നേർക്കുനേർ നിൽക്കുകയാണെങ്കിൽ വൈരുദ്ധ്യങ്ങൾമാത്രം പ്രകടിപ്പിക്കുന്ന മൂന്നു ധാരകളാണ് മാർക്‌സ്, ഗാന്ധി, അംബേദ്കർ എന്നുള്ളത്. മാത്രവുമല്ല മാർക്‌സ് ജീവിച്ചിരുന്നതും അപഗ്രഥനവിധേയമാക്കിയതുമായ ഒരു സാമൂഹിക-ചരിത്ര സന്ദർഭവും ഗാന്ധിയിൽനിന്നും അംബേദ്കറിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അതുപോലെതന്നെ ജ്ഞാനശാസ്ത്രപരമായും ഭവശാസ്ത്രപരമായും വ്യത്യസ്ത രീതി പദ്ധതികൾ ഈ ധാരകൾക്കുണ്ടെന്നുതന്നെ പറയാം. വർത്തമാനകാല സന്ദർഭത്തിൽനിന്ന് തിരിഞ്ഞുനോക്കുമ്പോൾ ഒരുപക്ഷേ, ചില സമാനതകൾ പൊതുവേ ഇവരിൽ നമുക്കു കാണാൻപറ്റും. എറ്റിൻ ബാലിബറുടെ (Etienne Balibar) 'ഗാന്ധിയും ലെനിനും' (Gandhi and Lenin) എന്ന വളരെ പ്രസിദ്ധമായ പ്രബന്ധത്തിൽ അദ്ദേഹം ഗാന്ധിയെ വിശേഷിപ്പിക്കുന്നത് -- 'വിപ്ലവകാരിയായ സൈദ്ധാന്തികനും പ്രയോഗവാദിയും' (Revolutionary theorist practitioner)എന്നാണ്. ചിന്തയുടെ ചരിത്രത്തിൽ എവിടെയെങ്കിലും ഘനീഭവിച്ചു വയ്ക്കുന്നതിനെക്കാൾ വ്യത്യസ്തമായിട്ട് ചിന്തയെത്തന്നെ വിപ്ലവമാക്കിയ ഒരാളായിട്ടാണ് ഗാന്ധിയെ അദ്ദേഹം അവതരിപ്പിക്കുന്നത്. സമാനമായ രീതിയിൽതന്നെ അംബേദ്കറെയും മാർക്‌സിനെയും നമുക്കു കാണാൻ പറ്റുമെന്നു തോന്നുന്നു. ഇവർക്കുള്ള മറ്റൊരു സമാനത ഇവർ ഒരു ഉട്ടോപ്യയെക്കുറിച്ച് സംസാരിച്ചിരുന്നു എന്നുള്ളതായിരുന്നു. പ്രധാനമായിട്ടും അത് യൂറോപ്യൻ പ്രബുദ്ധത നിർമ്മിച്ചെടുത്ത ആധുനികതയുടെ ഒരു സവിശേഷമായ മാനവികമൂല്യങ്ങൾ, അതിന്റെ ഏറ്റവും മൂർത്തമായ അവസ്ഥയിലെത്തുന്ന ഒരു ലോകത്തെക്കുറിച്ചാണ് ഇവർ സ്വപ്‌നം കണ്ടിരുന്നത്. മൂന്നു വ്യത്യസ്ത സങ്കല്പനങ്ങളാണ് ഇവർ ഉപയോഗിച്ചിരുന്നത്. എന്നിരുന്നാൽത്തന്നെയും അന്യവത്കരിക്കപ്പെടാത്ത (Alienation)ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്‌നം ഇവർ പങ്കുവെച്ചിരുന്നു. ഈ സ്വപ്‌നത്തിൽ നിന്നുകൊണ്ട് നാം നേരിടുന്ന ഇന്നത്തെ ഏറ്റവും വലിയ ഒരു രാഷ്ട്രീയ പ്രതിസന്ധിയെ നേരിടാനുള്ള ഊർജ്ജമായി ഇവരെ മാറ്റാൻ പറ്റുമോയെന്നൊരു ആലോചന തുടങ്ങാൻ ഒരുപക്ഷേ, ഈയൊരു സംവാദത്തിനു കഴിയുമെന്ന് എനിക്ക് തോന്നുന്നു. (റഫീഖ് ഇബ്രാഹിം)
ഡോ. ഷിജു സാം വർഗീസ്: മൂന്ന് ആശയങ്ങളും ഇന്ത്യയുടെ ഭൗതികചരിത്രത്തിൽതന്നെ വളരെ നിർണ്ണായകമായിട്ടുള്ള ഇടപെടലുകൾ നടത്തിയിട്ടുള്ളതാണ്. മാർക്‌സിൽ അത് നേരിട്ടു നടത്തിയതായല്ല ഞാൻ ഉദ്ദേശിക്കുന്നത്. മറിച്ച് ഇതു മാർക്‌സ് ഉത്പാദിപ്പിച്ചിട്ടുള്ള അനേകം ചിന്തകന്മാരുടെ നീണ്ട നിരയും അതിൽ അധിഷ്ഠിതമായ രാഷ്ട്രീയ ഇടപെടലുകളുമാണ്. ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽക്കുതന്നെ ഇന്ത്യയിൽ കാര്യമായി നടക്കുന്നത് നമുക്കു കാണുവാൻ സാധിക്കും. ഗാന്ധിയും അംബേദ്കറുമൊക്കെ അതുപോലെതന്നെ ദേശീയ സമരത്തിന്റെയൊക്കെ പശ്ചാത്തലത്തിൽ വളരെ കാര്യമായ രീതിയിൽ ചിന്താപരമായ ഇടപെടലുകൾ നടത്തിയിട്ടുള്ള വ്യക്തികൾതന്നെയാണ്. അതുകൊണ്ട് നമുക്കീ മൂന്നു ചിന്തകരെയും ഇന്ത്യയുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കുന്നതിലേക്കുള്ള ധാരാളം സാധ്യതകൾ നമ്മുടെ മുമ്പിൽ നിലനിൽക്കുന്നുണ്ട്. ഇന്ത്യയുടെ സാഹചര്യത്തിൽ ഗാന്ധിയിലേക്കും അംബേദ്കറിലേക്കും നോക്കുമ്പോൾ ഇവർ തമ്മിൽ ചിന്താപരവും രാഷ്ട്രീയപരവുമായി നടത്തപ്പെട്ടിട്ടുള്ള ഇടപെടലുകൾ നമ്മുടെ ദേശീയ സമരത്തിന്റെ ഭാഗമാണ്. അതുപോലെതന്നെ പൂനപാക്റ്റ്, തൊട്ടുകൂടായ്മ മുതലായ വിഷയങ്ങൡലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇന്നു ലേഖനരൂപത്തിലും പുസ്തകരൂപത്തിലുമൊക്കെ നമ്മുടെ മുമ്പിൽ ഉണ്ട്.
