തമാകുന്നത്.


Related Articles