ഒരു (അ)മുസ്ലിം പേരിലെ സംഘർഷങ്ങൾ

Society

ഒരു (അ)മുസ്ലിം പേരിലെ സംഘർഷങ്ങൾ


‘എല്ലാ ആത്മകഥകളിലും രണ്ടക്ഷരംമാത്രം ഞാന്‍.’

പി.കെ. പാറക്കടവിന്റെ ഒരു മിനിക്കഥയാണ് മുകളിൽ ഉദ്ധരിച്ചത്. ഈ കഥയില്‍ എനിക്ക് എന്‍റെ സന്ദിഗ്ധതകള്‍ കാണാന്‍ കഴിയുന്നു. ഞാനില്ലാതെ എങ്ങനെ എനിക്ക് എന്‍റെ ലോകം ഉണ്ടാവും? എന്‍റെ ലോകം എന്‍റെമാത്രം ജീവിത പരിസരവുമല്ല. എന്‍റെ ജനനത്തിന് ഉത്തരവാദിയായവരുടെ, എന്നെ വളര്‍ത്തിയവരുടെ, പരിഹസിച്ചവരുടെ, സ്നേഹിച്ചവരുടെ, വെറുത്തവരുടെ, വേദനിപ്പിച്ചവരുടെ, സന്തോഷിപ്പിച്ചവരുടെ, കൂടെനിന്നവരുടെ, അയല്‍വാസികളുടെ, ഒന്നിച്ചു പഠിച്ചവരുടെ, ഒന്നിച്ചു ജോലി ചെയ്തവരുടെ, പിന്തുണച്ചവരുടെ അങ്ങനെ പലവിധത്തില്‍ ഒരുമിച്ചോ ഭിന്നിച്ചോ നിന്നവരുടെയെല്ലാം ലോകവുംകൂടിയാണ് എന്‍റെ ലോകം. ഒരാള്‍ തിരിഞ്ഞുനോക്കുമ്പോഴാണ് കടന്നുപോയ ജീവിതം അടയാളപ്പെടുത്തണമെന്ന് തോന്നുക. അങ്ങനെ തിരിഞ്ഞുനോക്കാന്‍ സമയമായെന്ന് തോന്നുക മുന്നോട്ട് അധികമൊന്നും യാത്രയില്ലെന്ന് തോന്നുമ്പോഴാണ്. ആ നോട്ടത്തില്‍ ഞാനല്ലാതെ എന്തെല്ലാം കൂടെ ഉണ്ടാക്കാന്‍ കഴിയുമെന്നു ചിന്തിച്ച് നോക്കിയപ്പോള്‍ എന്നെ എഴുതേണ്ടത് എന്നിലൂടെത്തന്നെയാവണമെന്ന് എനിക്കു തോന്നുന്നു. ഞാന്‍ എന്നത് എനിക്ക് എപ്പോഴും ഒരു വിസ്മയമാണ്. എന്‍റെ യാതൊരു തീരുമാനവുമില്ലാതെ ഈ ലോകത്തില്‍ എറിയപ്പെട്ട എനിക്ക് ഞാന്‍ ഒരു യാഥാര്‍ഥ്യവും സങ്കല്പവും സ്വപ്നവും അത്ഭുതവുമാണ്. അതിനാല്‍ എന്‍റെ കഥയില്‍ ഞാന്‍ ഉണ്ടാവാതെ നിര്‍വാഹമില്ല. പാറക്കടവ് പറഞ്ഞ രണ്ടക്ഷരത്തിന് ഒപ്പം കറങ്ങുന്ന അനന്തമായ ഒരു പ്രപഞ്ചവും കാണും.

ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ദാര്‍ശനികനായ സാര്‍ത്രയെ (Sartre) പോലെ തിരിഞ്ഞുനോക്കുമ്പോള്‍ വെറുക്കേണ്ട ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നില്ല. ലൂയി ആല്‍ത്തുസ്സരെപ്പോലെ കുട്ടിക്കാലത്തെ സമ്മർദ്ദത്തിലാക്കിയ ഒരു അമ്മയും ആയിരുന്നില്ല എന്‍റെ ഉമ്മ. കേരളീയ സംസ്കാരത്തില്‍ അന്തര്‍ഭവിച്ച ആശയാധികാരത്തെ ചോദ്യംചെയ്ത കെ.കെ. കൊച്ചിനെയോ, ഡോ. കുഞ്ഞാമനെയോപോലെ പരമദരിദ്രമായ ഒരു കുട്ടിക്കാലവും എനിക്കോര്‍ക്കാനായിട്ടില്ല. എങ്കിലും എനിക്കു പറയാനുള്ള ചില കാര്യങ്ങള്‍ എന്‍റെ പേരുപോലെ എന്‍റേതുമാത്രമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എനിക്ക് എന്നും ഓർക്കാനുള്ളത് എന്‍റെ പേരുതന്നെയാണ്.


Related Articles