ഞാൻ എന്തുകൊണ്ട് ഫെമിനിസ്റ്റല്ല (ആണ്)?

Society

ഞാൻ എന്തുകൊണ്ട് ഫെമിനിസ്റ്റല്ല (ആണ്)?


'We have begun to raise daughters more like sons, but few have a courage to raise our sons more like our daughters' – Gloria Steinem.

ലിംഗസമത്വത്തെക്കുറിച്ചും സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും ഉജ്വലമായ ആശയങ്ങൾ പകർന്നു നൽകുന്ന ഒരു പുസ്തകത്തിന്റെ വായനയുടെ നിറവിൽ നിന്നുകൊണ്ടാണ് ഈ വാക്കുകൾ കുറിക്കുന്നത്. സിമോൻ ദ ബുവയുടെ Second Sex, സിൽവിയ പ്ലാത്തിന്റെ The bell jar, വെർജീനിയ വൂൾഫിന്റെ A room of one's own, മാർഗരറ്റ് ആറ്റ്‌വുഡിന്റെ The Handmaid's tale തുടങ്ങി കീർത്തികേട്ട പല പുസ്തകങ്ങളും ഫെമിനിസത്തെ സംബന്ധിച്ച് പല പുതിയ വാതായനങ്ങളും തുറന്നു തന്നിട്ടുണ്ട്. എങ്കിലും ഞാൻ അടിമുടി സ്ത്രീസ്വാതന്ത്ര്യവാദിയാണെന്നും ഫെമിനിസ്റ്റ് ചിന്തകളെ കലർപ്പില്ലാതെ പിന്തുണയ്ക്കുന്നവനാണെന്നും ഉള്ള എന്റെ ആൺഅഹന്തയുടെ ബലൂണിനെ നിസ്സാരമായി പൊട്ടിച്ചു കളയാൻ നൈജീരിയൻ എഴുത്തുകാരി ചിമമാഡ എൻഗോസി അദീച്ചിയുടെ ''Dear Ijeawele, A feminist manifesto in fifteen suggestions' എന്ന പുസ്തകത്തിന്റെ ഒന്നാംവായനതന്നെ സഹായിച്ചു എന്നതാണ് ഈ എഴുത്തിലേക്ക് നയിച്ച ഘടകം.

സമ്പൂർണ്ണമായും പുരുഷാധിപത്യക്രമം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ജനിച്ചുവളർന്ന ഒരാൾക്ക് കടുത്ത ശിക്ഷണത്തിന്റെയും ബോധപൂർവ്വമുള്ള പ്രവർത്തികളുടെയും പിൻബലമില്ലാതെ അങ്ങനെ സമത്വസുന്ദരമായ ഒരു മനോഹരലോകത്തെക്കുറിച്ച് ചിന്തിക്കുക പോലും സാധ്യമല്ല എന്നതാണ് സത്യം. അല്ലെങ്കിൽ 'എനിക്കെന്താണ് ഒരു കുഴപ്പം' എന്ന് ഉറച്ചു വിശ്വസിക്കുകയും കുമ്പിളിങ്ങി നൈറ്റ്‌സിലെ ഷമ്മിയെപ്പോലെ 'സ്ത്രീകൾക്ക് അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ അനുവദിച്ചു കൊടുക്കുന്ന കുടുംബമാണ് നമ്മുടേത്' എന്ന് അഭിമാനിച്ചു നടക്കുകയും ചെയ്തുകളയും. അത്തരം ചില ചിന്തകളെ വേരോടെ പിഴുതുകളയുവാൻ ഫെമിനിസ്റ്റ് ആശയങ്ങളുടെ കാതൽ നാം തേടിപ്പോകേണ്ടതുണ്ട്. ഓ ഫെമിനിസമോ, അതെന്താണെന്ന് എനിക്കറിയാം, അതേപ്പറ്റി ഏറെയൊന്നും പറയാൻ നിൽക്കേണ്ട എന്നാവും ആൺപെൺ വ്യത്യാസമില്ലാതെ നമ്മിൽ ഭൂരിപക്ഷവും ഇപ്പോൾ ചിന്തിക്കുക. കാരണം കഴിഞ്ഞ പല പതിറ്റാണ്ടുകളായി നാം പല കോണുകളിൽ നിന്നുകൊണ്ട് പഠിച്ചിട്ടും വിശകലനം ചെയ്തിട്ടും അന്ധന്മാർ കണ്ട ആനയെപ്പോലെ വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ആശയങ്ങളിൽ ഒന്നാണ് ഫെമിനിസം. പുരുഷനെ സമ്പൂർണ്ണമായും നിരാകരിക്കലും നിഷേധിക്കലുമാണ് അതിന്റെ രീതി എന്ന് നാമെല്ലാം ധരിച്ചു വശായിട്ടുമുണ്ട്. അതുകൊണ്ടു തന്നെ പുരുഷാധിപത്യക്രമത്തിന്റെ കെണിയിൽ പെട്ടുപോയ ആണും പെണ്ണും ഒരേപോലെ അതിനെ മുൻവിധിയോടെ സമീപിക്കുന്നു. അഹങ്കാരത്തിന്റെയും നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ആശയങ്ങളെയാണ് അത് വഹിക്കുന്നത് എന്ന് വെറുതെ ഉറപ്പിക്കുന്നു. അങ്ങനെ അത് മുന്നോട്ട് വയ്ക്കുന്ന സമത്വത്തിന്റെ മനോഹരമായ ആശയത്തെ കാണാൻ ശ്രമിക്കാതെ പോകുന്നു.


Related Articles