ഇങ്ങനെയൊക്കെയാണ് മാർക്‌സിസം കാലഹരണപ്പെടുന്നത്

Society

ഇങ്ങനെയൊക്കെയാണ് മാർക്‌സിസം കാലഹരണപ്പെടുന്നത്


''സാംസ്‌കാരികമണ്ഡലം, സാമ്പത്തികമണ്ഡലം എന്ന വിഭജനം വലിയൊരളവിൽ അസാധ്യമാക്കുന്ന വിധത്തിൽ സാംസ്‌കാരികമണ്ഡലത്തിന്റെ സ്വഭാവം മാറി. ഇതു വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ്. ഇന്ന് സാംസ്‌കാരികമണ്ഡലം എന്നു വിളിക്കുന്നതുതന്നെ പഴയ സാമ്പത്തികമണ്ഡലംപോലെ ഒന്നിനെയാണ്. ഒരു ഉദാഹരണം പറഞ്ഞാൽ, ടൈറ്റാനിക് എന്ന സിനിമയുടെ ലോകവ്യാപകമായ വിറ്റുവരവ് 8000 കോടി ഡോളറിനടുത്താണ്. 8000 കോടി ഡോളറെന്നാൽ അതിന്റെ ഇന്ത്യൻമൂല്യം 4 ലക്ഷം കോടി രൂപയ്ക്കു മുകളിൽ വരും. ഒരു സിനിമയുടെ വിനിമയമൂല്യമാണിത്! ലോകത്തെ 190-ഓളം രാജ്യങ്ങളിൽ, എത്ര രാജ്യങ്ങൾക്ക് ഇതിനേക്കാൾ കവിഞ്ഞ വാർഷികബഡ്ജറ്റ് ഉണ്ട് എന്ന് നിങ്ങൾ തിരക്കിനോക്കണം. ഇതിനുശേഷവും, നിങ്ങൾക്കു സംസ്‌കാരം മേൽപ്പുരയാണ്, സാമ്പത്തികപ്രവർത്തനമാണ് അടിത്തറ എന്നു പറയാൻ പറ്റില്ല.'' (സുനിൽ പി. ഇളയിടം/2012 ആഗസ്റ്റ്19)1

മുതലാളിത്തത്തിന്റെ ആദ്യ ബഹുരാഷ്ട്രഭൂപടം വരച്ച വ്യക്തി മാർക്‌സാണ്; സംശയമില്ല. അദ്ദേഹം സ്മിത്തിനെയും ഹെഗലിനെയും അപനിർമ്മിച്ചു. അതുവഴി, സ്വാതന്ത്ര്യത്തിന്റെ ബോധമണ്ഡലത്തിൽ സ്വകാര്യസ്വത്തിന്റെ ഗതിവിഗതികൾക്ക് അതിർത്തിയും ചില മാനദണ്ഡങ്ങളും നിശ്ചയിച്ചു. പിന്നീടുവന്ന മാർക്‌സിയൻ ചിന്തകർക്ക് മാർക്‌സിനെ അപഹരിക്കാനല്ലാതെ പരിഹരിക്കാൻ കഴിഞ്ഞില്ല എന്നത് മാർക്‌സിസത്തിന്റെ പരിമിതിയോ ബഹുമതിയോ ഒക്കെയായി പലരും വീക്ഷിച്ചുവരുന്നുമുണ്ട്.

വ്യക്തിജീവിതത്തിൽ മാർക്‌സു പുലർത്തിയ നിസ്സംഗത, സാമൂഹികജീവിതത്തിൽ അദ്ദേഹത്തിനു വലിയ ഇടം നല്കി. ഒക്‌ടോബർവിപ്ലവം സൃഷ്ടിച്ച തരംഗങ്ങൾ മാത്രമല്ല; പരാജയപ്പെട്ടതും പരാജയപ്പെടുമെന്ന് ഉറപ്പുള്ളതുമായ അനേകം വിപ്ലവങ്ങൾ ചേർന്നാണ് മാർക്‌സിസത്തെ പ്രയോഗതലത്തിൽ ഇത്രനാളും രൂപകല്പന ചെയ്തത്. ശിഥിലമാണ് ഇപ്പോഴും അതിന്റെ ആകാരം. അതു നല്കുന്ന മാനസികാവസ്ഥയാകട്ടെ, പലപ്പോഴും വ്യക്തിജീവിതത്തിൽ എല്ലാം കടിച്ചമർത്തുന്ന നിസ്സംഗനാവാൻ വിപ്ലവകാരിയെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പ്രത്യയശാസ്ത്രാവബോധത്തിൽ മുതലാളിത്തത്തോടു സമരംചെയ്യാൻ വിധിക്കപ്പെട്ട മാർക്‌സിസം, ബൂർഷ്വാഭരണകൂടത്തിന്റെ പ്രയോഗതലത്തിൽ മുതലാളിത്തത്തെ ചിലപ്പോൾ ആശ്ലേഷിക്കുന്നുമുണ്ട്. എന്തുകൊണ്ടാണ് ഈ വൈരുദ്ധ്യമെന്നത് മാർക്‌സിസത്തെ കാല്പനികമായി വിശദീകരിക്കുന്നവർക്ക് മനസ്സിലാക്കിത്തരാൻ കഴിയാത്ത യാഥാർത്ഥ്യമാണ്.


Related Articles