1987-ൽ കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണി അധികാരത്തിൽവന്നത് വലിയ അദ്ഭുതംതന്നെ സൃഷ്ടിച്ചു. ഫലം പുറത്തുവന്ന ദിവസം അതിനെ വിലയിരുത്തിക്കൊണ്ട് കെ.ആർ. ചുമ്മാർ മലയാളമനോരമയിൽ എഴുതിയത്, 'വിജയത്തേപ്പോലെ വിജയിക്കുന്നതായി മറ്റൊന്നുമില്ലെ'ന്ന ആമുഖവാചകത്തോടെയാണ്. ആ വാചകത്തിൽ ഒരുപാട് കാര്യങ്ങൾ അന്തർലീനമായിട്ടുണ്ടായിരുന്നു.
ഇടതുപക്ഷജനാധിപത്യമുന്നണിയിൽ കുറെക്കാലമായി ഉണ്ടായിരുന്ന അഖിലേന്ത്യാ ലീഗ് അതിന്റെ മാതൃപേടകത്തിലേക്ക് തിരിച്ചുപോകാൻ നിർബദ്ധമായതും അതോടെ യു.ഡി.എഫ്. ഒന്നുകൂടി ശക്തമായതും ആയിടെയാണ്. മുസ്‌ലിംലീഗുമായി ബന്ധംവേണമെന്ന് വാദിക്കുകയും പാർട്ടിക്കകത്ത് അതിന് പിന്തുണ തേടുകയുംചെയ്ത എം.വി. രാഘവന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ സി.പി.എം. പുറത്താക്കുകയും പുറത്താക്കപ്പെട്ടവർ സി.എം.പി. എന്ന ഒരു പാർട്ടി രൂപവൽക്കരിച്ച് യു.ഡി.എഫിന്റെ ഭാഗമാവുകയും ചെയ്തിരുന്നു. ക്രൈസ്തവസഭകളുടെ പിൻബലവും മുൻബലവുമുള്ള പ്രബല കേരളാ കോൺഗ്രസ് ഗ്രൂപ്പുകളെല്ലാം യു. ഡി. എഫ് ഭാഗത്ത്. മലയാളമനോരമയും മാതൃഭൂമിയുമടക്കമുള്ള പത്രങ്ങളുടെ നൂറുശതമാനത്തിലും കടക്കുന്ന പിന്തുണ യു.ഡി.എഫിന്. ആ കുന്തമുനകൾ കൂർപ്പിച്ച് പ്രയോഗിക്കുന്നതിൽ അസാമാന്യ വൈഭവവും പാടവവുമുള്ള കെ.ആർ. ചുമ്മാറടക്കമുള്ള പത്രപ്രവർത്തകർ. അങ്ങനെയുള്ള ഘട്ടത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ബഹുശാഖിയായ ശക്തിയുള്ള യു.ഡി.എഫിനെ പരാജയപ്പെടുത്തി ഭരണത്തിലെത്തുന്നത്. യു.ഡി.എഫിന്റെ പ്രചാരണത്തലവനെപ്പോലെ പ്രവർത്തിച്ച ചുമ്മാർ എൽ.ഡി.എഫിന്റെ വിജയത്തെയും ക്രമാനുഗതമായി വിമർശിക്കുകയെന്ന ലക്ഷ്യത്തോടെ കണ്ടെത്തിയതാവാം പ്രസിദ്ധമായ ആ ഇൻട്രോ.
