ദൈവമാകാൻ ഒരു സാധ്യതയുമില്ലാത്ത മനുഷ്യനാണ് തെയ്യം. ആർക്കും കീഴ്‌പ്പെടാത്ത അഭിമാനത്തിന്റെയും സഹജീവികളോടുള്ള കാരുണ്യത്തിന്റെയും ഭാഷയിലാണ്, ഇന്നലെകളിൽ ബലിയായ മനുഷ്യനെ തെയ്യമെന്ന അനുഭവിക്കാവുന്ന ദൈവീകാനുഭൂതിയിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത്. ജീവിച്ചിരിക്കുമ്പോൾ പെഴച്ചുപോയ പെരിയകളെല്ലാം ചേർന്ന് മനുഷ്യന് ചെന്നെത്താവുന്ന ദൈവവഴിയായി തെയ്യത്തിലൂടെ രൂപാന്തരപ്പെടുകയായിരുന്നു. ഉച്ചവാനിലുദിച്ചുനിൽക്കേ പൊലിഞ്ഞുപോകേണ്ടിവന്ന സൂര്യതേജസ്സാർന്ന വ്യക്തിത്വങ്ങളാണ് തെയ്യമെന്ന ചരിത്രസാക്ഷ്യമാകുന്നത്. മാങ്ങാട്ട്മന്നപ്പൻ, കൂടാളിത്തറയിൽ കുഞ്ഞിരാമൻ, കൊളച്ചേരി വിഷകണ്ഠൻ, പാലന്തായി കണ്ണൻ, കുമ്പള ആലിമാപ്പിള, അങ്ങനെയെത്രയെത്ര ഇരകളാണ് തെയ്യത്തിന്റെ കരം പിടിച്ച് ദൈവപഥത്തിലേക്കുയർന്നത്. അവമതിയുടെയും അവഗണനയുടെയും ഇരുൾക്കയങ്ങളിലേക്ക് ഗോത്രജനത അവരെ വലിച്ചെറിഞ്ഞില്ല. തങ്ങളുടെതന്നെ വിമോചനത്തിന്റെ പടപ്പാട്ടുകൾ കെട്ടി അവന്റെ സത്യങ്ങൾ ദുഃഖങ്ങൾ ഉച്ചത്തിലുച്ചത്തിൽ വിളിച്ചു പറഞ്ഞു. അവരെ അടക്കം ചെയ്ത മണ്ണിലുറഞ്ഞ ചായില്ല്യച്ചോര തൊട്ട് തെയ്യം മുഖത്തെഴുതി. ചോര പുരണ്ട കാണിമുണ്ട് ചുറ്റി. തലപ്പാളി കെട്ടി. കൊല ചെയ്യപ്പെട്ട വീര്യത്തിന് പിന്നെയും ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ടായിരുന്നു. അധികാരികൾ കൊത്തിക്കീറിയരിഞ്ഞില്ലാതാക്കിയവൻ ബാക്കി നിർത്തിയ സ്വപ്നമുണ്ടായിരുന്നു. എടക്ക്ന്ന് പറിച്ച് മാറ്റിയവർക്ക് ഏറെ പറയാനുണ്ടായിരുന്നു. ശത്രുക്കൾ പതിയിരുന്ന് അവസാനിപ്പിച്ചേടത്തുനിന്ന് ഇര വീണ്ടും തെയ്യത്തിലേക്കുയിർത്ത് ജീവിതപ്രയാണം തുടർന്നു. അവൻ ബാക്കി നിർത്തിയ സ്വപ്നങ്ങളെ, അവനെ അടക്കം ചെയ്ത പാതിയോ പള്ളിയറയോ സാക്ഷിയായി സമാനതകളില്ലാത്ത തെയ്യം അനുഷ്ഠാനത്തിന്റെ ശക്തിയിലൂടെ സാക്ഷാത്കരിച്ചു. പാതിയിൽ പടുതിരികത്തി കരിഞ്ഞുപോയ വാല്ല്യക്കാരുടെ ചോര കുതിർന്ന മണ്ണിൽ ചവുട്ടിയാണ് തെയ്യംതന്നെ കൈകൂപ്പുന്ന മനുഷ്യന്റെ സങ്കടങ്ങളിൽ മഞ്ഞൾക്കുറി തൊടുവിച്ച് കുളിർമ്മ പകരുന്നത്.
പാതിവഴിയിലൊടുങ്ങിപ്പോകുന്നവർക്കായി
ലോകാഭിരാമന്റെ ഒളിയമ്പേറ്റ് നെഞ്ച് പിളർന്ന ബാലിക്കുവേണ്ടിയും കണ്ണൂർ കാസർഗോഡ് ജില്ലയിൽ നിരവധി തെയ്യക്കാവുകളുണ്ട്. ബ്രാഹ്‌മണക്ഷേമം നടപ്പാക്കാനായി മാത്രം ഭൂമിയിലവതരിച്ച ക്ഷത്രിയനായ രാമായണനായകൻ വില്ലുകുലച്ച് വിജൃംഭിച്ച് നിൽക്കുമ്പോഴാണ് കീഴാളനായ തെയ്യക്കാരൻ തങ്ങൾക്കുവേണ്ടി മാത്രം തങ്ങളെപ്പോലെ കടുംയാതന അനുഭവിച്ച ഒരുവനെ തെയ്യമാക്കി ജീവിതത്തിലേക്കു കൈപിടിച്ച് നടത്തുന്നത്. ശ്രീരാമദൈവം സർവ്വപ്രതാപത്തോടെയും വാഴുന്ന രാമരാജ്യത്തിലാണ് ഉത്തരമലബാറിലെ സാധാരണക്കാരായ മനുഷ്യർ ബാലിദൈവത്തിന്റെ മഞ്ഞൾക്കുറിക്കായി കൈകൂപ്പി നിൽക്കുന്നത്. തങ്ങളുടെ മൂർദ്ധാവിൽ ഇരയാക്കപ്പെട്ട മനുഷ്യന്റെ ദൈവസ്പർശത്തിനായി കാത്തു നിൽക്കുന്നത്. അതിശയിക്കണ്ട, തെയ്യത്തിന്റെ കരുതലും കാരുണ്യവും അങ്ങനെയാണ്. രാമസ്തുതികൾ മാത്രം കണ്ടും കേട്ടും ശീലിച്ചവർക്ക് അത് തിരിയണമെന്നില്ല.
