ഐക്യകേരളത്തിന് മുമ്പും പിമ്പുമുള്ള സംസ്ഥാനത്തിന്റെ രാഷ്ട്രീയചരിത്രം പല അടരുകളുള്ളതും സങ്കീർണത നിറഞ്ഞതുമാണ്. എന്താണ് കേരളത്തിന്റെ രാഷ്ട്രീയചരിത്രം, വർത്തമാന കാലത്തിൽ അതെങ്ങനെ പ്രതിഫലിക്കുന്നു, ആർക്കാണ് നവോത്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടാനാവുന്നത് തുടങ്ങിയ ചോദ്യങ്ങൾ പല നിലക്കും ഗൗരവമാർന്നതാണ്. ഈ വിഷയത്തിൽ കെ.എൽ.എഫ് വേദിയിൽ മൂന്നാം ദിനത്തിൽ ആദ്യ സെഷനിൽ നടന്ന നടന്ന ചർച്ച ശ്രദ്ധേയമായി. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ എം. സ്വരാജ്, കോഴിക്കോട് ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. എഴുത്തുകാരനായ റഫീഖ് ഇബ്രാഹിം മോഡറേറ്ററായിരുന്നു.
റഫീഖ് ഇബ്രാഹിം: സംഗൃഹീത രൂപത്തിൽ എഴുതാനുള്ള ശ്രമമായിട്ടുപോലും ആർ.കെ. ബിജുരാജിന്റെ 'കേരളത്തിന്റെ രാഷ്ട്രീയചരിത്രം' എന്ന പുസ്തകത്തിന് ഏകദേശം ആയിരം പേജുകളുണ്ട്. 67 വർഷത്തെ രാഷ്ട്രീയചരിത്രം സംഗ്രഹരൂപത്തിൽ പറയാൻതന്നെ അത്ര പേജുകൾ വേണമെന്നിരിക്കെ ഒരു മണിക്കൂർ കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയചരിത്രം എങ്ങനെ ചർച്ച ചെയ്യുമെന്ന കാര്യത്തിൽ വേദിയിലുള്ള ഞങ്ങൾ എല്ലാവരും പലരൂപത്തിലുള്ള പ്രതിസന്ധി നേരിടുന്നുണ്ട്. സംഗൃഹീതരൂപത്തിൽ ചില വിഷയങ്ങൾ അവതരിപ്പിക്കാൻ മാത്രമേ നമുക്കിവിടെ സാധ്യമാകൂ. കേരളം ഇന്ത്യയുടെ പൊതു രാഷ്ട്രീയ ഘടനയിൽനിന്ന് പലതരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നമുക്കറിയാം. കേരള മോഡൽ എന്നു വിളിക്കുന്നത് സാമ്പത്തിക കാര്യത്തെ മാത്രമല്ല എന്നും അത് സാംസ്കാരികവും രാഷ്ട്രീയവുംകൂടിയായ മോഡൽ കൂടിയാണ് എന്നും നമുക്ക് വ്യക്തതയുണ്ട്. നമ്മൾ ഇന്ന് കാണുന്ന കേരള സമൂഹം ജനാധിപത്യ മതേതര രാഷ്ട്രീയ സമൂഹമായി രൂപപ്പെടുത്തുന്നതിൽ ഓരോ രാഷ്ട്രീയപ്രസ്ഥാനത്തിനും ഉള്ള പങ്ക് നമുക്ക് കേൾക്കാം. ഇന്നത്തെ കേരള രൂപീകരണത്തിൽ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ, സംഘടനയുടെ റോൾ എന്താണ് എന്ന്, തങ്ങൾ ഏറ്റെടുത്ത സമരങ്ങളുടെ രാഷ്ട്രീയമായ അടിസ്ഥാനമെന്താണ് എന്ന് നമുക്ക് ആദ്യം പരിശോധിക്കാം. ഇവിടെയിരിക്കുന്നതിൽ ഏറ്റവും സീനിയർ രാഷ്ട്രീയ പ്രവർത്തകൻകൂടിയായ എം.ടി. രമേശിൽനിന്ന് ആരംഭിക്കാം. കേരളം ഇന്നത്തെ രാഷ്ട്രീയ ജനാധിപത്യ സമൂഹം രൂപപ്പെടുത്തുന്നതിൽ താങ്കൾ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിക്കോ അതിനു മുമ്പുള്ള ജനസംഘിനോ എന്തൊക്കെ റോളുകളാണുള്ളത്? നിങ്ങൾ ഏറ്റെടുത്തു നടത്തിയ സമരങ്ങൾ എന്തൊക്കെയാണ്? ഇപ്പോഴും പൊതുരാഷ്ട്രീയത്തിൽനിന്ന് ജനങ്ങൾ നിങ്ങളെ അകറ്റി നിർത്തുന്ന പ്രവണതയും കാണുന്നുണ്ട്. അതെങ്ങനെ കാണുന്നു?
എം.ടി. രമേശ്: വളരെ വിശാലമായ വിഷയമാണ് ഇത്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ഞാനുൾപ്പെടുന്ന പ്രത്യയശാസ്ത്രത്തിന്റെ സംഭാവനയെന്ത് എന്ന കൃത്യമായ ചോദ്യത്തിലേക്ക് വരുംമുമ്പ് കേരളം രൂപംകൊണ്ട ഒരു പശ്ചാത്തലത്തെപ്പറ്റി പറയണം. ആ പശ്ചാത്തലത്തിൽനിന്ന്, അതിന് സഹായകരമാകുന്ന എന്തെല്ലാം സംഭാവനകളാണ് ഉണ്ടായത് എന്ന് ചിന്തിക്കുന്നതാവും നന്നാവുക എന്നു തോന്നുന്നു. ഒരു പ്രദേശത്തിന്റെയും വളർച്ചയ്ക്കും വികാസത്തിനും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ സംഭാവനയുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നില്ല. ചില പ്രത്യയശാസ്ത്രങ്ങളും ആ പ്രത്യയശാസ്ത്രങ്ങളുടെ ഭാഗമായിട്ടുള്ള മുന്നേറ്റങ്ങളും പല വിധത്തിൽ സഹായിച്ചിട്ടുണ്ടാകാം. പക്ഷേ, ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെയും രൂപീകരണവും വളർച്ചയും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ സംഭാവനകൊണ്ടാണെന്ന് കരുതാവുന്ന ഒരു സാഹചര്യവും ഇല്ല. കാലാന്തരത്തിൽ രൂപപ്പെട്ടുവന്നിട്ടുള്ള പല സാഹചര്യങ്ങളും ആ ജനതയുടെ സ്വഭാവത്തിലും മുന്നേറ്റത്തിലും സഹായകരമായിട്ടുണ്ടാകാം. കേരളത്തിൽ ഇന്ന് കാണുന്ന ഈ മുന്നേറ്റത്തിന്റെ പ്രധാന കാരണം, അല്ലെങ്കിൽ അടിത്തറയേകിയത്, ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളെയും പോലെ സ്വാതന്ത്ര്യസമര പ്രസ്ഥാനമാണ്. അത് കേവലം രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം മാത്രമായിരുന്നില്ല. നമ്മുടെ സാമൂഹികമായ എല്ലാ സ്വാതന്ത്ര്യങ്ങളെയും വികസിപ്പിക്കാൻ ഒരു ജനതയെ പഠിപ്പിക്കുകയും അതിന് പ്രേരിപ്പിക്കുകയും അതിനാവശ്യമായ ജനകീയ സംവാദങ്ങളും മുന്നേറ്റങ്ങളും രൂപപ്പെടുത്തിയെടുക്കുകയും ചെയ്തിട്ടുള്ളതിൽ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിൽ രൂപംകൊണ്ടിട്ടുള്ള എല്ലാ സാമൂഹിക മുന്നേറ്റങ്ങളുടെയും പിറകിൽ സ്വാതന്ത്ര്യസമരമുണ്ട് എന്ന് കാണാം. കേരളം ഇന്ന് കാണുന്ന സാമൂഹ്യസമത്വമായാലും നാം കാണുന്ന രാഷ്ട്രീയ അവബോധമായാലും വിദ്യാഭ്യാസ രംഗത്തെ പുരോഗതിയായാലുമൊക്കെ അതിന്റെ അടിസ്ഥാനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലുള്ള വളർച്ചയാണ്. അതിൽ സ്വാഭാവികമായും കെ. കേളപ്പജിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ആരംഭിച്ചിട്ടുള്ള ഒരു വലിയ സാമൂഹിക നവീകരണ പ്രസ്ഥാനമുണ്ട്. ആ പ്രസ്ഥാനത്തിലാണ് പിൽക്കാലത്ത് എ.കെ.ജി. കടന്നുവന്നത്, പല നേതാക്കളും കടന്നുവന്നത്. അത് ഗുരുവായൂർ സത്യാഗ്രഹമായാലും വൈക്കം സത്യാഗ്രഹമായാലും പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യമായാലും എല്ലാം കേളപ്പജിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള ഒരു സമരത്തിന്റെ ഭാഗമാണ്. ആ സമരത്തിന്റെയും മുന്നേറ്റത്തിന്റെയും തുടർച്ചയിൽ പങ്കാളികളാകാൻ ഐക്യകേരളത്തിന്റെ രൂപീകരണത്തിനു ശേഷം ഞാനുൾപ്പെടുന്ന പ്രത്യയശാസ്ത്രത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് കേരളചരിത്രത്തിന്റെ ഭാഗമാണ്.
