മലയാള കഥാസാഹിത്യത്തിൽ സ്ത്രീപീഡനംപോലെ ഇത്രയേറെ കഥാവസ്തുവായ മറ്റൊരു പ്രമേയം ഉണ്ടാവാനിടയില്ല. തൊണ്ണൂറുകളുടെ പകുതിയോടെ സൂര്യനെല്ലി പീഡനക്കേസ് മുതൽ പീഡനകഥകളുടെ ഒരു മലവെള്ളപ്പാച്ചിലാണ് മലയാളത്തിലുണ്ടായിട്ടുള്ളത്. ഇക്കൂട്ടത്തിൽ കൈവിരലിലെണ്ണാവുന്ന ചില കഥകൾ മാറ്റിനിർത്തിയാൽ, ബാക്കിയത്രയും ഉത്തമ കലാസ്വാദകരെ സംബന്ധിച്ചിടത്തോളം അവ പ്രമേയമാക്കിയിട്ടുള്ള പീഡനങ്ങളെക്കാൾ എത്രയോ മടങ്ങ് ദുസ്സഹവും ഭീകരവുമായ കലാമാനഭംഗങ്ങളായാണ് അനുഭവപ്പെടുന്നത്. കഥയെഴുത്തിൽ പിച്ചവെക്കുന്നവർമുതൽ ലബ്ധപ്രതിഷ്ഠരായവർവരെ ഇമ്മട്ടിലുള്ള കലാബലാത്സംഗവും കൊലപാതകവും നടത്തിയിട്ടുണ്ട്, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
ഇതുകൊണ്ടൊക്കെത്തന്നെ ഞെട്ടിപ്പിക്കുന്ന ഓരോ പെൺപീഡനവാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴും എന്നിലെ കഥാകാരൻ പ്രതികരിക്കുവാൻ മടിച്ചുനിന്നു. ഒരു മനുഷ്യജീവി, ഒരു പുരുഷൻ എന്ന നിലകളിൽ ആ പീഡനവാർത്തകൾ കേൾക്കുമ്പോൾ വേദനിക്കുകയും ലജ്ജിക്കുകയും ചെയ്യുമ്പോഴും ചുറ്റിനും പുറത്തുവന്നുകൊണ്ടിരിക്കുന്ന പീഡനകഥാമാനഭംഗങ്ങൾക്കപ്പുറം കഥാകൃത്ത് എന്ന രീതിയിൽ പുതിയതായി എനിക്കൊന്നും ഈ വിഷയത്തെപ്പറ്റി പറയാനില്ല എന്നുതോന്നി. എന്റെ പേന ഒരു കഥയായി ഈ വേദനയും ലജ്ജയും ഏറ്റെടുക്കാൻ വിമുഖമായി നിന്നു.
