പലസ്തീനിൽ ചെയ്യേണ്ടത്

Society

പലസ്തീനിൽ ചെയ്യേണ്ടത്


തീവ്രമായ മനോവേദനയോടെയും ആശങ്കയോടെയുമാണ് ഞാൻ ഇവിടെ നിൽക്കുന്നത്. ലോകത്തിന്റെ ഇതര ഭാഗങ്ങളിലും നിഷ്ഠുര കൃത്യങ്ങൾ നടക്കുന്നുണ്ട്, അതുകൊണ്ട് നാം അതിനെയും അപലപി​ക്കണം എന്നു പറഞ്ഞ എല്ലാവരോടും ഞാൻ യോജിക്കുന്നു. ഇറാഖ് അധിനിവേശത്തെ അപലപിക്കാൻ ദയവായി മുന്നോട്ടു വരണം. ലിബിയയിൽ നടന്നതിനെ അപലപിക്കാൻ തയ്യാറാകണം. സിറിയയിൽ സംഭവിച്ചതിനെ അപലപിക്കണം. ഇതിനെയെല്ലാം അപലപിക്കാൻ എന്റെ സുഹൃത്ത് ഡോ. മൈത്രേ​യനോട് ഞാൻ അഭ്യർഥിക്കുന്നു. ശ്രീലങ്കയിൽ തമിഴ് വംശജർ നേരിടുന്ന പീഡനങ്ങളെയും എതിർക്കണം. മനുഷ്യസമൂഹത്തിനെതിരായ ഓരോ പൈശാചികകൃത്യത്തെയും അപലപിക്കണം. ഞങ്ങളുടെ നിലപാട് അതാണ്. എന്നാൽ, നാം ഇന്ന് ഇവിടെ ചർച്ചചെയ്യുന്നത് ഗാസാ ചീന്തിലെ മനുഷ്യത്വരഹിതമായ ആക്രമണങ്ങളെക്കുറിച്ചാണ്. അവിടെ നടക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇത് വിശദീകരിക്കാൻ ഉറുദുവിൽ ഒരു പദമേയുള്ളൂ. ഇൻസാനിയത്ത്. ഇത് ഇൻസാനിയത്തിനെതിരാണ്. എന്നുവെച്ചാൽ എല്ലാ പ്രാഥമിക മാനുഷികമൂല്യങ്ങൾക്കും എതിര്.

നമ്മൾ ഇന്നു രാവിലെ ചർച്ച ചെയ്തതുപോലെ 476 പേർ കൊല്ലപ്പെട്ടു; മൂവായിരത്തിലധികം പേർക്ക് പരിക്കുപറ്റി. അതിക്രമത്തിന് ഇരയായവരിൽ മൂന്നിലൊന്നും സ്ത്രീകളും കുട്ടികളുമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കിൽ അവരിൽ 70 ശതമാനം സാധാരണ പൗരന്മാരാണ്. ഇത്തരത്തിലുള്ള കൂട്ടക്കൊലയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കൂട്ടക്കൊല എന്ന വാക്ക് ഞാൻ ബോധപൂർവം ഉപയോഗിച്ചതാണ്. അന്താരാഷ്ട്ര മനുഷ്യത്വനിയമങ്ങൾ ലംഘിക്കുന്നതാണ് ഈ ആക്രമണമെന്ന് പറഞ്ഞുകൊണ്ട് യു.എൻ. രക്ഷാസമിതി ഇതിനെ അപലപിച്ചിട്ടുണ്ട്. അത്യന്തം ക്രൂരം എന്നാണ് യു.എൻ. സെക്രട്ടറി ജനറൽ ഇതിനെ വിശേഷിപ്പിച്ചത്. അന്താരാഷ്ട്രനിയമങ്ങളും യു.എൻ. രക്ഷാസമിതിപ്രമേയങ്ങളും തുടർച്ചയായി ലംഘിച്ചുകൊണ്ടുള്ള ഈ ക്രൂരതകളോട് നമുക്ക് മൗനം അവലംബിക്കാൻ കഴിയില്ല.

സർ, ഞാനിവിടെ രണ്ട് കാര്യങ്ങൾ ആവശ്യപ്പെടുന്നു. ഈ കൂട്ടക്കൊലയെ അപലപിക്കുന്ന പ്രമേയം അംഗീകരിക്കണം. ഇറാഖിനെതിരായ യു.എസ്. സൈനികാക്രമണത്തെ മുമ്പ് ഈ സഭ അപലപിച്ചിട്ടുണ്ട്. അതെ, അന്ന് വാജ്‌പേയി നയിക്കുന്ന എൻ.ഡി.എ. ഗവൺമെന്റായിരുന്നു. ഇന്ത്യയുടെ ഗുണത്തിന് വാജ്‌പേയി ഇത് പലതവണ ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹം പറയും: "ഞങ്ങൾക്കൊരു ജനാധിപത്യമുണ്ട്. ഇന്ത്യയിലെ എന്റെ പാർലമെന്റ് ഇതിനെ അപലപിച്ചിട്ടുണ്ട്. അതുകൊണ്ട് അന്താരാഷ്ട്ര വേദികളിൽ നമ്മുടെ നേട്ടത്തിനുവേണ്ടി എനിക്ക് ഇത് ഉപയോഗിക്കേണ്ടിവരും.'' ഇതുതന്നെയാണ് പല ജനാധിപത്യരാജ്യങ്ങളും ചെയ്യുന്നത്. തനിക്ക് ഒന്നിനോടും യോജിക്കണമെന്നില്ലെങ്കിൽ യു.എസ്. പ്രസിഡന്റ് അവരുടെ കോൺഗ്രസിന്റെ പ്രമേയങ്ങൾ എടുത്തുകാണിക്കും. ഈ സഭ ഒരു പ്രമേയം പാസാക്കണമെന്ന് പറയുന്നുണ്ടെങ്കിൽ ദയവായി അത് അംഗീകരിക്കണം. ഇതാണ് എന്റെ ഒന്നാമത്തെ ആവശ്യം.


Related Articles