ഞങ്ങൾ നട്ട മതേതര മരങ്ങൾ

Society

ഞങ്ങൾ നട്ട മതേതര മരങ്ങൾ


2015 ഡിസംബറിൽ തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ചിലിയിൽനിന്നുള്ള 'ക്ലബ്ബ്' എന്ന സിനിമ പ്രദർശിപ്പിച്ചത്. ക്രൈസ്തവ പൗരോഹിത്യത്തിന്റെ മലിനമുഖം കാട്ടിത്തരുന്നതായിരുന്നു ആ സ്പാനിഷ് ചിത്രം. സിനിമ കഴിഞ്ഞ് അടുത്ത സിനിമയ്ക്ക് ക്യൂ നിൽക്കുമ്പോഴും ക്ലബ്ബിലെ സ്‌നേഹരഹിതമായ രംഗങ്ങൾ മനസ്സിലുണ്ടായിരുന്നു. സിനിമ കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് അവസാനിച്ച ഒരു കേരളയാത്രയുടെ വാർത്ത ശ്രദ്ധിച്ചത്. നായാടിമുതൽ നമ്പൂതിരിവരെ എന്ന വാചകമേളയോടെ കേരളത്തിലെ കുറെ ജാതി പ്രതിനിധികളെ മുൻനിർത്തി നടത്തിയ യാത്രയായിരുന്നു അത്. അവിവേക വർത്തമാനങ്ങളും മതാതീത കേരളത്തെ താറടിക്കുന്ന പ്രസംഗങ്ങളുംകൊണ്ട് ശ്രദ്ധേയമായിരുന്നു ആ അത്യാർഭാടയാത്ര.

ഈ യാത്രയ്ക്കു നേതൃത്വം നൽകിയത് ശ്രീനാരായണ ധർമ്മപരിപാലനയോഗത്തിന്റെ സെക്രട്ടറിതന്നെയായിരുന്നു. ചരിത്രം അപമാനിക്കപ്പെടുന്നത് അവിടെ കേരളം കണ്ടു. ജാതിയും മതത്തിനും അതീതമായി ചിന്തിക്കുകയും മനുഷ്യസ്‌നേഹത്തെ യുക്തിഭദ്രതയുടെ സൂര്യതേജസ്സോടെ കുടിയിരുത്തുകയും ചെയ്ത മഹാകവി കുമാരനാശാൻ, സി.വി. കുഞ്ഞിരാമൻ, സി. കേശവൻ തുടങ്ങിയവരായിരുന്നല്ലോ ശ്രീനാരായണ ധർമ്മപരിപാലന യോഗത്തെ നേരത്തെ നയിച്ചിരുന്നത്. അവരുടെ ചിന്തകൾക്കു വിരുദ്ധമായി ജാതീയതയെ അരക്കിട്ടുറപ്പിക്കുവാനുള്ള ആഹ്വാനങ്ങളാണ് പുതിയ യാത്രയിൽ മുഴങ്ങിക്കേട്ടത്.

കേരളം നിരവധി യാത്രകൾ കണ്ടിട്ടുണ്ട്. എ.കെ.ജി.യുടെ പട്ടിണിയാത്ര. വി.ടി. ഭട്ടതിരിപ്പാടിന്റെ യാചന യാത്ര, കെ.പി.സി.സി. പ്രസിഡന്റ് ടി.ഒ. ബാവ നടത്തിയ യാത്ര... ഇവയൊക്കെ പദയാത്രകൾതന്നെയായിരുന്നു. പിന്നെയുമുണ്ടായല്ലോ യാത്രകൾ. യു. കലാനാഥൻ നയിച്ച യാത്ര, ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥകൾ, എ.ഐ.വൈ.എഫിന്റെ വനിതാവിഭാഗം നടത്തിയ പദയാത്ര, ഡി.വൈ.എഫ്.ഐ.യുടെ സെക്കുലർ മാർച്ച് ഇങ്ങനെ എത്രയെത്ര യാത്രകൾ കേരളം കണ്ടു. ഈ യാത്രകളിലൊന്നുംതന്നെ ജാതീയതയിലേക്ക് തിരിച്ചുപോകണം എന്ന ആഹ്വാനം ഇല്ലായിരുന്നു.


Related Articles