അവരുടെ കുഞ്ഞുങ്ങൾ എവിടെ? മുത്തങ്ങയില്‍ എന്താണ് സംഭവിച്ചത്?; വിഎസ് എഴുതിയ ലേഖനം

Society

അവരുടെ കുഞ്ഞുങ്ങൾ എവിടെ? മുത്തങ്ങയില്‍ എന്താണ് സംഭവിച്ചത്?; വിഎസ് എഴുതിയ ലേഖനം


മുത്തങ്ങയിൽ പോലീസ് ആദിവാസികൾക്കുനേരെ നടത്തിയ വെടിവയ്പിനെയും ആദിവാസികൾക്കു നേരെ നടത്തിയ നായാട്ടിനെയും തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആദിവാസിസ്ത്രീകളെയും കുട്ടികളെയും മറ്റ് ആളുകളെയും കഴിഞ്ഞ ദിവസം കാണുകയുണ്ടായി. അവരുടെ നില ദയനീയമാണ്. വളരെ ക്രൂരമായ നിലയിൽ അവരെ മർദ്ദിച്ചതായിട്ടാണ് മനസ്സിലായത്. മുത്തങ്ങയിൽ നിന്നും പിടിച്ചശേഷം പോലീസ് ലോക്കപ്പിലും ഫോറസ്റ്റ് ഓഫീസിലും വെച്ച് അതിക്രൂരമായി മർദ്ദിച്ചു. സ്ത്രീകളും അവർക്കേറ്റ മൃഗീയമായ മർദ്ദനത്തിന്റെ പാടുകൾ എന്നെ കാണിക്കുകയുണ്ടായി. അതുപോലെ എട്ടൊൻപത് കുട്ടികൾ അവരുടെ കൈയിലുണ്ടെങ്കിലും പലരുടെയും കുട്ടികളെ നഷ്ടപ്പെട്ടിരുന്നു. കാണാനില്ലെന്ന് അവർ പറയുകയുണ്ടായി. കുറഞ്ഞത് എട്ടൊൻപത് കുട്ടികളെങ്കിലും നഷ്ടപ്പെട്ടതായിട്ടു വിശ്വസിക്കാവുന്ന വിധത്തിലുള്ള കാര്യങ്ങളാണ് അവർ എന്നോടു പറഞ്ഞത്. ഈ നിലയിൽ കുട്ടികളുടെ നഷ്ടം എങ്ങനെ ഉണ്ടായി എന്നു ചോദിച്ചപ്പോൾ ഞങ്ങളോട് ഞങ്ങളുടെ നേതാക്കന്മാർ പറഞ്ഞത്, മുത്തങ്ങയിൽ ഒറ്റയ്ക്ക് താമസിക്കാൻ വന്നാൽ പോരാ, നമുക്ക് ഭൂമി അനുവദിക്കുകയാണ്. കുടുംബങ്ങൾ എല്ലാം ഒന്നിച്ച് ഇപ്പോൾ താമസിക്കു സ്ഥലത്തുനിന്നും എല്ലാമായിട്ടു പോരണമെന്നു പറഞ്ഞതനുസരിച്ച് എടുക്കാനുള്ളതെല്ലാം എടുത്തുകൊണ്ടാണ് ഞങ്ങൾ പോന്നിരുന്നത്. കുടുംബാംഗങ്ങളും കുഞ്ഞുങ്ങളുമടക്കം ആളുകൾ അവിടെ വന്നു. ഒന്നൊന്നര മാസത്തോളം സുഖമായി വീടുംവെച്ച് താമസിക്കാൻ കഴിഞ്ഞു എന്നു വന്നപ്പോൾ, നേതാക്കന്മാർ പറഞ്ഞതനുസരിച്ച് സർക്കാരിന്റെ അനുമതിയോടെയാണ് താമസിക്കുന്നത് എന്നു ഞങ്ങൾക്ക് വിശ്വാസമായി. അങ്ങനെ ഇരിക്കുമ്പോഴാണ് പോലീസ് പെട്ടെന്ന് ഞങ്ങളുടെ നേരെ ചാടിവീണ് വെടിവയ്പ്പും ലാത്തിച്ചാർജ്ജുമെല്ലാം നടത്തിയത്. ഞങ്ങൾ ആയുധം എടുത്ത് ആക്രമിച്ചു എന്നു പറഞ്ഞാൽ, ഞങ്ങളെല്ലാം കുടിൽവെച്ചു താമസിച്ചപ്പോൾ അതിന്റെ ആവശ്യത്തിനായിട്ടു കൊണ്ടുവിന്നിട്ടുള്ള പിച്ചാത്തി, വെട്ടുകത്തി, കോടാലി എല്ലാംതന്നെ ഉണ്ടായിരുന്നു. പോലീസുകാർ വന്ന അവസ്ഥയിൽ ചിലർ മാത്രം അവരെ പ്രതിരോധിച്ചു. പോലീസിന്റെ വെടിയെയും ലാത്തിയെയും നേരിടാൻ ഞങ്ങളുടെ ഈ ആണുങ്ങളെക്കൊണ്ടാവുമോ? സാധിക്കുമായിരുന്നില്ല, ഈ നിലയില് ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചതനുസരിച്ച് ഞങ്ങൾ പോവുകയും ഒന്നൊന്നര മാസം അവിടെ താമസിക്കുകയും ചെയ്തപ്പോൾ ഞങ്ങൾക്ക് ഏറെ വിശ്വാസമായതിന്റെ അടിസ്ഥാനത്തിൽ അവിടെ കഴിഞ്ഞുകൂടിയതാണ്. എന്നാൽ പിന്നീട് ആക്രമണസംഭവവും പോലീസ് അതിന്റെ നേരെ നടത്തിയ മൃഗീയമായ വെടിവയ്പ്പും മർദ്ദനവും ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്ന പണംപോലും പോലീസുകാർ പിടിച്ചെടുത്തു. വീട്ടിലുണ്ടായിരുന്ന എല്ലാ കാശുമായിട്ടായിരുന്നു ഞങ്ങൾ പോന്നിരുന്നത്. 1,000 രൂപ 400 രൂപ 300 രൂപ 200 രൂപ എല്ലാംതന്നെ തങ്ങളുടെ കൈയിൽ നിന്നും പോലീസ് പിടിച്ചെടുത്തതായിട്ടും തടവുകാരായി കഴിയുന്ന സ്ത്രീകൾ എന്നോടു പറയുകയുണ്ടായി.

ഇത്തരം നീചമായിട്ടുള്ള നിലയിൽ സ്ത്രീകളടക്കമുള്ള ആദിവാസികളെ അക്രമിക്കാൻ തരത്തിലുള്ള ഒരു പ്രതികാരദാഹം എന്തിനാണ് ഗവണ്‍മെന്റ് വച്ചുപുലർത്തുതെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിയാത്തത്. ഇത് അവിടെ മാത്രമല്ല, കേരളത്തിന്റെ നാനാഭാഗത്തും ആദിവാസികൾ താമസിക്കുന്ന സ്ഥലത്ത് പോലീസ് പരതൽ നടത്തുന്നു. ആറളം സംഭവത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇവിടെ സൂചിപ്പിച്ചു. അവർക്ക് ഭൂമി കൊടുക്കാമെന്ന് 8 മാസങ്ങൾക്കുമുമ്പ് നിങ്ങൾതന്നെ അവരുടെ പ്രതിനിധികളെ വിളിച്ചുകൂട്ടി സംസാരിച്ചു. ആ വാഗ്ദാനം നിറവേറ്റാതിരുന്നതിനെ തുടർന്നാണല്ലോ അതിനെതിരെയൊരു സമരം നടത്തേണ്ടതായി വന്നത്. ആ സമരത്തിൽ ചില ആളുകൾ, അവരെ വഴിതെറ്റിക്കാൻ തക്ക നിലപാട് സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ അവർ തെറ്റിദ്ധരിക്കപ്പെട്ടു എന്നുള്ളത് സാമാന്യേന പ്രശ്‌നം പഠിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും. അതിനെതിരായിട്ടുള്ള ആളുകളെയും ഈ സാധാരണക്കാരായിട്ടുള്ള പാവപ്പെട്ട ഒരു സെന്റ് ഭൂമിക്ക് ദാഹിക്കുന്ന ആദിവാസികളെയും തമ്മിൽ ഒരുപോലെ കാണുന്ന സമീപനം ശരിയാണോ? അവരുടെ കുഞ്ഞുങ്ങൾ അവർക്കു നഷ്ടപ്പെട്ടു എന്നു പറഞ്ഞതു ശരിതന്നെയാണോ, യഥാർത്ഥത്തിൽ അവർ വിചാരിക്കുന്നതുപോലെ ആശുപത്രിയിലുണ്ടോ, മറ്റെവിടെയെങ്കിലും ഉണ്ടോ, അതോ നഷ്ടപ്പെട്ടതാണോ? ഇല്ലെങ്കിൽ പോലീസ് ചെയ്തത് എന്തെന്നു ചോദിച്ചപ്പോൾ പത്രപ്രവർത്തകരെയെല്ലാം മാറ്റി നിർത്തിയിട്ടു പിന്നീട് ഓപ്പറേഷൻ തുടർന്നത്, അതിന്റെയൊക്കെ ഫലമായി വളരെയധികം ആളുകൾ നഷ്ടപ്പെട്ടുകാണും. അതുകൊണ്ടാണ് ജുഡീഷ്യൽ എൻക്വയറി നടത്തണമെന്ന് ആവശ്യപ്പെടുന്നത്.


Related Articles